കൊല്ലം: ദുബൈയിലെ മലയാളി യുവതിയെ കൊന്ന കേസ്സില്‍ ഭര്‍ത്താവിന് ജീവപര്യന്തം തടവും (25 കൊല്ലം) നാടുകടത്തലുമാണ് ദുബൈയ് കോടതി ശിക്ഷ വിധിച്ചത്. തിരുമുല്ലാ വാരം പുന്നത്തല അനുഗ്രഹയിൽ ചന്ദ്രശേഖരൻ നായരുടെ മകൾ വിദ്യാ ചന്ദ്രൻ (40) നെ കൊലപ്പെടുത്തിയ കേസിൽ ഭർത്താവ് തിരുവനന്തപുരം നേമം സ്വദേശി യുഗേഷി (43) നെയാണ് കോടതി ശിക്ഷിച്ചത്. ഇതു സംബന്ധിച്ച് തങ്ങള്‍ക്ക് വിവരം ലഭിച്ചതായി സഹോദരന് വിനയന് പറഞ്ഞു.
2019 സെപ്തംബർ 9ന് ആയിരുന്നു കേസിനാസ്പദമായ സംഭവം. നാട്ടിൽ മക്കളോടൊപ്പം ഓണം ആഘോഷിക്കുവാൻ വരുവാനിരിക്കെയാണ് മരണം. സംഭവ ദിവസം രാവിലെ ദുബൈയിലെ അൽ ഖൂസിൽ വിദ്യയുടെ ഓഫീസിലെത്തിയ യുഗേഷ് ഭാര്യയുമായി കാർ പാർക്കിംങ്ങിലെത്തുകയും വസ്ത്രത്തിനുള്ളിലൊളിപ്പിച്ച കത്തി ഉപയോഗിച്ച് ഇവരെ മൂന്ന് പ്രാവശ്യം കുത്തി കൊലപ്പെടുത്തുകയുമായിരുന്നു. ഇതിന് ശേഷം മുങ്ങിയ ഇയാളെ മണിക്കൂറുകൾക്കുള്ളിൽ ജബൽ അലിയിൽ നിന്നും പോലീസ് പിടികൂടി. മൃതദേഹത്തിനടുത്തു നിന്ന് കുത്താനുപയോഗിച്ച കത്തി പോലീസ് കണ്ടെടുത്തിരുന്നു.
16 വർഷം മുമ്പ് വിവാഹിതരായ ഇരുവരും തമ്മിൽ ആദ്യം മുതലേ അകൽച്ചയിലായിരുന്നു. പല കാര്യങ്ങളും പറഞ്ഞ് ഇയാൾ ഭാര്യയെ ഉപദ്രവിക്കുന്നത് പതിവായിരുന്നു. മക്കളോടും സ്നേഹമുണ്ടായിരുന്നില്ല. ഭാര്യയെ സംശയമുണ്ടായതാണ് ദാമ്പത്യബന്ധം തകരാനും കൊലപാതകത്തില്‍ കലാശിക്കാനും കാരണം.
കൊല്ലപ്പെടുന്നതിന് 11 മാസം മുമ്പാണ് വിദ്യ യുഎഇയില്‍ എത്തിയത്. ഭര്‍ത്താവിന്റെ സഹായമില്ലാത്തതിനാല്‍ വിദ്യക്ക് പല കാര്യങ്ങള്‍ക്കായി നാട്ടിലെ ബാങ്കില്‍ നിന്ന് 10 ലക്ഷം രൂപ വായ്പയായി എടുക്കേണ്ടിവന്നിരുന്നു. അത് തിരിച്ചടയ്ക്കാന്‍ വേണ്ടിയാണ് വിദ്യ ദുബായില്‍ ജോലിക്ക് ശ്രമിച്ചത്. മക്കളായ ശ്രദ്ധ, വരദ എന്നിവരുടെ സ്കൂള്‍ ആവശ്യങ്ങള്‍ക്കായി ഒരു മാസത്തെ അവധിക്ക് നാട്ടില്‍ പോയിരുന്നു. സംഭവത്തിന് ഒരു മാസം മുമ്പാണ് യോഗേഷ് ദുബായിലെത്തിയത്. ഒന്നിലധികം പ്രാവശ്യം യുഗേഷ് വിദ്യയുടെ ഓഫീസില്‍ ചെന്നിരുന്നു.
കേസിൽ വിദ്യയുടെ കമ്പനി ഉടമയായ തമിഴ് നാട് സ്വദേശിയായിരുന്നു ഒന്നാം സാക്ഷി . ഫെബ്രുവരി 13 നായിരുന്നു വിചാരണ. കേസിൽ രണ്ട് അന്വേഷണ ഉദ്യോഗസ്ഥരെയും വിസ്തരിച്ചു.

