ചൈനീസ് അനുകൂല വാര്‍ത്തകള്‍ നല്‍കി; രാജ്യതാല്‍പര്യം തകര്‍ത്താല്‍ പിടിഐയുടെ സബ്‌സ്‌ക്രിപ്ഷന്‍ റദ്ദാക്കുമെന്ന് പ്രസാര്‍ഭാരതി

ന്യൂഡല്‍ഹി: ഇന്ത്യ- ചൈന സംഘര്‍ഷ വിഷയത്തില്‍ ചൈനയെ ന്യായീകരിക്കുന്ന ചൈനീസ് നയതന്ത്ര ഉദ്യോഗസ്ഥന്റെ അഭിമുഖം നല്‍കിയ വാര്‍ത്താ ഏജന്‍സിയായ പിടിഐയുടെ സബ്‌സ്‌ക്രിപ്ഷന്‍ റദ്ദാക്കുമെന്ന് പ്രസാര്‍ഭാരതി താക്കീതുനല്‍കി. ഇന്ത്യയിലെ ചൈനീസ് അംബാസഡര്‍ സുന്‍ വെയ് ദോങുമായുള്ള അഭിമുഖം പിടിഐ കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ചിരുന്നു. ഈ അഭിമുഖത്തില്‍ അദ്ദേഹം ചൈനയുടെ ഭാഗം ന്യായീകരിക്കുകയുണ്ടായി. വാര്‍ത്താ ഏജന്‍സി ദേശീയതാല്‍പര്യം മുന്‍നിര്‍ത്തിയുള്ള റിപ്പോര്‍ട്ടിങ് അല്ല നടത്തുന്നതെന്ന് കേന്ദ്ര സര്‍ക്കാരിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ബ്രോഡ്കാസ്റ്റിങ് ഏജന്‍സിയായ പ്രസാര്‍ ഭാരതി വിമര്‍ശിക്കുന്നു.

ഇന്ത്യയുടെ ദേശീയ പരമാധികാരത്തെ ഇടിച്ചുതാഴ്ത്തുന്ന വിധത്തില്‍ ദേശീയ താല്‍പര്യത്തിന് ദോഷംവരുത്തുന്ന വാര്‍ത്താവതരണ രീതിയാണ് അടുത്തകാലത്തായി പിടിഐ പിന്തുടരുന്നതെന്ന് പ്രസാര്‍ ഭാരതി പറഞ്ഞു. വിഷയവുമായി ബന്ധപ്പെട്ട് തങ്ങളുടെ സബ്‌സ്‌ക്രിപ്ഷനില്‍ അന്തിമതീരുമാനം ഉടന്‍ എടുക്കുന്നതാണ്. വിഷയത്തില്‍ കടുത്ത ഭാഷയിലാണ് പിടിഐ ബോര്‍ഡ് ചെയര്‍മാനായ വിജയ്കുമാര്‍ ചോപ്രയ്ക്ക് പ്രസാര്‍ ഭാരതി കത്തെഴുതിയിരിക്കുന്നത്.

ലഡാക്കിലെയും ഗാല്‍വാനിലെയും സംഘര്‍ഷത്തിന്റെ ഉത്തരവാദിത്തം ചൈനയ്ക്കല്ലെന്നായിരുന്നു ദോങ് അഭിമുഖത്തില്‍ പറഞ്ഞത്. ഇന്ത്യന്‍ ഭാഗത്തുനിന്നുള്ളവര്‍ നിയന്ത്രണരേഖ കടന്നുചെന്ന് ചൈനീസ് സൈനികരെ പ്രകോപിതരാക്കിയെന്നും ആക്രമിച്ചെന്നും രണ്ട് രാജ്യങ്ങളും നേരത്തെ ഒപ്പുവച്ച അതിര്‍ത്തി സംബന്ധമായ കരാറുകള്‍ ഇന്ത്യന്‍ സൈനികര്‍ ലംഘിച്ചെന്നും സുന്‍ വെയ് ദോങ് പിടിഐയുടെ അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ഇതാണ് പ്രസാര്‍ ഭാരതിയെ ചൊടിപ്പിച്ചത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →