തീരമേഖലയിലെ 56 സര്‍ക്കാര്‍ സ്‌കൂളുകളുടെ പശ്ചാത്തല വികസനത്തിന് 65 കോടിയുടെ പദ്ധതി

ഉദ്ഘാടനം ഒമ്പതിന് മുഖ്യമന്ത്രി ഓണ്‍ലൈനായി നിര്‍വഹിക്കും

തിരുവനന്തപുരം : കിഫ്ബി ധനസഹായത്തോടെ തീരദേശ മേഖലയിലെ 56 സര്‍ക്കാര്‍ സ്‌കൂളുകള്‍ക്ക് 65 കോടിയുടെ പശ്ചാത്തല സൗകര്യവികസന പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ ജൂലൈ ഒമ്പതിന് നിര്‍വഹിക്കും. വൈകിട്ട് മൂന്നിന് ഓണ്‍ലൈനായി നടക്കുന്ന ഉദ്ഘാടന ചടങ്ങില്‍ ഫിഷറീസ് മന്ത്രി ജെ. മേഴ്സിക്കുട്ടി അമ്മ അധ്യക്ഷത വഹിക്കും.മന്ത്രിമാരായ ഡോ. ടി.എം.തോമസ് ഐസക്, പ്രൊഫ. സി. രവീന്ദ്രനാഥ് എന്നിവര്‍ മുഖ്യാതിഥികളായിരിക്കും.

സംസ്ഥാനത്തെ തീരദേശ ജില്ലകളിലെ 56 വിദ്യാലയങ്ങളെ മികവിന്റെ കേന്ദ്രമാക്കാന്‍ ലക്ഷ്യമിട്ടാണ് കിഫ്ബിയില്‍ ഉള്‍പ്പെടുത്തി 65 കോടി രൂപ ആദ്യഘട്ടത്തില്‍ സര്‍ക്കാര്‍ അനുവദിച്ചത്. പദ്ധതിയിലൂടെ തിരഞ്ഞെടുത്ത ഓരോ വിദ്യാലയത്തിലും വിദ്യാര്‍ഥി അനുപാതാടിസ്ഥാനത്തില്‍ ക്ലാസ് മുറികള്‍, ലൈബ്രറി സംവിധാനം, ലാബുകള്‍, സ്റ്റാഫ് മുറികള്‍, ശുചി മുറികള്‍ എന്നിവ ഒരുക്കും. പദ്ധതിയുടെ സ്പെഷ്യല്‍ പര്‍പ്പസ് വെഹിക്കിളായ സംസ്ഥാന തീരദേശ വികസന കോര്‍പറേഷന്‍ മുഖേനയാണ് നിര്‍മാണ നിര്‍വഹണം .

തിരുവനന്തപുരം ജില്ലയില്‍ മൂന്ന് സ്‌കൂളുകളുടെ വികസനത്തിന് 3,72,20, 717  രൂപയാണ് അനുവദിച്ചത്. കൊല്ലത്ത് എട്ട് സ്‌കൂളുകള്‍ക്ക് 10,38,36,786 രൂപയും ആലപ്പുഴയില്‍ അഞ്ച് സ്‌കൂളുകള്‍ക്ക് 8,38, 26,815 രൂപയും എറണാകുളത്ത് ഒരു സ്‌കൂളിന് 81,10,453 രൂപയും അനുവദിച്ചു.

തൃശൂര്‍ ജില്ലയില്‍ നാല് സ്‌കൂളുകള്‍ക്ക് 4,97,34,841 രൂപയും മലപ്പുറത്ത് ഏഴ് സ്‌കൂളുകള്‍ക്ക് 6,07, 26,046 രൂപയും കോഴിക്കോട് എട്ട് സ്‌കൂളുകള്‍ക്കായി 6,26, 92,369 രൂപയും അനുവദിച്ചു. കണ്ണൂരില്‍ 11 സ്‌കൂളുകള്‍ക്കായി 13,00, 44,689 രൂപയും കാസര്‍കോട് ഒമ്പത് സ്‌കൂളുകള്‍ക്ക് 10, 62, 40, 430 രൂപയും അനുവദിച്ചിട്ടുണ്ട്.

ഉദ്ഘാടന ചടങ്ങില്‍  മത്സ്യബന്ധന തുറമുഖ വകുപ്പ് സെക്രട്ടറി ടിങ്കു ബിസ്വാള്‍ സ്വാഗതവും പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ കെ. ജീവന്‍ ബാബു നന്ദിയും പറയും.  തീരദേശ വികസന കോര്‍പറേഷന്‍ എം. ഡി :  പി.ഐ. ഷേക് പരീത് റിപ്പോര്‍ട്ട് അവതരിപ്പിക്കും.

ബന്ധപ്പെട്ട രേഖ: https://keralanews.gov.in/5977/infrastucture-development-in-schools-with-the-help-of-kiifb-fund.html

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →