തിരുവനന്തപുരം: വിദ്യാഭ്യാസ യോഗ്യതകള്‍ വ്യാജമെന്ന പരാതിയില്‍ സ്വപ്‌ന സുരേഷിനെതിരേ കന്റോണ്‍മെന്റ് പൊലീസ് കേസെടുത്തു. സ്വപ്‌നയ്ക്കു പുറമേ അവരെ നിയമിച്ച കണ്‍സള്‍ട്ടന്‍സി പിഡബ്ല്യുസി, ഏജന്‍സിയായ വിഷന്‍ ടെക്നോളജീസ് എന്നിവയെയും പ്രതിസ്ഥാനത്ത് ഉള്‍പ്പെടുത്തിയിട്ടുണ്ട്. സ്വപ്‌ന സുരേഷ് മഹാരാഷ്ട്രയിലെ ബാബാ സാഹേബ് അംബേദ്കര്‍ സര്‍വകലാശാലയുടെ വ്യാജ ബികോം സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിച്ചാണ് ഐടി വകുപ്പിന് കീഴിലെ സ്ഥാപനത്തില്‍ ജോലി കരസ്ഥമാക്കിയതെന്നാണ് പരാതി.
വിശ്വാസവഞ്ചന, വ്യാജരേഖ ചമയ്ക്കല്‍ ഉള്‍പ്പെടെ ആറ് വകുപ്പുകള്‍ പ്രകാരമാണ് കേസ്. കെഎസ്‌ഐടിഐഎല്‍ അധികൃതര്‍ രേഖാമൂലം നല്‍കിയ പരാതിയിലാണ് കേസെടുത്തത്. ഒപ്പം, വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് നിര്‍മിച്ചെന്നാരോപിച്ച് സ്വപ്‌ന സുരേഷിനെതിരേ ബാബാ സാഹേബ് അംബേദ്കര്‍ സര്‍വകലാശാല മഹാരാഷ്ട്ര പോലീസില്‍ പരാതി നല്‍കും.

