ന്യൂഡല്‍ഹി: നിസാമുദ്ദീന്‍ തബ്ലീഗ് ജമാഅത്ത് സമ്മേളനത്തില്‍ പങ്കെടുത്ത 73 വിദേശികളെയും 62 മലേഷ്യക്കാരെയും 11 സൗദി പൗരന്മാരെയും പിഴ ഈടാക്കി മോചിപ്പിക്കാന്‍ ഡല്‍ഹിയിലെ രണ്ട് വ്യത്യസ്ത കോടതികള്‍ ഉത്തരവിട്ടു. മലേഷ്യന്‍ പൗരന്മാര്‍ 7000 രൂപ വീതവും സൗദി പൗരന്മാര്‍ 10,000 രൂപ വീതവുമാണ് പിഴ അടയ്ക്കേണ്ടത്.
നിയമവിരുദ്ധമായി മതപ്രചാരണത്തില്‍ ഏര്‍പ്പെടല്‍, കൊവിഡ്- 19 പൊട്ടിപ്പുറപ്പെട്ടതിനെ തുടര്‍ന്ന് പുറപ്പെടുവിച്ച സര്‍ക്കാര്‍ മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിക്കല്‍ തുടങ്ങിയ വിസ മാനദണ്ഡങ്ങള്‍ ലംഘിച്ചെന്നായിരുന്നു ഇവര്‍ക്കെതിരായ കുറ്റം. കേസില്‍ കുറ്റപത്രം സമര്‍പ്പിക്കപ്പെട്ട 31 രാജ്യങ്ങളില്‍നിന്നുള്ള 371 പേര്‍ക്ക് കോടതി ഇതുവരെ ജാമ്യം അനുവദിച്ചിട്ടുണ്ട്. 31 രാജ്യങ്ങളില്‍നിന്നുള്ള 956 വിദേശികള്‍ക്കെതിരേ 59 കുറ്റപത്രങ്ങളാണ് ഇതുവരെ സമര്‍പ്പിച്ചത്.
ഡല്‍ഹി മെട്രോപോളിറ്റന്‍ മജിസ്ട്രേറ്റ് സിദ്ധാര്‍ഥ മാലിക്കാണ് മലേഷ്യന്‍ പൗരന്മാരുടെ കേസ് പരിഗണിച്ചത്. കുറ്റസമ്മതം നടത്തിയ പ്രതികളുടെ ശിക്ഷ ഇളവുനല്‍കാനുള്ള അപേക്ഷ പരിഗണിച്ച് പിഴ ഈടാക്കി നാട്ടിലേക്ക് പോകാന്‍ അനുമതി നല്‍കുകയായിരുന്നു. പ്രതികള്‍ മറ്റ് കുറ്റകൃത്യങ്ങളിലൊന്നും ഏര്‍പ്പെട്ടിട്ടില്ലാത്തതിനാല്‍ ചെറിയ പിഴ ഈടാക്കി നാട്ടിലേക്ക് പോകാന്‍ അനുമതി നല്‍കുന്നതായി വിധിന്യായത്തില്‍ പറഞ്ഞു.
തബ്ലീഗ് ആസ്ഥാനത്തു നടന്ന പരിപാടിയില്‍ പങ്കെടുത്തതുമായി ബന്ധപ്പെട്ട് അറസ്റ്റിലായ 82 ബംഗ്ലാദേശികള്‍ക്ക് ഡല്‍ഹി കോടതി ജാമ്യം അനുവദിച്ചു. ചീഫ് മെട്രോപൊളിറ്റന്‍ മജിസ്ട്രേറ്റ് ഗുര്‍മോഹിന കൗര്‍ ആണ് 10,000 വ്യക്തിഗത ബോണ്ടില്‍ ജാമ്യം അനുവദിച്ചത്.