കൊവിഡ് രണ്ടാം തരംഗം ദശലക്ഷങ്ങളുടെ ജീവനെടുക്കും: ലോകാരോഗ്യ സംഘടന

ന്യൂഡല്‍ഹി: കൊവിഡ് 19 വ്യാപനത്തോത് കുറഞ്ഞുതുടങ്ങിയ രാജ്യങ്ങളില്‍ വൈകാതെ അതി തീവ്രമായ രണ്ടാം തരംഗമുണ്ടായേക്കുമെന്നും അങ്ങനെ സംഭവിച്ചാല്‍ ദശലക്ഷങ്ങള്‍ മരണപ്പെടുമെന്നും ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ). ഇപ്പോള്‍ കുറഞ്ഞുതുടങ്ങിയ വ്യാപനം വര്‍ഷാവസാനം വീണ്ടും അതിതീവ്രമായി ആഞ്ഞടിച്ചേക്കാം. നമ്മളിപ്പോള്‍ ആദ്യ തരംഗത്തിന്റെ മധ്യത്തിലാണ്- ഡബ്ല്യുഎച്ച്ഒ എക്‌സിക്യൂട്ടിവ് ഡയറക്റ്റര്‍ മൈക്ക് റയാന്‍ പറഞ്ഞു.തണുത്ത കാലവസ്ഥ ഉണ്ടാവുന്ന സപ്തംബര്‍, ഒക്ടോബര്‍ മാസങ്ങളിലായിരിക്കും കൊവിഡ് രണ്ടാം തരംഗത്തിന്റെ സമയമെന്നും അദ്ദേഹം പറഞ്ഞു. 1918 ല്‍ പൊട്ടിപ്പുറപ്പെട്ട സ്പാനിഷ് ഫ്‌ലൂവിന് തുല്യമായ ‘ഏറ്റവും മോശമായ അവസ്ഥ ഇനിയും നമുക്ക് മുന്നിലുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

ലോക്ഡൗണ്‍ ഇളവുകള്‍ പിന്‍വലിക്കുന്നതോടെ ആദ്യ തരംഗം കൂടുതല്‍ ശക്തമാകാനും സാധ്യതയുണ്ട്. രോഗം ഏതു നിമിഷവും തീവ്രമായി വ്യാപിച്ചേക്കാമെന്ന കരുതല്‍ വേണം. ഏതാനും മാസത്തിനുള്ളില്‍ രണ്ടാം തരംഗമുണ്ടാകുമെന്ന ബോധ്യത്തില്‍ വേണം മുന്നോട്ടുപോകാന്‍. പകര്‍ച്ചപ്പനിയുടെ പതിവു സീസണൊപ്പമാകും ഇനി കൊവിഡ് വ്യാപനം രൂക്ഷമാകുക. അതു കാര്യങ്ങള്‍ കൂടുതല്‍ വഷളാക്കുമെന്നും റയാന്‍ പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →