ന്യൂയോര്‍ക്ക്: ആധുനിക മനുഷ്യന്റെ ബഹിരാകാശത്തെ കണ്ണുകളായ ഉപഗ്രഹങ്ങളെ നിഗ്രഹിക്കാന്‍ കഴിയുന്ന മിസൈലുകള്‍ റഷ്യ പരീക്ഷിച്ചതായി അമേരിക്കയും ബ്രിട്ടനും ആരോപിച്ചു. കരയും കടലും വിട്ട് ബാഹ്യാകാശവും ആയുധപ്പന്തയ വേദിയാക്കിയിരിക്കുകയാണ് വന്‍ശക്തി രാഷ്ട്രങ്ങള്‍.
കാലാവസ്ഥ നിരീക്ഷണവും വാര്‍ത്താവിനിമയവും വിദ്യാഭ്യാസവും മറ്റുമായിരുന്നു കൃത്രിമ ഉപഗ്രഹങ്ങളുടെ ജോലി. എന്നാല്‍, കുറേ വര്‍ഷമായി ഇതര രാജ്യങ്ങളുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടാന്‍ തക്ക വിധത്തിലുള്ള ചാര ഉപഗ്രഹങ്ങളെ വിന്യസിക്കുന്നതിലാണ് യുദ്ധക്കൊതിയന്മാരായ വന്‍ശക്തി രാഷ്ട്രങ്ങളുടെ ശ്രദ്ധ.
റഷ്യ, അമേരിക്ക, ചൈന, ബ്രിട്ടന്‍ അടക്കം നൂറിലേറെ രാജ്യങ്ങള്‍ ബാഹ്യാകാശത്തെ പരീക്ഷണങ്ങള്‍ സമാധാന ആവശ്യങ്ങള്‍ക്കു മാത്രമേ ഉപയോഗിക്കാന്‍ പാടുള്ളൂവെന്ന കരാറില്‍ ഒപ്പുവച്ചിട്ടുണ്ട്. എന്നാല്‍, 2018ലും റഷ്യ ഇത്തരം പരീക്ഷണങ്ങള്‍ നടത്തിയിരുന്നുവെന്നാണ് ആരോപണം. തങ്ങളുടെ ബഹിരാകാശ ഉപകരണങ്ങളുടെ പരിശോധനയ്ക്കായി പുതിയ സാങ്കേതിക വിദ്യ ഉപയോഗിക്കുന്നതായി റഷ്യന്‍ പ്രതിരോധ മന്ത്രാലയം വ്യക്തമാക്കിയിരുന്നു. എന്നാല്‍, ബഹിരാകാശ മേഖലയിലെ റഷ്യയുടെ ഈദൃശ പ്രവൃത്തികളില്‍ തങ്ങള്‍ക്ക് ആശങ്കയുണ്ടെന്ന് അമേരിക്ക പ്രസ്താവിച്ചു.
ബഹിരാകാശത്ത് ആയുധപ്പന്തയം വ്യാപിപ്പിക്കാനാണ് റഷ്യയുടെ ശ്രമമെന്ന് അമേരിക്കന്‍ സ്റ്റേറ്റ് ഫോര്‍ ഇന്റര്‍ നാഷണല്‍ സെക്യൂരിറ്റി ആന്റ് നോണ്‍ പ്രൊലിഫെറേഷന്‍ അസിസ്റ്റന്റ് സെക്രട്ടറി ക്രിസ്റ്റഫര്‍ ഫോര്‍ഡ് ആരോപിച്ചു. റഷ്യയുടെ നീക്കം ആശങ്കാജനകമാണെന്ന് ബ്രിട്ടിഷ് സ്‌പേസ് ഡയറക്ടറേറ്റ് തലവന്‍ ഹാര്‍വി സ്മിത്തും അറിയിച്ചു. ഇത്തരം പ്രവൃത്തികള്‍ ബഹിരാകാശത്തെ സമാധാനം തകര്‍ക്കുമെന്നും മറ്റ് രാജ്യങ്ങളുെടെ ഉപഗ്രഹങ്ങള്‍ക്ക് ഭീഷണിയാണെന്നും അദ്ദേഹം പറഞ്ഞു. ഉപഗ്രഹവേധ ആയുധത്തിന്റെ പരീക്ഷണം റഷ്യ ബാഹ്യാകാശത്ത് നടത്തിയിരുന്നുവെന്ന് അമേരിക്കന്‍ സ്‌പേസ് കമാന്‍ഡ് തലവന്‍ ജെയ് റെയ്മണ്ട് പറഞ്ഞു.