ന്യൂഡല്‍ഹി: ചൊവ്വയുടെയും ചന്ദ്രന്റെയും ഉപരിതലത്തിന്റെ മുഴുവന്‍ മാപ്പും ഇപ്പോള്‍ നമ്മുടെ കൈയിലുണ്ട്. പക്ഷെ, നമ്മുക്ക് നമ്മള് ജീവിക്കുന്ന പ്രപഞ്ചത്തിലെ കടലുകളെ കുറിച്ച് എത്രത്തോളം അറിയാം? ഒരു പക്ഷെ സമുദ്രങ്ങളെക്കാള്‍ നമ്മുക്ക് അറിയുക ചന്ദ്രോപരിതലത്തെ കുറിച്ചാവും അല്ലേ. എന്നാല്‍ നമ്മുടെ ചുറ്റിലുമുള്ള കടലുകളെ കുറിച്ച് അറിയാന്‍ ശ്രമിക്കുന്ന ചിലരും ഇവിടെയുണ്ട്. ആ ഗവേഷകര്‍ ഇപ്പോള്‍ പുതിയൊരു നേട്ടത്തിലേക്ക് കടക്കുകയാണ്. കടല്‍ ഭൂപടം പൂര്‍ത്തിയാക്കലിന്റെ അവസാന ഘട്ടത്തിലാണ് അവരെന്നതാണ് ആ നേട്ടം. സമദ്രാടിത്തറയെ കുറിച്ചാണ് അവര്‍ പഠനം നടത്തുന്നത്. നിലവില്‍ ലോക സമുദ്രങ്ങളുടെ അഞ്ചിലൊന്ന് ഭാഗം മാപ്പിങ് ചെയ്തു കഴിഞ്ഞെന്നാണ് ഇവര്‍ അവകാശപ്പെടുന്നത്.
കടലിന്റെ മാപ്പിങ് നടത്താന്‍ പലരും പല വിധത്തില്‍ ശ്രമിച്ച് പരാജയപ്പെട്ടതാണെന്ന് അറിയുമ്പോഴാണ് ഈ നേട്ടത്തിന്റെ വില അറിയുക. കടല്‍ മാപ്പിങിന് പ്രതിബന്ധങ്ങള്‍ വളരെയധികമുണ്ട്. സൂര്യപ്രകാശം കടലിന്റെ അടിത്തട്ടില്‍ എത്തുന്ന ഇടങ്ങളില്‍പ്പോലും എന്താണ് ഉള്ളതെന്ന് കണ്ടെത്താന്‍ ബുദ്ധിമുട്ടാണ്. കടലിലെ തിരമാലകള്‍ സൃഷ്ടിക്കുന്ന ഓളമാണ് ഏറ്റവും വലിയ തടസ്സം. താഴെയുള്ള കാഴ്ചയെ മുഴുവന്‍ വികലമാക്കാന്‍ ഈ ഓളങ്ങള്‍ക്കു കഴിയും. ഓരോ ഓളവും ചെറിയ ചെറിയ ലെന്‍സുകളായി പ്രവര്‍ത്തിക്കും. ഫലമോ സൂര്യപ്രകാശം അടിത്തട്ടില്‍ കുറെയധികം ചെറിയ പ്രദേശങ്ങളിലേക്ക് കേന്ദ്രീകരിക്കും. ഓളങ്ങള്‍ അനങ്ങിക്കൊണ്ടിരിക്കുന്നതിനാല് അടിത്തട്ടിലെത്തുന്ന പ്രകാശവും നിരന്തരം ചലിച്ചുകൊണ്ടേ ഇരിക്കും. മുകളില്‍നിന്നു നോക്കിയാല്‍ അനങ്ങിക്കൊണ്ടിരിക്കുന്ന കുറെ വെളിച്ചം മാത്രമേ പലപ്പോഴും കാണൂ. അടിത്തട്ടിന്റെ ഉയര്‍ച്ചതാഴ്ചകളോ ഉപരിതലഘടയോ ഒന്നും വ്യക്തമാവാതെ പോവും. ഇത്തരം പ്രതിസന്ധികളെയെല്ലാം കടന്നാണ് ഇവര്‍ മാപ്പിങ് പൂര്‍ത്തിയാക്കി കൊണ്ടിരിക്കുന്നത്. അതും മനുഷ്യരാശിയുടെ അതിജീവനത്തിന് വേണ്ടി.
സമുദ്രനിരപ്പുകളുടെ 19 ശതമാനം മാപ്പ് ചെയ്ത് കഴിഞ്ഞുവെന്നാണ് സീബഡ് 3030 പ്രോജക്ടിലെ അംഗങ്ങള്‍ പറയുന്നത്.2017ല്‍ കടല്‍ മാപ്പിങ് തയ്യാറാക്കാന്‍ ആരംഭിച്ച പദ്ധതിയാണ് സീബഡ്. 2020ല്‍ എത്തുമ്പോള്‍ ആരംഭിച്ചതില്‍ നിന്ന് ആറ് ശതമാനത്തിലധികം നേട്ടം ഉണ്ടാക്കാന്‍ കഴിഞ്ഞെന്നാണ് ഇവര്‍ പറയുന്നത്. 133 ഓളം വ്യക്തികളും പങ്കാളികളും പിന്തുണക്കാരും ഈ സംരംഭത്തെ സഹായിച്ചിട്ടുണ്ടെന്നും ഇതിന്റെ അംഗങ്ങള്‍ വ്യക്തമാക്കുന്നു. കടല്‍ മാപ്പിങ് സമുദ്രങ്ങളെ, വേലിയേറ്റവും സുനാമിയും ഉള്‍പ്പെടെയുള്ള കാര്യങ്ങളെ കുറിച്ച കൃത്യത വരാന്‍ സഹായിക്കും. കടലിനടിയില്‍ ഡാറ്റ കേബിളുകള്‍ സ്ഥാപിക്കുന്നതിന് ഇത് സഹായിക്കുമെന്നും സീ ബഡ് അധികൃതര്‍ പറഞ്ഞു.2030ല്‍ എല്ലാ സമുദ്രങ്ങളുടെയും മാപ്പിങ് തയ്യാറാക്കാന്‍ കഴിയും. ഇതിനായി ഇനിയും വളരെയധികം ജോലികള്‍ ബാക്കിയുണ്ട്. ശേഷിക്കുന്ന മാപ്പിങിന്റെ ഭൂരിഭാഗവും ആഴക്കടലാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

