ന്യൂഡൽഹി: മുൻകൂട്ടി അറിയിക്കാതെ പ്രധാനമന്ത്രി നരേന്ദ്രമോഡി ചൈനീസ് അതിർത്തിയിലുള്ള സൈനിക കേന്ദ്രങ്ങളിൽ എത്തി. സംയുക്ത സേനാ മേധാവി ബിപിൻ റാവത്ത് കരസേനാമേധാവി എം എം. നരപാനിയും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് വെള്ളിയാഴ്ച (03/07/2020) ഈ പ്രദേശങ്ങളിൽ സന്ദർശനം നടത്തുമെന്ന് നേരത്തെ അറിയിച്ചിരുന്നതാണ്. ബുധനാഴ്ച ഉച്ചകഴിഞ്ഞ് സന്ദർശനം മാറ്റി വെച്ചുകൊണ്ടുള്ള അറിയിപ്പ് പെട്ടെന്നാണ് ഉണ്ടായത്. അപ്പോഴും പ്രധാനമന്ത്രിയുടെ സന്ദർശനത്തിന്റെ സൂചന ഒന്നുമുണ്ടായില്ല. ഏറെക്കുറെ രഹസ്യം എന്നു പറയാവുന്ന വിധത്തിലായിരുന്നു.

വെള്ളിയാഴ്ച രാവിലെ പ്രധാനമന്ത്രിയുടെ യാത്ര. ശ്രീനഗറിൽ നിന്നും കരസേന ഹെലികോപ്റ്ററിൽ ലേയിൽ എത്തി. അവിടെനിന്നും നിമു കരസേന താവളത്തിൽ എത്തിച്ചേർന്നു. പതിനോരായിരം അടി ഉയരത്തിലുള്ള സൈനിക കേന്ദ്രമാണ് നിമു. അതിർത്തിയിലെ പതിനൊന്നാം നമ്പർ കോറിന്റെ കമാൻഡന്റ് ലഫ്റ്റനന്റ് ജനറൽ ഹരി സിംഗ് അതിർത്തിയിലെ സ്ഥിതിഗതികൾ പ്രധാനമന്ത്രിക്കും സൈനികമേധാവിയുടെ മുമ്പിൽ വിശദീകരിച്ചു എന്നാണ് വിവരം. അതിർത്തിയിലെ സാഹചര്യങ്ങൾ സൈനിക തലത്തിൽ പരിഹരിക്കുന്നതിന് ചൈനീസ് ഈ സൈനിക കമാൻഡർമാരുമായി മൂന്നു തവണ ചർച്ച നടത്തിയത് ലഫ്റ്റനന്റ് ജനറൽ ഹരിസിംഗ് ആയിരുന്നു. നിമുവിൽ കര വ്യോമ സേനകളുടെയും ഇൻഡോ ടിബറ്റൻ ബോർഡർ ഫോഴ്സിന്റേയും മേധാവികളുമായി പ്രധാനമന്ത്രി ആശയവിനിമയം നടത്തി.
ഗാൽവനിലെ സൈനിക സംഘർഷത്തിൽ പരിക്കുപറ്റിയ 58 സൈനികർ ലേയിലെ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നുണ്ട്. ഇവരെ പ്രധാനമന്ത്രി സന്ദർശിച്ചു. ആശയവിനിമയം നടത്തി.
മൂന്നാം തീയതി തന്നെ പ്രധാനമന്ത്രി ഡൽഹിയിൽ മടങ്ങിയെത്തും. പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് സൈനിക മേധാവികൾ ഉന്നത ഉദ്യോഗസ്ഥർ എന്നിവരുടെ യോഗം ഇതിനെത്തുടർന്ന് ഉണ്ടാകുമെന്നാണ് അറിയുന്നത്.
പ്രധാനമന്ത്രിയുടെ സന്ദർശനത്തിന് നിലവിലുള്ള സാഹചര്യത്തിൽ വലിയ പ്രാധാന്യമുണ്ട്. അതിർത്തി സംഘർഷം പരിഹരിക്കുന്നതിന് ഉന്നതതല ചർച്ചകൾ നടക്കുന്നുണ്ടെങ്കിലും ചൈനീസ് പട്ടാളം ചിലയിടങ്ങളിൽ നിന്നും പിന്മാറാൻ കൂട്ടാക്കുന്നില്ല. ഇരു കൂട്ടരും അവിടെ നിന്ന് പിൻമാറണം എന്നതാണ് ധാരണ. ധാരണ നടപ്പാക്കാതെ വന്നതിനെ തുടർന്നാണ് ഗാൽവനിൽ ഏറ്റുമുട്ടൽ ആയി മാറിയത്. അതിനുശേഷവും അവിടെ നിന്ന് പിന്മാറാൻ അവർ കൂട്ടാക്കിയില്ല. ഇതേ തുടർന്ന് കനത്തസൈനിക വിന്യാസം അതിർത്തിയിൽ ഇന്ത്യ നടത്തിയിരിക്കുകയാണ്. ചൈനയില്‍ നിന്നും അതിർത്തി സംരക്ഷിക്കുന്നതിന് ലക്ഷ്യമിട്ട് രൂപീകരിച്ച മൗണ്ടൈൻ കോർ അവിടെ എത്തിയിട്ടുണ്ട്. ഉറിയില്‍ സർജിക്കൽ സ്ട്രൈക്ക് നടപ്പാക്കിയ പ്രത്യേക കമാൻഡോ വിഭാഗവും അതിർത്തിയിൽ എത്തിയിട്ടുണ്ട്. ഇതിനുപുറമെ ബംഗാള്‍ കടലില്‍ നാവികസേനയേയും വിന്യസിച്ചു കഴിഞ്ഞു.
ഇതിനുപുറമേ സർക്കാർതലത്തിൽ പരിശോധനകൾ നടത്തി 59 ചൈനീസ് ആപ്പുകൾ ഇന്ത്യയിൽ നിരോധിച്ചുകൊണ്ടുള്ള തീരുമാനവും എടുത്തു. ചൈനീസ് വാണിജ്യ മന്ത്രാലയത്തിൻറെ പ്രതിഷേധം ഉണ്ടായിട്ടും നടപടിയുമായി മുന്നോട്ടുപോവുകയാണ്. ഈ പശ്ചാത്തലത്തിൽ സംഘർഷ മേഖലയിൽ പ്രധാനമന്ത്രി അപ്രതീക്ഷിതമായി എത്തിച്ചേരുന്നത് ഗൗരവമുള്ള സൂചനകൾ നൽകുകയാണ്.

