റഷ്യന്‍ വാക്‌സിന്‍ ഫലപ്രദം; 4.70 കോടി ഡോസ് ഉല്‍പാദിപ്പിക്കുവാന്‍ പദ്ധതി

മോസ്‌കോ: തങ്ങള്‍ വികസിപ്പിച്ചെടുത്തതും ഫലപ്രദമെന്ന് സ്ഥിരീകരിച്ചതുമായ വാക്‌സിന്‍ റഷ്യ വന്‍തോതില്‍ ഉല്‍പാദിപ്പിക്കാനൊരുങ്ങുന്നു. ദേശീയ തലത്തില്‍ ഈ വര്‍ഷം മൂന്നുകോടി വാക്‌സിന്‍ ഡോസ് ഉല്‍പാദിപ്പിക്കുന്നതിനുള്ള ചര്‍ച്ച തുടങ്ങിയതായാണ് റിപ്പോര്‍ട്ട്. വിദേശരാജ്യങ്ങള്‍ക്കായി 1.70 കോടി ഡോസ് ഉല്‍പാദിപ്പിക്കാനും ശ്രമം ആരംഭിച്ചു. റഷ്യന്‍ ഡയറക്റ്റ് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് മേധാവി കിറൈല്‍ ഡിമിട്രീവാണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്.

38 പേരില്‍ ഒരുമാസം നീണ്ട വാക്‌സിന്റെ ആദ്യഘട്ട പരീക്ഷണം വിജയകരമായി പൂര്‍ത്തിയാക്കിയത് കഴിഞ്ഞയാഴ്ചയാണ്. ഈ വാക്‌സിന്‍ പാര്‍ശ്വഫലങ്ങള്‍ ഇല്ലാത്തതാണെന്നും പ്രതിരോധശക്തി വര്‍ധിപ്പിക്കുമെന്നും റഷ്യന്‍ ഗവേഷകര്‍ പറഞ്ഞിരുന്നു. വാക്‌സിന്‍ ട്രയലിന്റെ മൂന്നാംഘട്ടം ഓഗസ്റ്റില്‍ തുടങ്ങും. നിലവില്‍ ആദ്യ ട്രയലില്‍ തന്നെ ലഭിച്ച ഫലത്തിന്റെ അടിസ്ഥാനത്തില്‍ ഓഗസ്റ്റില്‍ റഷ്യയിലും സെപ്റ്റംബറില്‍ മറ്റു ചില രാജ്യങ്ങളിലും വാക്‌സിന് അംഗീകാരം ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.

കൊവിഡിനെ പ്രതിരോധിക്കാനായി 100ലേറെ വാക്‌സിന്‍ ഗവേഷണങ്ങള്‍ ലോകത്ത് നടന്നുകൊണ്ടിരിക്കുന്നു. ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് ബ്രിട്ടനിലെയും ചൈനയിലെയും ഓരോ വാക്‌സിനുകള്‍ വീതം മനുഷ്യരിലുള്ള പരീക്ഷണത്തിന്റെ മൂന്നാംഘട്ടത്തിലാണ്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →