ന്യൂഡൽഹി: ഗാൽവൻ നദിയുടെ വഴിതിരിച്ചുവിട്ട് അവിടെ ഡാം പണിയാൻ ഒരുങ്ങി ചൈന. ഇൻഡസ് നദിയുടെ കൈവഴിയായ് ഒഴുകുന്ന ഷിയോക് നദിയിലാണ് ഗാൽവൻ നദി ചെന്നു ചേരുന്നത്. ഇവിടെയാണ് ചൈന അണക്കെട്ട് പണിയാൻ ഒരുങ്ങുന്നത്. ആ താഴ്വര മുഴുവൻ തങ്ങളുടെതാ ണെന്നാണ് ചൈന അവകാശപ്പെടുന്നത്.
ഇന്ത്യൻ സൈനികരുമായി ഏറ്റുമുട്ടൽ നടന്ന പ്രദേശത്തുനിന്ന് വെറും ഒരു കിലോമീറ്റർ മാറിയാണ് അണക്കെട്ട് നിർമ്മാണം. ഇന്ത്യ ഇവിടെ നിന്ന് ദൗളത് ബെഗ് ഓള്ഡിലേക്ക് റോഡ് നിർമിച്ചിട്ടുണ്ട്. ഇതിൽ നിന്നും വെറും അഞ്ച് കിലോമീറ്റർ മാറി ചൈന താവളം ഉറപ്പിച്ചാൽ ഇന്ത്യക്ക് മലനിരകളിലേക്ക് എത്താനുള്ള ഈ റോഡ് ഉപയോഗിക്കാനാകാതെ ആവും. അണക്കെട്ട് നിർമ്മിക്കുന്നത് ഉപഗ്രഹ ചിത്രങ്ങളിലൂടെയാണ് ലോകം അറിഞ്ഞത്. ഇതേക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് ചൈന പ്രതികരിച്ചിട്ടില്ല. ഇന്ത്യ അതിർത്തി മറികടന്നിട്ടില്ലെന്നും ചൈനയും ഇതു പാലിക്കണമെന്നും ഇന്ത്യൻ വക്താവ് പറഞ്ഞു. ഇത് സംബന്ധിച്ച ചർച്ചകൾ ഒന്നും ഫലം കണ്ടിട്ടില്ല.

