ന്യൂഡല്‍ഹി: ഇന്ത്യാ-ചൈനാ അതിര്‍ത്തിയില്‍ സംഘര്‍ഷം വര്‍ധിക്കവേ പുതിയ നീക്കവുമായി ഇന്ത്യന്‍ സൈന്യം. വ്യോമയാന നിരീക്ഷണം വര്‍ധിപ്പിക്കുന്നതിനായി 12 സുഖോയ് വിമാനങ്ങള്‍ അടക്കമുള്ളവ വാങ്ങാന്‍ തയ്യാറെടുത്തിരിക്കുകയാണ് ഇന്ത്യന്‍ വ്യോമസേന. 21 മിഗ് 29എസ് വിമാനങ്ങളും വാങ്ങും. ഇതിനുള്ള ശുപാര്‍ശ സേന പ്രതിരോധ മന്ത്രാലയത്തിന് സമര്‍പ്പിച്ചതായി സൈനീക വൃത്തങ്ങള്‍ ഇന്ന് (19-06-20) അറിയിച്ചു.
5000കോടിയുടെ പദ്ധതിയില്‍ കേന്ദ്രസര്‍ക്കാര്‍ അടുത്തയാഴ്ച തീരുമാനമെടുക്കുമെന്നാണ് കരുതുന്നത്.റഷ്യയില്‍ നിന്ന് മിഗ് 29ഉം സുഖോയ് 30ഉം യുദ്ധ വിമാനങ്ങള്‍ വാങ്ങാനാണ് പദ്ധതിയെന്ന് പ്രതിരോധവൃത്തങ്ങള്‍ അറിയിച്ചു. പന്ത്രണ്ട് സുഖോയ് 30 വിമാനങ്ങളാണ് റഷ്യയില്‍ നിന്ന് വാങ്ങുക. നിലവില്‍ വ്യോമസേനയ്ക്ക് 272 സുഖോയ് വിമാനങ്ങളാണുള്ളത്.നേരത്തെ ഇന്ത്യയിലേയും ഫ്രാന്‍സിലെയും ദേശീയ സുരക്ഷാ ഉപദേഷ്ടാക്കള്‍ തമ്മില്‍ നടന്ന ചര്‍ച്ചയില്‍ ഫ്രാന്‍സില്‍ നിന്ന് 36 റാഫേല്‍ വിമാനങ്ങള്‍ കൂടി വാങ്ങാന്‍ തീരുമാനമായിട്ടുണ്ട്.നിലവില്‍ കരാര്‍ കൊടുത്തിരിയ്ക്കുന്ന റാഫേല്‍ വിമാനങ്ങളെ കൂടാതെയാണ്് 36 എണ്ണം കൂടി ഇന്ത്യയ്ക്ക് ലഭിക്കുന്നത്.ഫ്രാന്‍സില്‍ നിന്നു ലഭിയ്ക്കുന്ന റാഫേലും റഷ്യയില്‍ നിന്ന് എത്തുന്ന പുതിയ മിഗ്/ സുഖോയ് വിമാനങ്ങളും കൂടി ഇന്ത്യയുടെ ആയുധ പുരയില്‍ എത്തുന്നതോടെ ഈ മേഖലയിലെ ഏറ്റവും ശക്തമായ വ്യോമസേനകളിലൊന്നായി ഇന്ത്യ മാറും.
അതേസമയം,ചൈനയ്ക്കെതിരെ ശക്തമായ തീരുമാനങ്ങളുമായി മുന്നോട്ടുപോവുകയാണ് ഇന്ത്യ. യുദ്ധവിമാനങ്ങള്‍ യഥാര്‍ഥ നിയന്ത്രണരേഖയ്ക്കു സമീപം വിന്യസിച്ചു ഇന്ത്യന്‍ വ്യേമസേന സജീവമായി കഴിഞ്ഞു. സുഖോയ്30 എംകെഐ, മിറാഷ് 2000, ജാഗ്വര്‍ യുദ്ധവിമാനം തുടങ്ങി ഇന്ത്യയുടെ മുന്തിയ യുദ്ധവിമാനങ്ങള്‍ ഇവിടേക്കു മാറ്റിയിട്ടുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.
കരസേനയ്ക്ക് പിന്തുണയുമായി അപ്പാഷെ അറ്റാക്ക് ഹെലികോപ്റ്ററുകളുമുണ്ട്. അത്യാവശ്യഘട്ടങ്ങളില്‍ സൈനികരെ എത്തിക്കാന്‍ ചിനൂക്ക് ഹെലികോപ്റ്ററുകളും എത്തിയിട്ടുണ്ട്. ഏറ്റവും ചുരുങ്ങിയ സമയത്തിനുള്ളില്‍ നിര്‍ദേശം ലഭിച്ചാല്‍പോലും ആക്രമണം നടത്തുന്നതിനു വേണ്ടിയാണിത്.

