ഡല്‍ഹിയെ പിടിച്ചുകുലുക്കുന്ന ഭൂചലനങ്ങള്‍ ഉണ്ടാകുമെന്ന് ശാസ്ത്രസമൂഹം മുന്നറിയിപ്പ് നല്‍കുന്നു

ന്യൂഡല്‍ഹി: ഹിമാലയന്‍ മേഖലയില്‍ ഭൂകമ്പത്തിന് സാധ്യത ഏറെയെന്ന് ശാസ്ത്രജ്ഞര്‍ മുന്നറിയിപ്പു നല്‍കുന്നു. പര്‍വതനഗരമായ സിംലയിലും സമതലപ്രദേശമായ ഡല്‍ഹിയിലും മുന്‍കരുതല്‍ എടുക്കുന്നില്ലെന്നും എത്രയുംവേഗം അടിയന്തര നടപടി സ്വീകരിക്കണമെന്നും ശാസ്ത്രജ്ഞര്‍ പറഞ്ഞു.

2015ലെ നേപ്പാളില്‍ അനുഭവപ്പെട്ടതാണ് ഹിമാലയത്തിലെ അവസാനത്തെ വലിയ ഭൂചലനമായി റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. 7.8 തീവ്രതയാണ് ഇതില്‍ രേഖപ്പെടുത്തിയത്. 9000ത്തോളം പേര്‍ മരിക്കുകയും 22,000 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഹിമാലയന്‍ ഭൂകമ്പം എപ്പോള്‍ ഉണ്ടാകുമെന്ന് പറയാനാവില്ലെന്നും അതിനാല്‍ തന്നെ ഈ സാഹചര്യം നേരിടാന്‍ രാജ്യം മുന്‍കരുതല്‍ നടപടികള്‍ കൈക്കൊള്ളണമെന്നും ശാസ്ത്രജ്ഞര്‍ വ്യക്തമാക്കി. ഉടന്‍ തന്നെ ഭൂചലനം ഉണ്ടായേക്കാമെന്നും ചിലപ്പോള്‍ വര്‍ഷങ്ങള്‍ എടുത്തേക്കാമെന്നും ഭുകമ്പനിരീക്ഷണ ശാസ്ത്രജ്ഞര്‍ പറയുന്നു.

ഇന്ത്യയിലെ ഏറ്റവും വലിയ ഭൂകമ്പം 2005ല്‍ കശ്മീരിലാണ് ഉണ്ടായത്. 7.6 ആയിരുന്നു ഇതിന്റെ തീവ്രത. നിയന്ത്രണരേഖയുടെ ഇരുഭാഗങ്ങളിലുമായി 86,000 പേര്‍ ആ ഭൂചലനത്തില്‍ മരിച്ചു. കഴിഞ്ഞ 100 വര്‍ഷത്തിനിടെ ഹിമാലയന്‍ മേഖലകളിലുണ്ടായ ഭൂചലനം ആ പ്രദേശങ്ങളില്‍ പലവിധ ആഘാതങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ടെന്നും ശാസ്ത്രജ്ഞര്‍ പറയുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →