റബറിന് വിലയില്ല; 10 വര്‍ഷം മക്കളെപ്പോലെ വളര്‍ത്തിയ മൂന്നര ഏക്കറിലെ റബര്‍മരങ്ങള്‍ മുഴുവന്‍ വെട്ടിമാറ്റിയ കര്‍ഷക ദുരന്തം

കോട്ടയം: 35,000ഓളം വ്യാവസായിക ഉല്‍പന്നങ്ങള്‍ നിര്‍മിക്കാനുള്ള പ്രകൃതിദത്ത അസംസ്‌കൃത വസ്തുവാണ് റബര്‍. എന്നാല്‍, നാള്‍ ചെല്ലുന്തോറും റബര്‍വില കുത്തനെ ഇടിയുകയാണ്. കോട്ടയം ജില്ലയിലെ പാലാ, പൊന്‍കുന്നം, കാഞ്ഞിരപ്പള്ളി, മുണ്ടക്കയം ഭാഗങ്ങള്‍ റബര്‍കൃഷിക്ക് പേരുകേട്ട സ്ഥലങ്ങളായിരുന്നു ഒരുകാലത്ത്. ഇന്ന് അവിടങ്ങളില്‍ വിലയിടിവുമൂലം പിടിച്ചുനില്‍ക്കാനാവാതെ തോട്ടങ്ങള്‍ വെട്ടിമാറ്റുന്ന കര്‍ഷകരുടെ എണ്ണം കൂടിവരുന്നു. ഇടവിളയായി കൊക്കോ നട്ടും തേനീച്ച വളര്‍ത്തിയും തീറ്റപ്പുല്ല് കൃഷിചെയ്തു നോക്കിയിട്ടും റബര്‍കൃഷി നഷ്ടത്തിലേക്കുതന്നെ കൂപ്പുകുത്തുകയാണ്. ഏഴ്- എട്ട് കൊല്ലം വളമിട്ട് മരുന്നടിച്ച് മക്കളെ വളര്‍ത്തുന്നതുപോലെ പരിപാലിച്ച റബര്‍ മരങ്ങള്‍ ഉല്‍പന്നത്തിനു വിലയില്ലാത്തതിനാല്‍ പലരും മുറിച്ചുവില്‍ക്കുകയാണ്.

പട്ടിത്താനം പിച്ചകശ്ശേരില്‍ സജി ലക്ഷങ്ങള്‍ ചെലവാക്കി കൃഷി ചെയ്ത മൂന്നരയേക്കറിലെ റബര്‍മരങ്ങള്‍ വെട്ടിമാറ്റി. 20 വര്‍ഷം മുമ്പ് ഈ സ്ഥലം വാങ്ങുമ്പോള്‍ റബറിന്റെ വില കിലോയ്ക്ക് 250ല്‍ എത്തിയപ്പോള്‍ സന്തോഷിച്ചു. 10 വര്‍ഷം മുമ്പാണു പുതിയ റബര്‍തൈകള്‍ നട്ടത്. എട്ടുവര്‍ഷത്തെ കാത്തിരിപ്പിനുശേഷം രണ്ടുവര്‍ഷം മുമ്പ് ടാപ്പിങ് തുടങ്ങി. ടാപ്പിങ് നടത്തുന്നയാള്‍ക്ക് പകുതി ആദായം എന്ന നിലയിലായിരുന്നു വെട്ടാന്‍ തുടങ്ങിയത്.

റബറിന് വിലയിടിഞ്ഞതോടെ വന്‍തുക നഷ്ടം വന്നു. കഴിഞ്ഞ രണ്ടുവര്‍ഷം ടാപ്പിങ് നടത്തിയപ്പോള്‍ സജിക്ക് 60,000 രൂപ നഷ്ടമുണ്ടായി. ഒടുവില്‍ ഷീറ്റാക്കല്‍ നിര്‍ത്തി. ടാപ്പിങ് നടത്തി കിട്ടുന്ന കറ അങ്ങനെതന്നെ വിറ്റു. എന്നിട്ടും പിടിച്ചുനില്‍ക്കാന്‍ കഴിയുന്നില്ല. ഇനി പറമ്പില്‍ കശുമാവ്, പ്ലാവ്, മാവ് തുടങ്ങി എന്തെങ്കിലും കൃഷിചെയ്യണമെന്നാണ് സജിയുടെ ആഗ്രഹം.

ഇങ്ങനെ ആളുകള്‍ റബര്‍കൃഷി പാടേ കൈയൊഴിയുന്ന സ്ഥിതിയുണ്ടായാല്‍ പ്രകൃതിദത്ത റബറിന്റെ ദൗര്‍ലഭ്യമുണ്ടാവുകയും വ്യാവസായിക വളര്‍ച്ചയില്‍ പിറകോട്ടടിക്കലിനു കാരണമാവുകയും ചെയ്യും. അതുകൊണ്ട് കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ മുന്‍കൈയെടുത്ത് റബര്‍ കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ക്ക് ശാശ്വതപരിഹാരം കണ്ടെത്തേണ്ടത് അത്യാവശ്യമാണ്. റബറിന് താങ്ങുവില നിശ്ചയിച്ചും വിത്ത്, വളം, കീടനാശിനികള്‍ മുതലായവ സബ്‌സിഡി നിരക്കില്‍ എത്തിച്ചുനല്‍കിയും മാര്‍ക്കറ്റിങില്‍ ആധുനിക സമ്പ്രദായങ്ങള്‍ ഏര്‍പ്പെടുത്തിയും കര്‍ഷര്‍ക്ക് സഹായം നല്‍കണം.

Share
അഭിപ്രായം എഴുതാം