ന്യൂഡല്‍ഹി: ഇന്ത്യയില്‍ ചൈനീസ് ആപ്ലിക്കേഷനായ ടിക്ടോക്ക് നിരോധിച്ചതിനു പിന്നാലെ ബദലായി റീല്‍സ് എന്ന വീഡിയോ ഷെയറിങ് ഫീച്ചര്‍ അവതരിപ്പിക്കുകയാണ് ഇന്‍സ്റ്റഗ്രാം. ഇത്തരം നീക്കം ലോകവ്യാപകമാക്കാന്‍ ഇന്‍സ്റ്റഗ്രാമിന്റെ മാതൃ കമ്പനിയായ ഫെയ്‌സ് ബുക്ക് മുന്നോട്ട് പോവുന്നതിന് എതിരെ രംഗത്ത് വന്നിരിക്കുകയാണ് ടിക് ടോക്ക് സിഇഒ കെവിന്‍ മേയര്‍. വിപണിയില്‍ സൗഹൃദപരമായ മല്‍സരം നടത്തുന്നതിന് പകരം ദേശ സ്‌നേഹത്തെ ചൂഷണം ചെയ്ത് വാണിജ്യ വിജയം നേടാനാണ് ഫെയ്‌സ് ബുക്ക് സ്ഥാപകനായ സുക്കന്‍ ബര്‍ഗ് ശ്രമിക്കുന്നതെന്നാണ് അദ്ദേഹം ആരോപിച്ചത്.
മെയ് മാസത്തില്‍ വാള്‍ട്ട് ഡിസ്‌നി കമ്പനിയില്‍ വിട്ട് ടിക് ടോക്കിലെത്തിയ മേയര്‍, ദേശീയ സുരക്ഷയ്ക്കോ അമേരിക്കയിലെ യുവാക്കള്‍ക്കോ ടിക് ടോക്ക് ഭീഷണിയല്ലെന്ന് ബോധ്യപ്പെടുത്താനുള്ള ശ്രമത്തിന് നേതൃത്വം നല്‍കുകയാണ്. ഒപ്പം അമേരിക്കന്‍ നിക്ഷേപകര്‍ക്ക് ടിക്ക് ടോക്ക് വില്‍ക്കുന്നത് സാധ്യമാവുമോ എന്നും അദ്ദേഹം പരിശോധിച്ച് വരികയാണ്. അതിനിടെയാണ് അമേരിക്കയിലും ടിക് ടോക്കിന് ബദല്‍ കൊണ്ടുവരാന്‍ സുക്കന്‍ബര്‍ഗ് ശ്രമിച്ചത്. ഇത് ചൂഷണമാണെന്നാണ് കെവിന്‍ മേയര്‍ ആരോപിക്കുന്നത്.
ടിക്ടോക്ക് നിരോധനം നിലവില്‍ വന്ന് ഒരാഴ്ചയ്ക്കുള്ളിലാണ് ഇന്‍സ്റ്റഗ്രാം റീല്‍സ് എന്ന പുതിയ ഫീച്ചര്‍ ഇന്ത്യയില്‍ അവതരിപ്പിക്കുന്നത്. 2019നവംബറില്‍ പുറത്തിറക്കിയ ഇന്‍സ്റ്റാഗ്രാമിന്റെ വീഡിയോ-മ്യൂസിക് റീമിക്സ് ഫീച്ചറായ റീല്‍സിന് ടിക് ടോക്കിന്റെ ജനകീയത നേടിയെടുക്കാന്‍ സാധിച്ചിരുന്നില്ല. ടിക് ടോക്കിലുള്ള ഫീച്ചറുകളുടെ അഭാവമായിരുന്നു ഇതിന്റെ പ്രധാന കാരണം. എന്നാലിപ്പോള്‍ അപ്ഡേറ്റ് ചെയ്ത റീല്‍സ് ഫീച്ചര്‍ ആണ് ഇന്‍സ്റ്റഗ്രാം ഇന്ത്യയില്‍ അവതരിപ്പിക്കുന്നത്. ബ്രസീല്‍ , ഫ്രാന്‍സ്, ജെര്‍മനി എന്നീ രാജ്യങ്ങള്‍ക്ക് ശേഷം റീല്‍സ് അവതരിപ്പിക്കുന്ന നാലാമത്തെ രാജ്യമാണ് ഇന്ത്യ. ഇന്‍സ്റ്റഗ്രാം ആപ്പില്‍ തന്നെ ഉള്‍പ്പെടുത്തിയിട്ടുള്ള ഒരു ഫീച്ചറാണ് റീല്‍സ്. 15 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോകളാണ് റീല്‍സില്‍ തയ്യാറാക്കാനാവുക. ഇന്‍സ്റ്റഗ്രാമിലെ ക്യാമറ ഓപ്ഷന്‍ തുറന്നാല്‍ റീല്‍സ് ഇവിടെനിന്ന് തിരഞ്ഞെടുക്കാനാകും.

