കോഴിക്കോട് എന്‍.എസ്.എസ് വളണ്ടിയര്‍മാരുടെ വക 5790 ബെഡ്ഷീറ്റുകള്‍

കോഴിക്കോട് : കോവിഡ് രോഗികളെ ചികിത്സിക്കാന്‍ ജില്ലയില്‍ ഒരുങ്ങുന്ന ഫസ്റ്റ് ലൈന്‍ ചികിത്സ കേന്ദ്രങ്ങളിലേക്ക് ഉദാരമതികളുടെ സഹായ പ്രവാഹം. ആവശ്യമായ ബെഡ്ഷീറ്റുകള്‍ എത്തിച്ചു നല്‍കാന്‍ കഴിയുമോയെന്ന ജില്ലാകലക്ടറുടെ അഭ്യര്‍ത്ഥന ഇരുകൈയും നീട്ടി സ്വീകരിച്ച ജില്ലയിലെ എന്‍.എസ്.എസ് വളണ്ടിയര്‍മാര്‍ രണ്ട് ദിവസം കൊണ്ട്  5790 പുതിയ ബെഡ്ഷീറ്റുകളാണ് വിദ്യര്‍ഥികള്‍ സമാഹരിച്ച് കൈമാറിയത്. കലക്ടറേറ്റില്‍ എത്തിച്ച ബെഡ് ഷീറ്റുകള്‍ ജീല്ലാ കലക്ടര്‍ സാംബശിവ റാവു ഏറ്റുവാങ്ങി. 4,63200 രൂപ വിലവരുന്ന വസ്തുക്കള്‍ വീട്ടുകാരുടെയും പൊതുജനങ്ങളുടെയും സഹായത്തോടെയാണ് സമാഹരിച്ചത്.

നേരത്തെ ഒന്നേകാല്‍ ലക്ഷം മാസ്‌കുകള്‍ നിര്‍മ്മിച്ച് നല്‍കിയും ഓണ്‍ലൈന്‍ പഠനത്തിന് ടി.വി, മൊബൈല്‍ ഫോണ്‍, ലാപ്ടോപ്പ് ഉള്‍പ്പെടെ 210 ഉപകരണങ്ങള്‍ വിതരണം ചെയ്തും ജില്ലയിലെ എന്‍.എസ്.എസ് വളണ്ടിയര്‍മാര്‍ ശ്രദ്ധേയമായ പ്രവര്‍ത്തനം നടത്തിയിരുന്നുവെന്ന് ജില്ലാ കോര്‍ഡിനേറ്റര്‍ എസ്. ശ്രീചിത്ത് പറഞ്ഞു. 

കോവിഡ് പ്രതിരോധത്തില്‍ തുടക്കം മുതല്‍ ശക്തമായ പ്രവര്‍ത്തനങ്ങളാണ് കോഴിക്കോട് ജില്ല കാഴ്ചവയ്ക്കുന്നത്. ജൂലൈ 23 നകം സജ്ജമാവേണ്ട ജില്ലയിലെ ഫസ്റ്റ് ലൈന്‍ ചികിത്സാകേന്ദ്രങ്ങളില്‍ മിക്കതും ഇതിനോടകം തയ്യാറായിക്കഴിഞ്ഞു. 

