പൊന്തന്‍പുഴ: പൊന്തന്‍പുഴ വനക്കേസ് തോറ്റു കൊടുക്കുന്നതും, ജനങ്ങളുടെ ഭൂമി അനധികൃതമായി പിടിച്ചുവച്ചിരിക്കുന്നതും, ആരബിള്‍ ഭൂമി വിവാദത്തിന്‍റെയും പൂര്‍ണ്ണ ഉത്തരവാദി വനംവകുപ്പ് പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്റര്‍ ബെന്നിച്ചന്‍ തോമസ് ആണെന്ന് പൊന്തന്‍പുഴ സമരസമിതി കണ്‍വീനര്‍ രാജേഷ് ഡി നായര്‍.
1991ലെ റീസര്‍വ്വേയുടെ അടിസ്ഥാനത്തിലും 2019 ല്‍ സര്‍ക്കാര്‍ നിര്‍ദ്ദേശ പ്രകാരം നടത്തിയ സംയുക്ത സര്‍വ്വേ പ്രകാരവും റാന്നി ചേത്തക്കല്‍ വില്ലേജിലെ 3430.69 ഏക്കര്‍ സ്ഥലം വനപരിധിക്ക് പുറത്താണെന്ന് വ്യക്തമായിരുന്നു. എന്നിട്ടും ഈ ഭൂമി വനത്തിലാണെന്ന് സ്ഥാപിക്കാനായി 1910 ലെ കാലഹരണപ്പെട്ട ഒരു സെറ്റില്‍മെന്‍റ് രേഖയുമായി എത്തുകയായിരുന്നു ബെന്നിച്ചന്‍ തോമസ്. കൊല്ലം ദക്ഷിണമേഖലാ സിസിഎഫും റാന്നി ഡിഎഫ്ഒ യും ഈ സെറ്റില്‍മെന്‍റ് രേഖയെ ആധാരമാക്കി ഉത്തരവിറക്കിയതും ബെന്നിച്ചന്‍തോമസിന്‍റെ നിര്‍ദ്ദേശ പ്രകാരമായിരുന്നു.
1970 ലെ ആരബിള്‍ വനഭൂമി പതിച്ചുനല്‍കല്‍ ആക്ടുപ്രകാരം റവന്യൂ വകുപ്പിന് കൈമാറിയ ഭൂമിയാണിത്. ഈ ഭൂമി വനമാണെന്ന് വരുത്തിത്തീര്‍ക്കാന്‍ 1910 ലെ സെറ്റില്‍മെന്‍റ് രേഖയുമായി എത്തുന്നത് ചില തല്‍പ്പരകക്ഷികളെ സംരക്ഷിക്കാനുളള സ്വകാര്യ താല്‍പ്പര്യങ്ങളുടെ ഭാഗമാണെന്ന് സമരസമിതി ആരോപിക്കുന്നു. ഇതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നത് പൊന്തന്‍പുഴ വനഭൂമിയുടെ ഉടമസ്ഥതക്കായി വാദിക്കുന്ന 283 സ്വകാര്യ വ്യക്തി കളാണ്. ഇവരെ സഹായിക്കുകയാണ് പിസിസിഎഫിന്‍റെ ആത്യന്തിക ലക്ഷ്യം . ഇവരുടെ നേതൃത്വം പാലായിലുളള പരിപ്പില്‍ ഈറ്റത്തോട്ടത്ത് ചെറിയത് ജോസഫും പിന്‍ഗാമികളുമാണ്. ഇതേ ഈറ്റത്തോട് കുടുംബത്തില്‍ പെട്ടയാളാണ് ചീഫ് കണ്‍സര്‍വേറ്റര്‍ ബെന്നിച്ചന്‍ തോമസ്. സര്‍ക്കാരിന് വേണ്ടി പ്രവര്‍ത്തിക്കുന്നതിന് പകരം സ്വന്തക്കാരായ എതിര്‍ കക്ഷികള്‍ക്കുവേണ്ടി ഇയാള്‍ പ്രവര്‍ത്തിച്ചതിന്‍റെ ഫലമാണ് സര്‍ക്കാരിനനുകൂലമായി ഉണ്ടായിരുന്ന വിധി റദ്ദ് ചെയ്യുന്നതിലേക്ക് 2018 ല്‍ ഹൈക്കോടതിയെ നയിച്ചത്.
പൊന്തന്‍പുഴ വനഭൂമിയില്‍ പെട്ട 7000 ഏക്കര്‍ ഭൂമി രാജഭരണകാലത്ത് അന്നത്തെ രാജാവിന്‍റെ ഉത്തരവനുസരിച്ച് സ്വകാര്യ വ്യക്തികള്‍ നല്‍കിയിരുന്നതാണ്. ഈ സ്വകാര്യ വനഭൂമിയുടെ ഉടമസ്ഥത സ്വകാര്യ വ്യക്തികള്‍ക്കാണെന്ന് മേല്‍കേസിലെ വിധി പറയുന്നു. 1971 ലെ സ്വകാര്യ വനം ഏറ്റെടുക്കല്‍ നിയമം അനുസരിച്ച് വനഭൂമി ഏറ്റെടുക്കാനുളള അധികാരം സര്‍ക്കാരിന് നല്‍കിയിരുന്നു. ഇതുപയോഗിച്ച് വനം ഏറ്റെടുക്കുന്നതിന് പകരം പുനപരിശോധനാ ഹര്‍ജിയുമായി എതിര്‍ കക്ഷികള്‍ കോടതിയെ സമീപിക്കാന്‍ വേണ്ട സഹായങ്ങള്‍ ചെയ്ത് കൊടുക്കുകയായിരുന്നു പിസിസിഎഫ് ചെയ്തത്. മാത്രമല്ല വനഭൂമി കയ്യേറിയ കുറെ കുടുംബങ്ങള്‍ പൊന്തന്‍പുഴ പ്രദേശങ്ങളില്‍ ഉണ്ടെന്നും അവര്‍ക്ക് പട്ടയം നല്‍കണമെങ്കില്‍ ഭൂമിയുടെ ഉടമസ്ഥത സര്‍ക്കാര്‍ തിരിച്ചുപിടിക്കണം എന്നുമാണ് അദ്ദേഹം റിപ്പോര്‍ട്ട് നല്‍കിയത്. ആരബിള്‍ വനഭൂമിയും പൊന്തന്‍പുഴ വനഭൂമിയും ഇവരണ്ടും രണ്ടുവിഷയങ്ങളാണ്.
വാസ്തവത്തില്‍ ജനങ്ങളുടെ ഭൂമി 1958 ലെ നോട്ടിഫിക്കേഷന്‍ പ്രകാരം വനപരിധിയില്‍ വരുന്നില്ലന്നുളളതാണ് വാസ്തവം. സര്‍ക്കാര്‍ അനുകൂല വിധിയെ അട്ടിമറിക്കാന്‍ കെട്ടിച്ചമച്ച കപട ന്യായമാണ് ജനങ്ങളുടെ ഭൂമി വനത്തിലാണെന്നത്. അതിനാല്‍ ഇയാളുടെ ഗൂഢോദ്ദേശം മനസിലാക്കി വനഭൂമി സ്വകാര്യ സ്വത്താക്കിമാറ്റാന്‍ കൂട്ടുനില്‍ക്കുന്ന ബിസിസിഎഫിനെ ഈ ചുമതലയില്‍ നിന്നും മാറ്റി നര്‍ത്തണമെന്നും സമരസമിതി സര്‍ക്കാരിനോടാവശ്യപ്പെട്ടു.

