എറണാകുളം : ട്രിപ്പിൾ ലോക്ക് ഡൗൺ പ്രഖ്യാപിച്ച ചെല്ലാനം പഞ്ചായത്തിൽ പരിശോധന കർശനമാക്കുന്നതിന്റെ ഭാഗമായി ചെല്ലാനത്ത് സ്പെഷ്യൽ ടെസ്റ്റിംഗ് ടീമിനെ ചുമതലപെടുത്താൻ മന്ത്രി വി. എസ്. സുനിൽകുമാറിന്റെ അധ്യക്ഷതയിൽ ചേർന്ന ജില്ല തല കോവിഡ് അവലോകന യോഗത്തിൽ തീരുമാനമായി. ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ പ്രത്യേക നോഡൽ ഓഫീസർക്ക് പ്രദേശത്തു ചുമതല നൽകും. അതിനു പുറമെ പ്രദേശത്തെ കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററിനോട് ചേർന്നും പരിശോധനക്ക് ആവശ്യമായ സൗകര്യം ഒരുക്കും. പ്രദേശത്തെ ആക്റ്റീവ് സർവെയ്‌ലൻസ് ശക്തമാക്കാനും മന്ത്രി നിർദേശം നൽകി. പ്രദേശത്തു ബോധവത്കരണവും ശക്തമാക്കാൻ നിർദേശം നൽകിയിട്ടുണ്ട്. നാളെ പ്രദേശത്ത് സപ്ലൈകോയുടെ മൊബൈൽ വാഹനവും ഹോർട്ടികോർപിന്റെ അഞ്ചു വാഹനങ്ങളും പ്രവർത്തിക്കും. പ്രദേശത്ത് ഇതുവരെ 10940 കിലോഗ്രാം അരി വിതരണം ചെയ്തു.
ജില്ലയിൽ അനധികൃത മത്സ്യ വില്പന വ്യാപകമാണെന്ന് പരാതി ഉയർന്ന സാഹചര്യത്തിൽ ലൈസൻസ് ഇല്ലാതെയുള്ള അനധികൃത മത്സ്യ വില്പന നിരോധിക്കാൻ തീരുമാനിച്ചു. കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെ ആൾക്കൂട്ടമുണ്ടാവുന്ന സാഹചര്യത്തിലാണ് നിരോധനം.
തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിൽതയ്യാറാക്കുന്ന കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററുകളിൽ 2000ഇൽ അധികം ബെഡുകൾ സജ്ജമായിട്ടുണ്ട്.
ജില്ലയിൽ ശരാശരി 550 ആർ. ടി. പി. സി. ആർ പരിധോധനകൾ ആണ് സർക്കാർ ലാബുകളിൽ നടത്തുന്നത്. സ്വകാര്യ ലാബുകളിൽ 1400 പരിശോധനകളും നടത്തുന്നുണ്ട്. 325 സാമ്പിളുകൾ ആണ് ആന്റിജൻ പരിശോധനക്ക് വിധേയമാക്കുന്നത്. ചെല്ലാനത്ത് ഇതു വരെ 770 സാമ്പിളുകൾ ആണ് പരിശോധിച്ചത്.
ജില്ലാ കളക്ടർ എസ്. സുഹാസ്, എഫ്. എൽ. ടി. സി കളുടെ ചുമതലയുള്ള ജെറോമിക് ജോർജ്, സബ് കളക്ടർ സ്നേഹിൽ കുമാർ സിങ്, അസിസ്റ്റന്റ് കളക്ടർ രാഹുൽ കൃഷ്ണ ശർമ, എസ്. പി. കെ കാർത്തിക്, ഡി. സി. പി ജി പൂങ്കുഴലി, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എൻ. കെ കുട്ടപ്പൻ, ദേശിയ ആരോഗ്യ ദൗത്യം ജില്ലാ പ്രൊജക്റ്റ് ഓഫീസർ ഡോ. മാത്യൂസ് നുമ്പേലി തുടങ്ങിയവർ അവലോകന യോഗത്തിൽ പങ്കെടുത്തു.