കാണ്‍പുര്‍: പാന്റിന്റെ ഉള്ളില്‍ കയറിയ രാജവെമ്പാലയുമായി ഏഴുമണിക്കൂര്‍ ഒരേ നില്‍പ്പ് നില്ക്കേണ്ടിവന്ന തൊഴിലാളിക്ക് അഭിനന്ദനങ്ങളുടെ പ്രവാഹം. ലവകേഷ്കുമാര് എന്ന തൊഴിലാളിയുടെ പാന്റിന്റെ ഉള്ളിലാണ് പാമ്പ് കയറിയത്. ഉത്തര്‍പ്രദേശ് മിര്‍സാപ്പൂരിലെ ജമല്പൂര് എന്ന സ്ഥലത്ത് വൈദ്യുതി ലൈന്‍ വലിക്കാനെത്തിയ എട്ടുപേരടങ്ങിയ തൊഴിലാളി സംഘമായിരുന്നു അത്. അത്താഴം കഴിച്ച് അങ്കണവാടി കെട്ടിടത്തില്‍ ഉറങ്ങാന്‍ കിടന്ന തൊഴിലാളികളുടെ ഇടയിലേക്ക് അര്‍ധരാത്രിയോടെ പാമ്പ് ഇഴഞ്ഞെത്തിയത് ആരുമറിഞ്ഞില്ല. 28കാരനായ ലവകേഷ് കുമാറിന്റെ പാന്റിന്റെ ഉള്ളില്‍ പാമ്പ് കയറിക്കൂടി.
ഇതു മനസിലായ ലവകേഷ്കുമാര് മറ്റ് തൊഴിലാളികളെ വിളിച്ചുണര്‍ത്തി വിവരം പറഞ്ഞുമനസിലാക്കി. മറ്റ് തൊഴിലാളികള്‍ എഴുന്നേറ്റ് ലവേഷ്കുമാറിനെ എഴുന്നേല്‍പ്പിച്ചു നിര്‍ത്തി. രക്ഷാപ്രവര്‍ത്തകരെത്തി പാമ്പിനെ പുറത്തെടുക്കുന്നതുവരെ ലവകേഷ്കുമാര് ഒരേ നില്‍പ്പ് നിന്നു. വിവരമറിഞ്ഞ് സംഭവസ്ഥലത്തെത്തിയ പൊലീസ്- സുരക്ഷാ അധികൃതര്‍ പാന്റ് കീറിയാണ് പാമ്പിനെ പുറത്തുചാടിച്ചത്. ഏഴുമണിക്കൂര്‍ സമയം പാന്റില്‍ കിടന്നിട്ടും പാമ്പ് ഒരിക്കല്‍പോലും ലവകേഷ് കുമാറിനെ ദംശിച്ചില്ല.

