നെടുങ്കണ്ടം: ഓണ്‍ലൈന്‍ പഠനത്തിന് ലാപ്പ്‌ടോപ്പ് നല്‍കണമെന്ന ഹൈക്കോടതി വിധിയെ തുടര്‍ന്ന് ലാപ്പ്‌ടോപ് വാങ്ങുന്നതിന് പഞ്ചായത്ത് ഓഫീസിൽ ചെന്നപ്പോൾ അവിടെനിന്നും അപമാനിച്ചിറക്കിവിട്ട കുട്ടികള്‍ക്ക് ദേവികുളം സബ്കളക്ടര്‍ പ്രേംകൃഷ്ണന്‍ ഇടപെട്ട് ലാപ്‌ടോപ്പ് എത്തിച്ചുകൊടുത്തു. നെടുങ്കണ്ടം വടക്കേടത്ത് വീട്ടില്‍ ആര്‍ദ്ര ബാബുവിനാണ് പഠനോപകരണമായ ലാപ്പ്‌ടോപ്പ് വീട്ടിലെത്തിച്ചു നല്‍കിയത്.
2018-ല്‍ പ്രളയാനന്തരം അനുവദിച്ചുകിട്ടിയ ലാപ്‌ടോപ്പ് പഞ്ചായത്ത് അധികൃതര്‍ നല്‍കാന്‍ കൂട്ടാക്കിയിരുന്നില്ല. ഇപ്പോള്‍ കോവിഡ് പശ്ചാത്തലത്തില്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ തുടങ്ങിയതിനെ തുടര്‍ന്ന് ഇവര്‍ വീണ്ടും പഞ്ചായത്തില്‍ അപേക്ഷ നല്‍കി. വാര്‍ഡ് അംഗവും പഞ്ചായത്ത് സെക്രട്ടറിയും ലാപാടോപ്പ് നല്‍കാന്‍ വിസമ്മതിച്ചപ്പോള്‍ കുട്ടികളും മാതാപിതാക്കളും പരാതിയുമായി ഹൈക്കോടതിയെ സമീപിച്ചു. പഠനോപകരണം നല്‍കണമെന്ന ഹൈക്കോടതി ഉത്തരവുമായി വീണ്ടും പഞ്ചായത്തിനെ സമീപിച്ചു. പഞ്ചായത്ത് അധികൃതര്‍ അവരെ ആട്ടി പുറത്താക്കി.
സംഭവം മാധ്യമങ്ങളില്‍ ചര്‍ച്ചയായി. ഇതോടെ ജില്ലാകളക്ടര്‍ എച്ച് ദിനേശന്‍ ഇതില്‍ ഇടപെട്ടു. ലാപ്‌ടോപ്പ് വീട്ടിലെത്തിച്ചുകൊടുക്കണമെന്ന് സബ്കളക്ടര്‍ പ്രേംകൃഷ്ണന് നിര്‍ദ്ദേശം നല്‍കി. സബ്കളക്ടര്‍ പഞ്ചായത്ത് സെക്രട്ടറി അജിത് കുമാറിനേയും ഇംപ്ലിമെന്റ് ഓഫീസര്‍ പ്രവീണ്‍കുമാറിനേയും ഓഫീസിലേക്ക് വിളിപ്പിച്ച് ലാപ്‌ടോപ്പ് കൈമാറി. അപേക്ഷ നല്‍കിയ ആര്‍ദ്ര ബാബുവിന് ലാപ്‌ടോപ് നല്‍കി. അനഘയുടെ അപേക്ഷയും സ്വീകരിച്ച് തുടര്‍നടപടികള്‍ സ്വീകരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.