ന്യൂ ഡല്‍ഹി: കൊറോണ വൈറസ് ബാധിച്ച രോഗികളെ ചികിത്സിക്കുന്നതിന് ആന്റിവൈറല്‍ മരുന്നായ ലോപിനാവിര്‍, റിറ്റോണാവീര്‍ എന്നിവയുടെ സംയോജനം പ്രയോജന പ്രദമല്ലെമന്ന് കണ്ടെത്തല്‍. ലോപിനാവിര്‍, റിറ്റോണാവീര്‍ മരുന്നുകള്‍ സംയോജിപ്പിച്ച് 3376 രോഗികള്‍ക്ക് നല്‍കി നടത്തിയ ക്ലിനിക്കല്‍ പരീക്ഷണത്തിന് ശേഷമാണ് യുകെ ഗവേഷകരുടെ വെളിപ്പെടുത്തല്‍. സംയോജിപ്പിക്കാത്ത മരുന്ന് 1596 രോഗികള്‍ക്ക് നല്‍കിയും പരീക്ഷിച്ചിരുന്നു. 28 ദിവസത്തെ പരീക്ഷണത്തില്‍ നിന്ന് ഈ മരുന്നുകള്‍ക്ക് കൊവിഡിനെ പ്രതിരോധിക്കാന്‍ സാധിക്കില്ലെന്നാണ് വ്യക്തമായതെന്ന് യുകെ അധികൃതര്‍ അറിയിച്ചു. രാജ്യത്തെ 176 ആശുപത്രികളിലെ രോഗികള്‍ക്കാണ് പരീക്ഷണാടിസ്ഥാനത്തില്‍ മരുന്ന് നല്‍കിയത്.
നേരത്തെ ലോപിനാവിര്‍, റിറ്റോണാവീര്‍ ഓസെല്‍റ്റമിവിര്‍ എന്നിവയുള്‍പ്പെടെയുള്ള എച്ച് ഐ വി മരുന്നുകള്‍ കൊവിഡിനെതിരേ ഉപയോഗിക്കുന്നതില്‍ തായ്ലന്‍ഡിലെ ഡോക്ടര്‍മാര്‍ വിജയിച്ചതായി റിപ്പോര്‍ട്ടുണ്ടായിരുന്നു.ഗുരുതരമായി രോഗം ബാധിച്ചിട്ടില്ലാത്ത കൊറോണ രോഗികളില്‍ മൂന്നു മരുന്നുകള്‍ സംയോജിപ്പിച്ച് ഉപയോഗിക്കുന്ന ചികിത്സ വിജയകരമാകുമെന്നായിരുന്നു കണ്ടെത്തല്‍. ഇന്റര്‍ഫെറോണ്‍ ബീറ്റ -1 ബി, ലോപിനാവിര്‍-റിറ്റോണാവീര്‍, റിബാവറിന്‍ എന്നിങ്ങനെ മൂന്ന് മരുന്നുകളുടെ സംയുക്തമാണ് പ്രയോഗിച്ചത്. രണ്ടാം ഘട്ട ക്ലിനിക്കല്‍ പരീക്ഷണത്തിലാണിത് കണ്ടെത്തിയത്. ഈ മൂന്ന് മരുന്നുകളുടെയും സംയുക്തം വൈറസ് വ്യാപനത്തിനുള്ള കാലാവധിയും കുറയ്ക്കുന്നു. മള്‍ട്ടിസെന്റര്‍, പ്രോസ്പെക്റ്റീവ്, ഓപ്പണ്‍-ലേബല്‍, റാന്‍ഡമൈസ്ഡ് ട്രയല്‍ എന്നിവയുടെ ഫലങ്ങള്‍ ദി ലാന്‍സെറ്റ് ജേണലില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.