ന്യൂഡല്‍ഹി: ചൈനീസ് സാധനങ്ങള്‍ ബഹിഷ്‌കരിക്കല്‍ പൂര്‍ണമായും പ്രായോഗികമായിരിക്കല്ല, എന്നാല്‍ അവരുടെ ഉല്‍പ്പന്നങ്ങളുടെ ഉപയോഗം കുറയ്ക്കാന്‍ സാധിക്കുമെന്നും വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടണമെന്നും ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ എക്സ്പോര്‍ട്ട് ഓര്‍ഗനൈസേഷന്‍. ചെന്നെ അടക്കമുള്ള തുറമുഖങ്ങളില്‍ ചൈനീസ് ചരക്ക് കപ്പലുകള്‍ ശക്തമായ നിരീക്ഷണങ്ങള്‍ക്ക് വിധേയമാവുന്നുണ്ട്. ഇ്ത് ചരക്ക് നീക്കത്തെ ബാധിച്ചിരിക്കുന്ന സാഹചര്യത്തില്‍ കൂടിയാണ് ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ എക്സ്പോര്‍ട്ട് ഓര്‍ഗനൈസേഷന്‍ മേധാവിയുടെ പ്രതികരണം. നിര്‍മാണ മേഖലയിലെ പ്രവര്‍ത്തനത്തിന് ഇന്ത്യ ചൈനീസ് ഇറക്കുമതിയെ ആണ് ആശ്രയിച്ചിരിക്കുന്നതെന്നും സംഘടന ചൂണ്ടികാട്ടി.
അതേസമയം, രാജ്യത്ത് ചൈനീസ് ഉല്‍പ്പന്ന ബഹിഷ്‌കരണ ആഹ്വാനം തുടരുകയാണ്. ഡല്‍ഹിയിലെ ഹോട്ടലുകളിലും ഗസ്റ്റ് ഹൗസുകളിലും ചൈനീസ് സ്വദേശികള്‍ക്ക് റൂം നല്‍കേണ്ടെന്ന് ഹോട്ടലുടമകളുടെ സംഘടനയായ ദില്ലി ഹോട്ടല്‍ ആന്‍ഡ് റസ്റ്റോറന്റ് ഓണേഴ്സ് അസോസിയേഷന്‍ തീരുമാനിച്ചതാണ് ഇതില്‍ പുതിയ വാര്‍ത്ത. ഗല്‍വാനില്‍ ചൈനീസ് ആക്രമണത്തില്‍ 20 ഇന്ത്യന്‍ സൈനികര്‍ വീരമൃത്യു വരിച്ച സംഭവത്തെ തുടര്‍ന്നാണ് നടപടി. ദില്ലി നഗരത്തില്‍ 3000 ബജറ്റ് ഹോട്ടലുകളാണ് സംഘടനക്ക് കീഴിയലുള്ളത്. ഇവയില്‍ 75000 റൂമുകളുമുണ്ട്. ചൈനീസ് ഉല്‍പ്പന്നങ്ങള്‍ ബഹിഷ്‌കരിക്കാന്‍ കോണ്‍ഫഡറേഷന്‍ ഓഫ് ആള്‍ ഇന്ത്യ ട്രെഡേഴ്സിന്റെ തീരുമാനത്തിന് പിന്നാലെയാണ് ഹോട്ടലുടമകളുടെ സംഘടന ചൈനീസ് പൗരന്മാര്‍ക്ക് റൂം നല്‍കേണ്ടെന്ന് തീരുമാനിച്ചത്.

