തിരുവനന്തപുരം: ജില്ലയിലെ ചില പ്രദേശങ്ങള്‍ അതീവ ഗുരുതര സാഹചര്യം നേരിടുകയാണെന്നും തീരമേഖലയിലെ പുല്ലുവിള, പൂന്തുറ പ്രദേശങ്ങളില്‍ സാമൂഹ്യവ്യാപനം ഉണ്ടായതായും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. തീരപ്രദേശങ്ങളില്‍ പൂര്‍ണമായി ശനിയാഴ്ച മുതല്‍ ലോക്ക്ഡൗണ്‍ നടപ്പാക്കും. ഇത് ഫലപ്രദമായി നടപ്പാക്കുന്നതിന് തീരമേഖലയെ മൂന്ന് സോണുകളായി തരംതിരിച്ചു. അഞ്ചുതെങ്ങ് മുതല്‍ പെരുമാതുറ വരെയാണ് ഒന്നാമത്തെ സോണ്‍. പെരുമാതുറ മുതല്‍ വിഴിഞ്ഞം വരെ രണ്ടാമത്തെ സോണും വിഴിഞ്ഞം മുതല്‍ ഊരമ്പ് വരെ മൂന്നാമത്തെ സോണുമാണ്.
തീരമേഖലയില്‍ അതിവേഗത്തില്‍ രോഗവ്യാപനമുണ്ടാകുകയാണ്. കരിങ്കുളം പഞ്ചായത്തിലെ പുല്ലുവിളയില്‍ 97 സാമ്പിളുകള്‍ പരിശോധിച്ചതില്‍ 51 പേര്‍ക്ക് വെള്ളിയാഴ്ച പോസിറ്റീവായി. പൂന്തുറ ആയുഷ് കേന്ദ്രത്തില്‍ 50 പേര്‍ക്ക് നടത്തിയ ടെസ്റ്റില്‍ 26 എണ്ണം പോസിറ്റീവാണ്. പുതുക്കുറിശ്ശിയില്‍ 75 സാമ്പിളുകള്‍ പരിശോധിച്ചതില്‍ 20 എണ്ണം പോസിറ്റീവായി വന്നു. അഞ്ചുതെങ്ങില്‍ 83 സാമ്പിളുകള്‍ പരിശോധിച്ചതില്‍ 15 പോസിറ്റീവാണ്. രോഗവ്യാപനം തീവ്രമായതിന്റെ ലക്ഷണങ്ങളാണിത്. ഈ ഗുരുതരസ്ഥിതി നേരിടാന്‍ സര്‍ക്കാര്‍ എല്ലാ സംവിധാനങ്ങളെയും യോജിപ്പിച്ച് മുന്നോട്ടുപോവുകയാണ്.
സംസ്ഥാനത്ത് ഗുരുതരമായ രോഗവ്യാപനം നിലനില്‍ക്കുന്ന തിരുവനന്തപുരം ജില്ലയില്‍ കൂടുതല്‍ നിയന്ത്രണം ഏര്‍പ്പെടുത്തി. ജില്ലയില്‍ വെള്ളിയാഴ്ച പോസിറ്റീവായ 246 കേസുകളില്‍ രണ്ടുപേര്‍ മാത്രമാണ് വിദേശങ്ങളില്‍നിന്ന് എത്തിയവര്‍. 237 പേര്‍ക്ക് രോഗബാധയുണ്ടായത് സമ്പര്‍ക്കംമൂലമാണ്. നാല് ആരോഗ്യപ്രവര്‍ത്തകര്‍. മൂന്നുപേരുടെ ഉറവിടം അറിയില്ല. ഇത് അസാധാരണ സാഹചര്യമാണ്.
സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാക്കാന്‍ പൊലീസിന്റെ നേതൃത്വത്തില്‍ പ്രത്യേക സംവിധാനത്തിന് രൂപം നല്‍കി. ഈ സംവിധാനത്തിന്റെ ചുമതലയുള്ള സ്പെഷ്യല്‍ ഓഫീസര്‍ തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണര്‍ ബല്‍റാം കുമാര്‍ ഉപാധ്യായ ആയിരിക്കും. പ്രത്യേക കണ്‍ട്രോള്‍ റൂം രൂപീകരിക്കും. ആരോഗ്യം, പൊലീസ്, കോര്‍പ്പറേഷന്‍, പഞ്ചായത്തുകള്‍ എന്നിവ സംയുക്തമായാണ് പ്രതിരോധ പ്രവര്‍ത്തനം നടത്തുക. എല്ലാ വിവരങ്ങളും കണ്‍ട്രോള്‍ റൂമില്‍ ലഭ്യമാക്കും.
ബന്ധപ്പെട്ടരേഖ: https://keralanews.gov.in/6218/coastal-areas-of-thiruvananthapuram-facing-crucial-situation-.html

