തൃശൂർ : പൊതുജനസുരക്ഷയ്ക്ക് റെഡ്ബട്ടൺ ടെർമിനലുമായി തൃശൂർ സിറ്റി പോലീസ്. ഇന്റലിജന്റ് റോബോട്ടിക്ക് സാങ്കേതിക വിദ്യ അടിസ്ഥാനപ്പെടുത്തി 24 മണിക്കൂറും പൊതുജനസുരക്ഷ ഉറപ്പാക്കുന്ന റെഡ്ബട്ടൺ സംവിധാനമാണ് ജില്ലയിൽ ആരംഭിച്ചിട്ടുള്ളത്. ഇതോടെ ക്രമസമാധാന പാലനത്തിന് വികസിത രാജ്യങ്ങളിൽ ഉപയോഗിച്ചുവരുന്ന ഇന്റലിജന്റ് റോബോട്ടിക് സംവിധാനം ഇന്ത്യയിൽ ആദ്യമായി കേരളാ പോലീസും ഉപയോഗപ്പെടുത്തുകയാണ്.
തൃശൂർ നഗരത്തിലെ വിവിധ സ്ഥലങ്ങളിലായി സ്ഥാപിക്കപ്പെടുന്ന റെഡ്ബട്ടൺ ടെർമിനലുകളിൽ കൈവിരലുകളമർത്തിയാൽ സഹായമാവശ്യപ്പെടുന്നയാൾ നിൽക്കുന്ന സ്ഥലവും പരിസരങ്ങളിലെ ചിത്രങ്ങളും പോലീസ് കൺട്രോൾ റൂമിൽ ദൃശ്യമാവും. ഇതോടെ ഘടിപ്പിച്ചിട്ടുള്ള ഹോട്ട് ലൈൻ ടെലിഫോണിലൂടെ കൺട്രോൾ റൂമിലെ പോലീസുദ്യോഗസ്ഥരുമായി നേരിട്ട് സംസാരിക്കാനും കഴിയും. റെഡ് ബട്ടൺ അമർത്തുന്നയാൾ പോലീസുദ്യോഗസ്ഥനുമായി ആശയവിനിമയം പൂർത്തിയായാൽ ഉടൻതന്നെ സംഭവത്തിന്റെ വിശദാംശങ്ങൾ 24 മണിക്കൂറും നഗരത്തിൽ സേവനം അനുഷ്ടിക്കുന്ന കൺട്രോൾറൂം പോലീസ് വാഹനങ്ങളിലേക്ക് കൈമാറും. തുടർന്ന് നിമിഷങ്ങൾക്കകം സുരക്ഷയ്ക്കായി പോലീസ് വാഹനം സംഭവസ്ഥലത്ത് എത്തുന്ന വിധത്തിലാണ് ഇതിന്റെ സംവിധാനം ഏർപ്പെടുത്തിയിരിക്കുന്നത്.
റെഡ് ബട്ടൺ ടെർമിനലുകളിൽ സ്ഥാപിച്ചിട്ടുള്ള ഹൈ ഡെഫിനിഷൻ ക്യാമറകൾ 360 ഡിഗ്രി ചുറ്റളവിൽ ദൃശ്യങ്ങൾ രേഖപ്പെടുത്തുന്നതിനും കുറ്റവാളികളുടെ മുഖം കൃത്യമായി പകർത്തുന്നതിനും കഴിയുന്നവയാണ്. കൂടാതെ ഇതിൽ ഉൾക്കൊള്ളിച്ചിട്ടുള്ള 4-കെ റെക്കോഡിങ്ങ് സജ്ജമായ ക്യാമറകൾക്ക് കുറ്റകൃത്യങ്ങളിൽ ഉൾപ്പെടുന്ന വാഹനങ്ങളുടെ നമ്പർ പ്ലേറ്റുകൾ വരെ കൃത്യമായി പകർത്തുന്നതിനും ഉതകും. ഇങ്ങനെ നഗരത്തിൽ പലയിടങ്ങളിലായി സ്ഥാപിച്ചിട്ടുള്ള റെഡ്ബട്ടൺ ടെർമിനലുകൾ 24 മണിക്കൂറും വീഡിയോ റെക്കോഡിങ്ങ് സംവിധാനമുള്ള ക്യാമറകളാണ്.
ഇവിടെനിന്നും ശേഖരിക്കുന്ന വിവരങ്ങൾ കമാന്റ് സെന്റർ വഴി തൊട്ടടുത്ത് സ്ഥിതിചെയ്യുന്ന പോലീസ് സ്റ്റേഷൻ, പോലീസ് കൺട്രോൾ റൂം, ഫ്ളയിങ്ങ് സ്‌ക്വാഡ്, പോലീസ് പട്രോളിംഗ് വാഹനങ്ങൾ എന്നിവയിലേക്ക് നിമിഷ നേരത്തിൽ കൈമാറുന്നതിനും ക്യാമറയിൽ പകർത്തപ്പെട്ട ദൃശ്യങ്ങൾ ഇവിടെ സ്ഥാപിക്കപ്പെട്ട മോണിറ്ററുകളിലേക്ക് അയക്കുന്നതിനും സാധിക്കും. ഇത് റെഡ് ബട്ടൻ സംവിധാനത്തെ കൂടുതൽ കാര്യക്ഷമമാക്കുന്നതിന് സാധിക്കും.
അപ്രതീക്ഷിതമായി ഏതു സമയവും പ്രശ്നങ്ങളിൽപ്പെടുന്ന ഏതൊരാൾക്കും പ്രധാനമായും സ്ത്രീകളുടേയും കുട്ടികളുടേയും സുരക്ഷയ്ക്കും ഉപകാരപ്പെടുന്ന ഒരു സംവിധാനമാണ് റെഡ് ബട്ടൺ ടെർമിനൽ. കൂടാതെ വ്യക്തിഗത വിവരങ്ങൾ വെളിപ്പെടുത്താതെ തന്നെ ഏതൊരാൾക്കും റെഡ്ബട്ടണിലൂടെ സഹായമഭ്യർത്ഥിക്കുന്നതിനും കുറ്റകൃത്യങ്ങളെക്കുറിച്ചും കുറ്റവാളികളെക്കുറിച്ചുമുള്ള വിവരങ്ങൾ സംഭവസ്ഥലത്ത് വെച്ച് തന്നെ പൊലീസിന് കൈമാറാനുമാകും എന്നതാണ് ഇതിന്റെ മറ്റൊരു സവിശേഷത. റെഡ് ബട്ടൺ ഉപയോക്താവ് തനിക്ക് ആവശ്യമുള്ള പോലീസ് സേവനത്തിന് ഏത് പോലീസ് സ്റ്റേഷനിലേക്ക് വിളിക്കണമെന്നും ഏത് ടെലിഫോൺ നമ്പറിൽ ബന്ധപ്പെടണമെന്നുമുള്ള ആശങ്കയ്ക്ക് വഴിവയ്ക്കാത്തതാണ് ഇതിന്റെ പ്രവർത്തനങ്ങൾ.
കേരള സ്റ്റാർട്ട്അപ്പ് മിഷന് കീഴിലുള്ള ആർ- ബട്ടൺ ടെക്ക്നോളജി എന്ന സ്ഥാപനമാണ് കേരളാ പോലീസിനുവേണ്ടി ഈ സാങ്കേതികവിദ്യ വികസിപ്പിച്ചെടുത്ത് നിർവ്വഹണം നടത്തുന്നത്. ആദ്യഘട്ടത്തിൽ നഗരത്തിൽ കോർപ്പറേഷൻ ഓഫീസ് പരിസരത്തും ശക്തൻ നഗറിലുമാണ് റെഡ്ബട്ടൺ ടെർമിനലുകൾ സ്ഥാപിച്ചിട്ടുള്ളത്. വിവിധ ഘട്ടങ്ങളിലായി ഇതിന്റെ പ്രവർത്തനം വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ ജില്ല മുഴുവനും വ്യാപിപ്പിക്കാനാണ് തീരുമാനം. റെഡ് ബട്ടൺ സംവിധാനം സ്ഥാപിക്കുന്നതിനാവശ്യമായ സ്ഥലവും മറ്റ് അടിസ്ഥാന സംവിധാനങ്ങളും ഒരുക്കുന്നത് തൃശൂർ കോർപ്പറേഷനാണ്.
തൃശൂർ കോർപ്പറേഷനുമായി സഹകരിച്ച് തൃശൂർ സിറ്റി പോലീസ് നടപ്പിലാക്കുന്ന റെഡ്ബട്ടൺ ടെർമിനൽ പദ്ധതിയുടെ ഉദ്ഘാടനം തൃശൂർ പോലീസ് കൺട്രോൾ റൂമിൽ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ.സി. മൊയ്തീൻ നിർവ്വഹിച്ചു. തൃശൂർ കോർപ്പറേഷൻ മേയർ അജിത ജയരാജൻ മുഖ്യാതിഥിയായി. സിറ്റി പോലീസ് കമ്മീഷണർ ആർ.ആദിത്യ അദ്ധ്യക്ഷത വഹിച്ചു. തൃശൂർ അസി. കമ്മീഷണർ വി കെ രാജു, ടൗൺ ഈസ്റ്റ് എസ്.എച്ച്.ഓ ലാൽകുമാർ, കൺട്രോൾ റൂം ഇൻസ്പെക്ടർ വി. ബാബുരാജൻ എന്നിവരും പങ്കെടുത്തു.