ജില്ലയില്‍ ആരംഭിക്കാന്‍ പോകുന്ന ഫസ്റ്റ് ലൈന്‍ ചികിത്സാകേന്ദ്രങ്ങള്‍ സജ്ജമാക്കുന്നതിന് ദിവസേന നിരവധിവ്യക്തികളും സംഘടനകളും സ്ഥാപനങ്ങളുമാണ് സഹായവുമായി മുന്നോട്ടുവരുന്നത്.  റീജണല്‍ ഡ്രഗ്  കണ്‍ട്രോള്‍ വിഭാഗം ആയിരം സോപ്പുകള്‍ സംഭാവന നല്‍കി.  ഹയര്‍സെക്കന്‍ഡറി എന്‍എസ്എസ് വിഭാഗം മുന്‍പ് നല്‍കിയ സംഭാവനയ്ക്ക് പുറമേ 4000 ബെഡ്ഷീറ്റുകള്‍ കൂടി നല്‍കുമെന്ന് അറിയിച്ചതായി ഡെപ്യൂട്ടി കലക്ടര്‍ അനിതകുമാരി പറഞ്ഞു.  കോഴിക്കോട് ഈഗിള്‍സ് എന്ന സംഘടന 250 ബെഡ്ഷീറ്റ് 500 ടൗവ്വല്‍ തുടങ്ങി വിവിധ സാധനങ്ങള്‍ സംഭാവനയായി നല്‍കി. 

ഉണ്ണികുളം പഞ്ചായത്തില്‍ ആരംഭിക്കുന്ന  കൊവിഡ് ഫസ്റ്റ് ലൈന്‍ ചികിത്സാ കേന്ദ്രത്തിലേക്ക് പൂനൂര്‍ സോണ്‍  എസ്.വൈ.എസ് സാന്ത്വനം 50 കിടക്കകള്‍ വാങ്ങാന്‍  മുപ്പതിനായിരം രൂപയുടെ ചെക്ക് പുരുഷന്‍ കടലുണ്ടി എംഎല്‍എക്ക്  കൈമാറി. എസ്വൈഎസ് പൂനൂര്‍ സോണ്‍ ജനറല്‍ സെക്രട്ടറി സാദിഖ് സഖാഫിയാണ് ചെക്ക്  കൈമാറിയത്.

നാദാപുരം ഗ്രാമ പഞ്ചായത്തില്‍ ഹൈടെക് കോളേജില്‍ആരംഭിക്കുന്ന എഫ്. എല്‍. ടി. സിക്ക് തൂണേരി ബ്ലോക്ക് പഞ്ചായത്ത് 20 കിടക്ക, തലയണ, കട്ടില്‍ എന്നിവ കൈമാറി. നാദാപുരം താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോക്ടര്‍ എം.ജമീലയില്‍ നിന്നും ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട്  സഫീറ മൂന്നാം കുനി സാമഗ്രികള്‍ഏറ്റുവാങ്ങി.

ജൂലൈ 23 നകം സെന്ററുകളിലേക്കാവശ്യമായ കിടക്ക, ബെഡ് ഷീറ്റ്, തലയിണ, പുതപ്പ്, തോര്‍ത്ത്, സ്റ്റീല്‍ പാത്രങ്ങള്‍, ഇലക്ട്രിക് ഫാന്‍, സ്പൂണ്‍, ജഗ്ഗ്, ബക്കറ്റ്, കപ്പ്, സോപ്പ്, ഹാന്‍ഡ് സാനിറ്റൈസര്‍, കുടിവെള്ളം, സാനിറ്ററി നാപ്കിന്‍, ഡയപ്പര്‍, പിപിഇ കിറ്റ്, സര്‍ജിക്കല്‍ മാസ്‌ക്, കസേര/ ബെഞ്ച്, റഫ്രിജറേറ്റര്‍, ഫയര്‍ എക്സ്റ്റിംഗുഷര്‍, മെഴുകുതിരി, എമര്‍ജന്‍സി ലാമ്പ് തുടങ്ങിയവ സംഭാവന ചെയ്യാന്‍ താല്‍പര്യമുള്ളവര്‍ കളക്ടറേറ്റിന് പിന്‍വശത്തുള്ള എഞ്ചിനീയേഴ്സ് ഹാളില്‍ സാമഗ്രികളുമായി എത്തുകയോ 97451 21244 ല്‍ ബന്ധപ്പെടുകയോ ചെയ്യണമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.

ബന്ധപ്പെട്ട രേഖ: https://keralanews.gov.in/6319/-5790-bedsheets-by-NSS-volunteers.html

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →