കൊവിഡ് 19ന് കാരണമായ സാര്‍സ് കോവ് -2 വൈറസിന്റെ എല്‍ സ്‌ട്രെയിന്‍ അപ്രത്യക്ഷമായി തുടങ്ങിയെന്ന് ഗവേഷകര്‍

ഹൈദരാബാദ്: കൊവിഡ് 19 വൈറസ് ബാധയ്ക്ക് കാരണമായ സാര്‍സ് കോവ് -2 വൈറസിന്റെ എല്‍ സ്‌ട്രെയിന്‍ അപ്രത്യക്ഷമായി തുടങ്ങിയെന്ന് പഠനം. ആശ്വസകരമായ വാര്‍ത്തയാണെങ്കിലും എല്‍ സ്‌ട്രൈയിന്‍ വൈറസ് രൂപം മാറ്റം വന്ന് ശക്തിയാര്‍ജിച്ചിട്ടുള്ള നിലയിലാണ് ഇന്ന് പല രാജ്യങ്ങളിലും പടര്‍ന്നു പിടിച്ചുകൊണ്ടിരിക്കുന്നത്. അതിനാല്‍ തന്നെ നിലവിലുള്ള എല്ലാ സ്‌ട്രൈയിന്‍ വൈറസുകളും അപ്രത്യക്ഷമായാല്‍ മാത്രമേ വൈറസ് മുക്തം എന്ന് പറയാന്‍ സാധിക്കു. ഫ്രോണ്ടിയേഴ്‌സ് ഓഫ് മൈക്രോബയോളജി ജേണലില്‍ പ്രസിദ്ധീകരിച്ച പഠനപ്രകാരം 48,653 ജീനുകളുടെ പരിശോധനയ്ക്ക് ശേഷമാണ് ഗവേഷകര്‍ ഈ നിഗമനത്തിലെത്തിയതെന്ന് വ്യക്തമാക്കുന്നുണ്ട്.

വുഹാനില്‍ നിന്നുള്ള എല്‍ സ്ട്രെയിന്‍ 2019 ഡിസംബറിലാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഇതിന് ജനിതക മാറ്റം സംഭവിച്ച് രൂപപ്പെട്ട ജി സ്‌ട്രെയിന്‍ 2020ന്റെ തുടക്കത്തില്‍ വിവിധ ഭൂഖണ്ഡങ്ങളിലേക്ക് വ്യാപിക്കുകയായിരുന്നു. ജനുവരി പകുതി ആയപ്പോഴെക്കും വി. ജി സ്‌ട്രേയിനുകളുണ്ടായി. കൂടുതല്‍ ശക്തിയുള്ള വൈറസുകളായിരുന്നു ഇവ. ഇതില്‍ ജി സ്‌ട്രൈയിനാണ് ഇന്ത്യ അടക്കമുള്ള രാജ്യങ്ങളിലുള്ളത്. അവ ശക്തിയാര്‍ജിച്ച് ജി എച്ച്, ജി ആര്‍ എന്നിവയായി ഫെബ്രുവരിയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. സെന്റര്‍ ഫോര്‍ സെല്ലുലാര്‍ ആന്റ് മോളിക്യുലര്‍ ബയോളജി (സിസിഎംബി) പഠനം അനുസരിച്ച് ക്ലേഡ് എ 3 ഐ യും ഇന്ത്യയില്‍ വളരെ വൈറലാണെന്ന് കണ്ടെത്തിയിട്ടുണ്ട്. മഹാരാഷ്ട്ര, തമിഴ്നാട്, ദില്ലി എന്നിവിടങ്ങളിലും തെലങ്കാനയുടെ ചില ഭാഗങ്ങളിലാണ് ഇവ കണ്ടെത്തിയത്.

അതേസമയം, കൊറോണ വൈറസിന്റെ ഭീകരമായ മുഖം ലോകം തിരിച്ചറിയുന്നത് 2002ല്‍ പൊട്ടിപ്പുറപ്പെട്ട സാര്‍സ് വൈറസ് ബാധയിലൂടെയാണ്. ചൈനയില്‍നിന്നുതന്നെ വസന്തകാലത്താണ് സാര്‍സ് കോവിനെ കണ്ടെത്തിയത്. മാംസവില്‍പ്പനശാലകളില്‍ വിറ്റിരുന്ന ജന്തുക്കളില്‍നിന്ന് മനുഷ്യനിലേക്ക് കടന്ന വൈറസ് മറ്റ് രാജ്യങ്ങളിലേക്ക് പടര്‍ന്നുപിടിക്കുകയും ഏതാണ്ട് എണ്ണായിരത്തോളം പേരെ ബാധിക്കുകയും ചെയ്തു. 10ശതമാനം മരണനിരക്ക് രേഖപ്പെടുത്തപ്പെട്ട സാര്‍സ് ഒരു വര്‍ഷത്തിനുള്ളില്‍ത്തന്നെ ലോകത്തുനിന്ന് നീക്കപ്പെട്ടു.

പത്തുവര്‍ഷത്തിനുശേഷം 2012ല്‍ വീണ്ടും മെര്‍സ് (എംഇആര്‍എസ്) എന്ന പകര്‍ച്ചവ്യാധി അറേബ്യന്‍ മേഖലയില്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതിന് കാരണമായ കൊറോണ വൈറസാണ് മെര്‍സ് കോവ്. 27 രാജ്യങ്ങളിലേക്ക് മെര്‍സ് കോവ് പടര്‍ന്നുപിടിക്കുകയും ഏഴ് വര്‍ഷത്തോളം ലോകത്ത് ഇത് നിലനില്‍ക്കുകയും ചെയ്തു. ഈ രണ്ട് വൈറസ് ബാധയിലും മരണനിരക്ക് കൂടുതലായിരുന്നു എങ്കിലും വ്യാപന നിരക്ക് വളരെ കുറവായിരുന്നു. 2002ലെ സാര്‍സ് കോവിനും 2012ലെ മെര്‍സ് കോവിനുംശേഷം ഇപ്പോഴാണ് കൊറോണ വൈറസുകള്‍ തങ്ങളുടെ പ്രഹരണശേഷി പുതിയ കോവിഡ്-19ന്റെ രൂപത്തില്‍ പ്രത്യക്ഷപ്പെടുത്തിയത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →