കൊറോണ ചികിത്സയ്ക്ക് അല്‍പമെങ്കിലും ഫലപ്രദമായ മരുന്ന് ഉല്‍പ്പാദിപ്പിച്ചത് മുഴുവന്‍ അമേരിക്ക വാങ്ങി

ന്യൂഡല്‍ഹി: കൊവിഡ് മഹാമാരി ലോകമാകെ പടരുമ്പോള്‍ അല്‍പ്പമെങ്കിലും ഫലപ്രദമായ മരുന്ന് കൈയൂക്കും സ്വാധിനശക്തിയും പണക്കൊഴുപ്പുമുള്ള വികസിത രാജ്യങ്ങള്‍ മൊത്തമായി വാങ്ങി സ്ഥിതി വഷളാക്കുന്നു. കോവിഡ്- 19 ചികിത്സയ്ക്ക് ഏറ്റവും ഫലപ്രദമെന്ന് കരുതുന്ന റെംഡെസിവിര്‍ എന്ന മരുന്നാണ് അമേരിക്ക മൊത്തമായി വാങ്ങിക്കൂട്ടിയത്. അടുത്ത മൂന്നുമാസത്തേക്ക് ഈ മരുന്ന് സ്റ്റോക്കില്ലെന്ന് ഉല്‍പാദകര്‍ പറയുന്നു. ഈ വിവരം ബുധനാഴ്ചയാണ് അമേരിക്കയിലെ ഡിപ്പാര്‍ട്ട്മെന്റ് ഫോര്‍ ഹെല്‍ത്ത് ആന്റ് ഹ്യൂമന്‍ സര്‍വീസസ് (എച്ച്എച്ച്എസ്) അറിയിച്ചത്. അടുത്ത മൂന്നുമാസത്തേക്ക് മരുന്ന് വിതരണം അമേരിക്കയിലേക്ക് മാത്രമാണെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്.

സെപ്റ്റംബര്‍ വരെ അമേരിക്കയിലെ ആശുപത്രികള്‍ക്കായി 5,00,000 കോഴ്‌സിനുള്ള റെംഡെസിവിര്‍ വാങ്ങിയതായി നിര്‍മാതാക്കളായ എച്ച്എച്ച്എസ് പത്രകുറിപ്പില്‍ അറിയിച്ചു. ഇത് ജൂലൈയില്‍ പ്രതീക്ഷിക്കുന്ന ഉല്‍പാദനവും ഓഗസ്റ്റ്, സെപ്റ്റംബര്‍ മാസങ്ങളിലെ ഉല്‍പാദനത്തിന്റെ 90 ശതമാനവും വരും. അമേരിക്കയില്‍ വര്‍ധിച്ചുവരുന്ന കോവിഡ് പോസിറ്റീവ് കേസുകള്‍ക്കിടയിലാണ് ഈ നീക്കം. അമേരിക്കയില്‍ രോഗികളുടെയും മരണമടയുന്നവരുടേയും എണ്ണം ദിനംപ്രതി കുതിച്ചുയരുകയാണ്.

കോവിഡ്- 19ന്റെ ചികിത്സയില്‍ ഇതുവരെ ഫലപ്രദമായ ചികിത്സ എന്ന നിലയില്‍ റെംഡെസിവിറിന് ഉയര്‍ന്ന ഡിമാന്‍ഡാണ് ഉള്ളത്. ക്ലിനിക്കല്‍ പരിശോധനയില്‍ രോഗമുക്തിക്ക് സമയം തീരെ കുറവാണെന്ന് ഈ മരുന്ന് തെളിയിച്ചു. ഇതേത്തുടര്‍ന്ന് റെംഡെസിവിറിന് അമേരിക്കയില്‍ അടിയന്തര ഉപയോഗ അംഗീകാരവും ജപ്പാനില്‍ പൂര്‍ണ അംഗീകാരവും ലഭിച്ചു. അമേരിക്ക മൊത്തമായി വാങ്ങിയ സാഹചര്യത്തില്‍ വരുംമാസങ്ങളില്‍ ലോകത്തിന്റെ മറ്റു ഭാഗങ്ങളിലേക്കായി ഒരു സ്റ്റോക്കും ശേഷിക്കില്ലെന്നാണ് ഉല്‍പാദകര്‍ പറയുന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →