റെഡ്‌ ക്രസന്‍റുമായുളള കരാര്‍ അംഗീകരിച്ചത്‌ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ശിവശങ്കറിന്‍റെ കുറിപ്പിന്‍റെ അടിസ്ഥാനത്തിലെന്ന് തദ്ദേശ ഭരണ സെക്രട്ടറി ടികെ ജോസ്


തിരുവനന്തപുരം: ലൈഫ്‌ മിഷന്‍ പദ്ധതിക്കുവേണ്ടി റെഡ്‌ ക്രസന്‍റുമായി കരാര്‍ അംഗീകരിച്ചത്‌ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിന്‍റെ കുറിപ്പിന്‍റെ അടിസ്ഥാനത്തിലെന്ന്‌ തദ്ദേശഭരണ സെക്രട്ടറി ടി.കെ.ജോസ്‌ പറഞ്ഞു. 24 മണിക്കൂറിനുളളില്‍ പരിശോധിച്ച്‌ നല്‍കണമെന്ന നിര്‍ദ്ദേശവുമായി കുറിപ്പും കാരാറും കൊടുത്തു വിടുകയായിരുന്നു.

2019 ജൂലൈ 10 നാണ്‌ ഈ സംഭവം അരങ്ങേറിയത്‌. അതായത്‌ കരാര്‍ ഒപ്പിടുന്നതിന്‌ തൊട്ട്‌ തലേന്നാണ്‌ ടികെ ജോസിന്‍റെ മുമ്പില്‍ ഫയലെത്തുന്നത്‌. ഒരു ദിവസത്തിനകം നിയമ വകുപ്പിനെക്കൊണ്ട്‌ പരിശോധിപ്പിച്ച്‌ നല്‍കണമെന്നായിരുന്നു നിര്‍ദ്ദേശം. ഇതേതുടര്‍ന്ന്‌ സെക്ഷന്‍ വഴി ഫയല്‍ അയക്കാതെ ജൂലൈ 11ന്‌ അഡീഷണല്‍ ചീഫ്‌ സെക്രട്ടറിക്ക്‌ ഫയല്‍ കൈമാറുകയും അന്ന്‌ ഉച്ചയോടെ തന്നെ നിയമ സെക്രട്ടറി ഫയല്‍ മടക്കുകയും ചെയ്‌തു. എന്നാല്‍ കരാര്‍ ഒപ്പിടും മുമ്പ്‌ നയപരമായ തീരുമാനം വേണമെന്ന്‌ നിയമ സെക്രട്ടറി ഫയലില്‍ കുറിച്ചിരുന്നു. ഇതിനുശേഷമാണ്‌ റെഡ്‌ക്രസന്‍റുമായി കരാര്‍ ഒപ്പിടുന്നത്‌.

മുഖ്യമന്ത്രിയുടെ യുഎഇ സന്ദര്‍ശനവേളയില്‍ ഉണ്ടാക്കിയ ധാരണയിലാണ്‌ റെഡ്‌ക്രസന്‍റ് കേരളത്തിലെ വീടില്ലാത്തവര്‍ക്ക്‌ വീട്‌ വയ്‌ക്കാന്‍ ധനസഹായം നല്‍കാന്‍ സന്നദ്ധത പ്രകടിപ്പിച്ചത്‌. യുഎഇ രാജകുടുംബമാണ്‌ കരാറില്‍ ഒപ്പിട്ടത്‌.

സ്വര്‍ണ്ണ കടത്തുകേസില്‍ അറസ്റ്റിലായ സ്വപ്‌ന സുരേഷിന്‍റെ ലോക്കറില്‍ നിന്ന്‌‌ കണ്ടെടുത്ത ഒരുകോടി രൂപ റെഡ്‌ ക്രസന്‍റുമായി ഉണ്ടാക്കിയ ധാരണയുടെ കമ്മീഷന്‍ ആണെന്ന്‌ കണ്ടെത്തിയിരുന്നു. ഇതേതുടര്‍ന്നാണ്‌ ലൈഫ്‌മിഷന്‍ പദ്ധതിക്കായി റെഡ്‌ ക്രസന്‍റുമായി ഉണ്ടാക്കിയ കരാറിന്‍റെ സൂത്രധാരകന്‍ ആരാണെന്ന അന്വേഷണം വന്നത്‌

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →