മോസ്‌കോ: റഷ്യയിലെ ഖബറോവ്‌സ്‌കില്‍ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭങ്ങള്‍ നടക്കുന്നതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഒരു കൊലപാതക കേസുമായി ബന്ധപ്പെട്ട് ജനപ്രിയനായ ഗവര്‍ണര്‍ സര്‍ഗി ഫര്‍ഗലിനെ അറസ്റ്റ് ചെയ്തതിനെ തുടര്‍ന്നാണ് ഖബറോവ്‌സ്‌ക് നിവാസികള്‍ മൂന്നുദിവസം മുമ്പ് പ്രതിഷേധം ആരംഭിച്ചത്. അടുത്ത കാലത്ത് നടന്നിട്ടുള്ളതില്‍വച്ച് ഏറ്റവും വലിയ സര്‍ക്കാര്‍വിരുദ്ധ പ്രക്ഷോഭമാണിത്.
പ്രസിഡന്റ് വ്‌ലാഡിമിര്‍ പുടിനെതിരേ മുദ്രാവാക്യങ്ങളും ബാനറുകളും ഉയര്‍ത്തിക്കൊണ്ടാണ് ജനങ്ങള്‍ തെരുവിലിറങ്ങിയത്. ഗവര്‍ണറെ തടവിലാക്കിയ നടപടി നിയമവിരുദ്ധമാണെന്നും അദ്ദേഹത്തെ ഉടന്‍ മോചിപ്പിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. ലെനിന്‍ സ്‌ക്വയറിലുള്ള തദ്ദേശ സ്വയംഭരണ കെട്ടിടത്തിനു മുകളില്‍ പ്ലക്കാര്‍ഡുകള്‍ സ്ഥാപിക്കുകയും മുദ്രാവാക്യങ്ങള്‍ എഴുതിവയ്ക്കുകയും ചെയ്തിട്ടുണ്ട്. ഖബറോവ്‌സ്‌കിനു പുറത്തുള്ളവര്‍ പ്രക്ഷോഭകാരികളുടെ ഇടയില്‍ നുഴഞ്ഞുകയറി പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാനുള്ള ശ്രമമാണു നടക്കുന്നതെന്ന് റഷ്യന്‍ ഭരണകൂടം ആരോപിച്ചു.

