റായ്പുര്‍(ഛത്തീസ്ഗഡ്): 14കാരിയെ ബലാത്സംഗം ചെയ്യാനുള്ള ശ്രമം പരാജയപ്പെട്ടപ്പോള്‍ മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തി. ഛത്തീസ്ഗഡിലെ മുങേലി ജില്ലയില്‍ ചൊവ്വാഴ്ച രാത്രിയാണ് നാടിനെ നടുക്കിയ സംഭവമുണ്ടായത്. ഗുരുതരമായി പൊള്ളലേറ്റ പെണ്‍കുട്ടി ബുധനാഴ്ച മരണപ്പെട്ടു.
30കാരനായ ബബ്ലു ഭാസ്‌കര്‍ എന്നയാളാണ് പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചത്. ഈ സമയത്ത് പെണ്‍കുട്ടി വീട്ടില്‍ തനിച്ചായിരുന്നു. ബലാത്സംഗശ്രമം പെണ്‍കുട്ടി ചെറുത്തുനിന്നത്തോടെ ഇയാള്‍ ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തുകയായിരുന്നു. ദേഹമാസകലം തീ പടര്‍ന്ന പെണ്‍കുട്ടി നിലവിളിച്ച് വീടിന് പുറത്തേക്ക് ഓടി. നിലവിളികേട്ട് എത്തിയ സമീപവാസികള്‍ തീയണച്ച് പെണ്‍കുട്ടിയെ ഉടന്‍ ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ മരിച്ചു.
സംഭവത്തില്‍ പ്രതിയായ ബബ്ലു ഭാസ്‌കറിനെ ബുധനാഴ്ച രാത്രി അറസ്റ്റ് ചെയ്തതായി മുങേലി പോലീസ് സബ് ഡിവിഷണല്‍ ഓഫീസര്‍ തേജറാം പട്ടേല്‍ അറിയിച്ചു. ഇയാള്‍ക്കെതിരേ കൊലപാതകം, ബലാത്സംഗം, പോക്‌സോ വകുപ്പുകളടക്കം ചുമത്തി കേസെടുത്തു.

