മുംബൈ : കോവിഡ് വ്യാപനം രൂക്ഷമാകുന്ന മുംബൈയില്‍ ആശുപത്രികളില്‍ ആവശ്യത്തിന് ഓക്സിജനില്ലാത്തത് പുതിയ പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ്. മുംബൈ നഗരത്തിലെ ആശുപത്രികളെല്ലാം കോവിഡ് രോഗികളാല്‍ നിറഞ്ഞിരിക്കുകയാണ്. ഇവിടെ പലര്‍ക്കും ആവശ്യമായ ഓക്സിജന്‍ സഹായം നല്‍കാന്‍ കഴിയുന്നില്ല. കഴിഞ്ഞ ആഴ്ച ബാന്ദ്രയിലെ ആശുപത്രിയില്‍ ഐസിയുവിലേക്ക് വരുന്ന പൈപ്പില്‍ ഓക്സിജന്റെ അളവ് വലിയ അളവില്‍ കുറഞ്ഞു. കോവിഡ് രോഗികളുടെ ആരോഗ്യസ്ഥിതി അനുസരിച്ച് മിനിറ്റില്‍ രണ്ടുമുതല്‍ എട്ട് ലിറ്റര്‍വരെ ഓക്സിജന്‍ ആവശ്യമാണ്. വെന്റിലേറ്ററിലും ഐസിയുവിലും കഴിയുന്ന രോഗികള്‍ക്ക് ഓക്സിജന്‍ അളവ് 58 – 87 പിഎസ്ഐ (പൗണ്ട്സ് പെര്‍ സ്‌ക്വയര്‍ ഇഞ്ച്) നിലനിര്‍ത്തണം. ഇല്ലാത്തപക്ഷം ശ്വാസകോശത്തിന്റെ പ്രവര്‍ത്തനത്തെ ബാധിക്കും. മെയ് മാസത്തില്‍ നിരവധി തവണയാണ് ബാന്ദ്രയിലെ കോവിഡ് ആശുപത്രിയില്‍ ഓക്സിജന്റെ അളവ് 70 പിഎസ്ഐയില്‍ താഴെയായത്. ഇത് രോഗികളുടെ ജീവന്‍ അപകടത്തിലാക്കും.
ഇക്കാര്യം വാര്‍ത്തയായതോടെ രോഗികള്‍ക്ക് ഓക്‌സിജന്‍ സിലിണ്ടര്‍ വാങ്ങാനായി സ്വന്തം എസ് യു വി വിറ്റ് പണം കണ്ടെത്തി മാതൃകയായിരിക്കുകയാണ് ഒരു യുവാവ്. മുംബൈ മലാഡ് സ്വദേശിയായ ഷാനവാസ് ഷെയ്ഖ് ആണ് എസ്‌യുവി വിറ്റത്. ലോക്ക്‌ഡൌണ് കാലത്ത് തന്റെ ഫോര്‍ഡ് എന്‍ഡെവര്‍ കാര്‍ ആംബുലന്‍സ് ആയി ഉപയോഗിക്കുകയായിരുന്നു ഷാനവാസ്. ബിസിനസ് പങ്കാളിയുടെ ആറുമാസം ഗര്‍ഭിണിയായ സഹോദരി കൊവിഡ് 19 ബാധിച്ച് മെയ് 28ന് മരിക്കുക കൂടി ചെയ്തതോടെയാണ് ഷാനവാസ് ഈ തീരുമാനത്തിലെത്തിയത്.250 കുടുംബങ്ങള്‍ക്കാണ് ഇതിനോടകം ഷാനവാസിന്റെ സഹായമെത്തിയത്.
അതേസമയം, കോവിഡ് വ്യാപനംമൂലം ആശുപത്രികളിലെ ഓക്സിജന്‍ ഉപഭോഗം എട്ട് മടങ്ങ് വര്‍ധിച്ചിട്ടുണ്ട്. പ്രതിദിനം 35 സിലിണ്ടര്‍ ആവശ്യമായിരുന്നിടത് 300 എണ്ണം ആണ് മുംബൈയില്‍ ഉപയോഗിക്കുന്നത്. നഗരത്തിലെ പ്രധാന കോവിഡ് ആശുപത്രികളിലൊന്നായ നായര്‍ ആശുപത്രി ഓക്സിജന്‍ ലഭ്യത കുറഞ്ഞതിനെത്തുടര്‍ന്ന് ഗുരുതരമായ രോഗികളെ പ്രവേശിപ്പിക്കുന്നത് നിര്‍ത്തിയിരിക്കുകയാണ്. രണ്ടു ദിവസത്തിലൊരിക്കലാണ് ഓക്സിജന്‍ ടാങ്ക് നിറച്ചിരുന്നത്. കോവിഡ് ആശുപത്രിയാക്കിയതോടെ ദിവസത്തില്‍ മൂന്നുതവണ എന്ന തോതില്‍ വര്‍ധിച്ചെന്നും അധികൃതര്‍ പറഞ്ഞു. രോഗികള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ പ്ര തിസന്ധി കൂടുതല്‍ രൂക്ഷമാകുമെന്ന വിലയിരുത്തലിലാണ് അധികൃതര്‍.

