ന്യൂഡല്‍ഹി: ഇന്ത്യയില്‍ നിരോധിക്കപ്പെട്ട ടിക് ടോക്കിന്റെ കാര്യം മൊത്തതില്‍ പതിസന്ധിയിലായി. ടിക് ടോക്കിനെ ലോകമാകെ നിരോധിക്കണമെന്ന രീതിയിലുള്ള സോഷ്യല്‍മീഡിയ പ്രചരണമാണ് നടന്നുകൊണ്ടിരിക്കുന്നത്. പ്രമുഖ ഹാക്കിങ് ഗ്രൂപ്പ് അനോണിമസ് ടിക് ടോക്കിനെതിരേ രംഗത്തുവന്നതോടെ പ്രചരണം ഒന്നുകൂടി ശക്തിപ്രാപിച്ചിരിക്കുകയാണ്. ചൈനയ്ക്കുവേണ്ടി ടിക് ടോക് ഡേറ്റ ചോര്‍ത്തുന്നുവെന്നാണ് അനോണിമസ് ആരോപിക്കുന്നത്.
അമേരിക്കയിലെയും യൂറോപ്പിലെയും സാധാരണ ജനം തങ്ങളുടെ സ്വകാര്യ വിവരങ്ങള്‍ സര്‍ക്കാരിനുപോലും നല്‍കാന്‍ ഇഷ്ടപ്പെടുന്നവരല്ല. അത്തരം വിവരങ്ങള്‍ ആവശ്യപ്പെട്ടാല്‍ത്തന്നെ അതില്‍നിന്ന് അവരെ സംരക്ഷിക്കുന്ന നിയമങ്ങള്‍ ഉണ്ടുതാനും. മറിച്ച് ഇന്ത്യയില്‍ അങ്ങനെയല്ല. നമ്മുടെ സമസ്ത വിവരങ്ങളും സര്‍ക്കാരിനല്ല ഏത് സ്വകാര്യകമ്പനിക്കും നല്‍കാന്‍ ആളുകള്‍ക്ക് മടിയൊന്നുമില്ല.
അങ്ങനെ നല്‍കുന്ന വിവരങ്ങള്‍ ദുര്‍വിനിയോഗം ചെയ്യപ്പെട്ടാലും ശരാശരി ഇന്ത്യക്കാരന് ഒരു പരാതിയും കാണില്ല. ആ ഇന്ത്യയില്‍ ടിക് ടോക്ക് സ്വകാര്യ വിവരങ്ങള്‍ ചോര്‍ത്തുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ നിരോധിച്ചതിന് പാശ്ചാത്യ രാജ്യങ്ങളില്‍ വന്‍ സ്വീകാര്യതയാണ് ലഭിക്കുന്നത്. ഇന്ത്യയുടെ ചുവടുപിടിച്ച് ടിക് ടോക് അടക്കം സ്വകാര്യത കവരുന്ന ആപ്ലിക്കേഷനുകള്‍ക്കെതിരേ വിവിധ ഗ്രൂപ്പുകളുടെ കാംപയിന്‍തന്നെ നടക്കുകയാണ്.
ഇതിനിടെ 59 ആപ്ലിക്കേഷനുകള്‍ നിരോധിച്ചത് ചൈനയുടെ സാമ്പത്തിക രംഗത്ത് വലിയ ആഘാതം ഏല്‍പ്പിക്കുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഇന്ത്യയില്‍ തിരിച്ചടി നേരിട്ട ടിക് ടോക്, ഹലോ ആപ്ലിക്കേഷനുകളുടെ മാതൃകമ്പനിയായ ബൈറ്റ്ഡാന്‍സിന് 600 കോടി ഡോളര്‍(45,000 കോടി രൂപ) നഷ്ടം സംഭവിച്ചെന്നാണ് ചൈനയുടെ സര്‍ക്കാര്‍ മാധ്യമമായ ഗ്ലോബല്‍ ടൈംസ് പറയുന്നത്.
ടിക് ടോക്ക്, ഷെയര്‍ ചാറ്റ്, യുസി ബ്രൗസര്‍, ബൈഡു മാപ്പ്, ഹലോ, മി കമ്മ്യൂണിറ്റി, ക്ലബ് ഫാക്ടറി, വിചാറ്റ്, യുസി ന്യൂസ്, ന്യൂസ് ഡോഗ് തുടങ്ങി 59 ആപ്ലിക്കേഷനുകളാണ് ഇന്ത്യ കഴിഞ്ഞ തിങ്കളാഴ്ച നിരോധിച്ചത്.

