മുഖ്യമന്ത്രിയുടെ മുൻ ഐ ടി ഫെലോ അരുൺ ബാലചന്ദ്രനെ കസ്റ്റംസ് ചോദ്യം ചെയ്യും

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മുൻ ഐടി ഫെലോ അരുൺ ബാലചന്ദ്രനെ സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട് കസ്റ്റംസ് ചോദ്യം ചെയ്യും. സ്വർണക്കടത്ത് കേസിലെ മുഖ്യപ്രതികളുമായി അരുൺ ബാലചന്ദ്രന് നാളുകൾക്ക് മുൻപ് തന്നെ പരിചയമുണ്ടായിരുന്നു എന്നും സ്വർണക്കടത്തിന് മുൻപും പിൻപും ഫോണിലൂടെ ബന്ധപ്പെട്ടിരുന്നു എന്നും ഉള്ള ഡിജിറ്റൽ തെളിവുകളുടെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യാൻ കസ്റ്റംസ് തീരുമാനിച്ചിരിക്കുന്നത്.

മുൻ ഐടി സെക്രട്ടറി ശിവശങ്കരൻ നായരെ വീണ്ടും കൊച്ചിയിൽ കസ്റ്റംസ് ചോദ്യം ചെയ്യുമെന്ന് വിവരവും ഉണ്ട്. കഴിഞ്ഞദിവസം തിരുവനന്തപുരത്ത് എട്ടര മണിക്കൂർ ശിവശങ്കരനെ കസ്റ്റംസ് ചോദ്യം ചെയ്തിരുന്നു. സർവീസ് ചട്ടങ്ങളുടെ ലംഘനം സംബന്ധിച്ച് ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള അന്വേഷണ റിപ്പോർട്ട് സർക്കാരിന് തൊട്ടുപിന്നാലെ ലഭിച്ചു. സർവീസ് ചട്ടങ്ങളുടെ ലംഘനവും മുതിർന്ന ഉദ്യോഗസ്ഥൻ എന്ന ജാഗ്രതക്കുറവ് ശിവശങ്കരനില്‍ നിന്ന് ഉണ്ടായി എന്ന് റിപ്പോർട്ടിൽ പറഞ്ഞിരുന്നു. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ശിവശങ്കരനെ സർവീസിൽനിന്ന് സർക്കാർ സസ്പെൻഡ് ചെയ്തിരിക്കുകയാണ്.

വ്യാഴാഴ്ച കസ്റ്റംസ് അറസ്റ്റ് ചെയ്ത സഞ്ചുവിന് സ്വർണക്കടത്ത് ഗൂഢാലോചനയിലും പ്രധാന പങ്കുണ്ട് എന്ന പ്രാഥമിക ചോദ്യം ചെയ്യലിൽ കണ്ടെത്തി. ഇയാളെ കസ്റ്റഡിയിൽ ലഭിക്കുന്നതിനായി കസ്റ്റംസ് ഇന്ന് കോടതിയിൽ അപേക്ഷ നൽകും.

ഇപ്പോൾ കസ്റ്റംസിന്‍റെ കസ്റ്റഡിയിലുള്ള സരിത്തിനെ ചോദ്യം ചെയ്യലിനും അന്വേഷണത്തിനും ആയി വിട്ട് കിട്ടുന്നതിന് ദേശീയ അന്വേഷണ ഏജൻസി കോടതിയിൽ അപേക്ഷ നൽകി. സന്ദീപ് നായർ, സ്വപ്ന സുരേഷ്, സരിത എന്നിവരെ ഒന്നിച്ചിരുത്തി ചോദ്യം ചെയ്യുന്നതിലൂടെ സുപ്രധാനമായ പല വിവരങ്ങളും കണ്ടെത്താനാകുമെന്നാണ് എൻഐഎ കരുതുന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →