കാൽപന്ത് കളിയുടെ ചരിത്രത്തിലെ മറക്കാനാവാത്ത ദിവസം

കോഴിക്കോട്: കാൽപന്ത് കളിയുടെ ചരിത്രത്തിലെ അതിനിർണായകമായ ദിവസമാണ് ജൂലൈ 30. തൊണ്ണൂറ് വർഷങ്ങൾക്കു മുൻപ് ഈ ദിവസമാണ് ഫുട്ബോളിലെ ആദ്യ ലോകകപ്പ് ഫൈനൽ അരങ്ങേറിയത്.

ഉറുഗ്വേയിലെ മോൺടിവിഡിയോയിലെ സെന്റിനേറിയോ സ്റ്റേഡിയത്തിലെ
93000 കാണികളെ സാക്ഷിയാക്കി അർജൻറീനയെ തകർത്ത് ആതിഥേയരായ ഉറുഗ്വേ വിജയ കിരീടത്തിൽ അന്ന് മുത്തമിട്ടു. രണ്ടിനെതിരെ നാല് ഗോളുകൾക്ക് ആധികാരികമായിട്ടായിരുന്നു ഉറുഗ്വേയുടെ വിജയം.

കളിയുടെ 12-ാം മിനിറ്റിൽ എതിരാളികളെ ഒന്നൊന്നായി വെട്ടിച്ച് ചാട്ടുളി പോലെ മുന്നേറി അർജൻറീനയുടെ വല കുലുക്കി കൊണ്ട് പാബ്ലോ ഡൊറാദോ ഉറുഗ്വേയുടെ എക്കാലത്തെയും ഫുട്ബാൾ ഹീറോ ആയി മാറി. ഏറെ വൈകാതെ കാർലോസ് പ്യൂസലിയിലൂടെ ഗോൾ മടക്കിയെങ്കിലും അനിവാര്യമായ പരാജയം അർജന്റീനയെ കാത്തിരിക്കുകയായിരുന്നു.

ആകെ 13 ടീമുകളായിരുന്നു ആദ്യത്തെ ലോകകപ്പിൽ പങ്കെടുത്തത്. യോഗ്യതാ മൽസരങ്ങൾ ഉണ്ടായിരുന്നില്ല. ടീമുകളെ ഫിഫ നേരിട്ട് ക്ഷണിക്കുകയായിരുന്നു. 16 ടീമുകൾക്ക് ഇത്തരത്തിൽ ക്ഷണക്കത്തയച്ചിരുന്നുവെങ്കിലും സാമ്പത്തിക പ്രശ്നം മൂലം 13 ടീമുകൾ മാത്രമാണ് ടൂർണമെന്റിന് എത്തിച്ചേർന്നത്. ഉറുഗ്വേ, അർജന്റീന, ബ്രസീൽ, ചിലി, പെറു, പരാഗ്വേ, ബൊളിവിയ എന്നീ ഏഴ് ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളും അമേരിക്ക, മെക്സിക്കോ എന്നീ രണ്ട് വടക്കേ അമേരിക്കൻ രാജ്യങ്ങളും യുഗോസ്ലാവിയ, ഫ്രാൻസ്, ബൽജിയം, റുമേനിയ എന്നിങ്ങനെ നാല് യുറോപ്യൻ രാജ്യങ്ങളുമാണ് ആ ലോകകപ്പിൽ പങ്കെടുത്തത് . മൽസരങ്ങൾ 18 ദിവസം നീണ്ടുനിന്നു.

സെമിയിൽ 6 – 0 ത്തിന് യൂഗോസ്ലാവിയയെ നിലംപരിശാക്കിയായിരുന്നു ആതിഥേയർ ഫൈനലിലെത്തിയത്. സെമിയിൽ അർജൻറീനയുടെ വിജയവും 6 – 0 എന്ന ഗംഭീര സ്കോറിനു തന്നെയായിരുന്നു. അമേരിക്കയായിരുന്നു അർജന്റീനയുടെ എതിരാളികൾ.

ഫൈനൽ മൽസരത്തിന്റെ വീറും വാശിയും ഫിഫയുടെ റഫറിമാരെ പോലും ഭയപ്പെടുത്തിയിരുന്നു. യുദ്ധസമാനമായിരുന്നു കാണികളുടെ വെല്ലുവിളികളും ആക്രോശങ്ങളും. ബൽജിയംകാരനായ റഫറി ജോൺ ലൻജിനസ് കളി കഴിഞ്ഞ് ഒരൊറ്റ മണിക്കൂറിനുള്ളിൽ സ്ഥലം വിടാനായി കപ്പലിലേക്കുള്ള സ്പീഡ് ബോട്ടടക്കം ഒരുക്കി വച്ചു എന്ന് ഉറപ്പാക്കിയ ശേഷമാണ് കളി നിയന്ത്രിക്കാൻ തയ്യാറായത്. ആരുടെ പന്ത് കൊണ്ട് കളിക്കും എന്ന തർക്കവും ഫൈനൽ മൽസരത്തില്‍ കൗതുകമായി. ആദ്യ പകുതിയിൽ അർജന്റീനയുടെ പന്തും രണ്ടാം പകുതിയിൽ ഉറുഗ്വേയുടെ പന്തും ഉപയോഗിക്കാമെന്ന ഒത്തുതീർപ്പിലായിരുന്നു ആ തർക്കം പരിഹരിച്ചത്.

1930 ൽ തുടങ്ങി 2020 ആകുമ്പോഴേക്ക് കാൽപന്തുകളി 21 ലോകകപ്പുകളെ പിന്നിട്ടു കഴിഞ്ഞു. ആദ്യത്തെ ചാമ്പ്യൻമാരായ ഉറുഗ്വേ 1950 ൽ ഒരിക്കൽ കൂടി ലോക കിരീടത്തിന് അർഹരായി. അന്ന് കരുത്തരായ ബ്രസീലായിരുന്നു അവരുടെ എതിരാളികൾ.

തയ്യാറാക്കിയത്: നിശാന്ത് പരിയാരം

Share
samadarsi2020@gmail.com'

About ഡെസ്ക് ന്യൂസ്

View all posts by ഡെസ്ക് ന്യൂസ് →