67.22 കോടിയുടെ ബാങ്ക് വായ്പാ തട്ടിപ്പ്: ബിജെപി നേതാവിനെതിരേ കേസ്

ന്യൂഡല്‍ഹി: ബാങ്ക് ഓഫ് ഇന്ത്യയില്‍ 67.22 കോടി രൂപയുടെ സാമ്പത്തിക തട്ടിപ്പ് നടത്തിയ കേസില്‍ മുംബൈ ബി.ജെ.പി ജനറല്‍ സെക്രട്ടറി മോഹിത് കംബോജ് അടക്കം 5 പേര്‍ക്കെതിരേ കേസ്. ഇന്നലെ (17-06-20) സിബിഐയാണ് കേസെടുത്തത്.

കംബോജിന്റെ ഉടമസ്ഥതയിലുള്ള അവ്യാന്‍ ഓവര്‍സീസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്വര്‍ണ്ണാഭരണ കയറ്റുമതി കമ്പനിയുടെ പേരിലെടുത്ത വായ്പ മുടങ്ങിയതാണ് നടപടിയ്ക്ക് കാരണം. 2013ല്‍ എടുത്ത വായ്പയാണ് 2018 വരെ അടയ്ക്കാതിരുന്നത്. വായ്പ നല്‍കുമ്പോള്‍ ഇന്ത്യന്‍ ബുള്ളിയന്‍ ആന്‍ഡ് ജ്വല്ലറി അസോസിയേഷന്റെ (ഐബിജെഎ) ദേശീയ പ്രസിഡന്റ് കൂടിയായിരുന്നു കംബോജ്. കമ്പനിയുടെ ഡയറക്ടര്‍മാരായ കംബോജ്, അഭിഷേക് കപൂര്‍, നരേഷ് കപൂര്‍, ജിതേന്ദ്ര കപൂര്‍ എന്നിവര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്.

ബാങ്ക് നടത്തിയ അന്വേഷണത്തില്‍ വായ്പ തുകയുപയോഗിച്ച് പല ഡയറക്ടര്‍മാരുടെയും പേരില്‍ ഫ്‌ളാറ്റ്‌ വാങ്ങിയെന്ന് കണ്ടെത്തി. ഇതിനെ തുടര്‍ന്നാണ് ബാങ്ക് സിബിഐയെ സമീപിച്ചത്. കമ്പനി ഡയറക്ടര്‍മാരുടെ അടക്കം മുംബൈയില്‍ അഞ്ചിടങ്ങളില്‍ സി.ബി.ഐ പരിശോധന നടത്തിയിരുന്നു.സ്വത്ത്, വായ്പ, വിവിധ ബാങ്ക് അക്കൗണ്ടുകള്‍ തുടങ്ങിവയുടെ വിശദാംശങ്ങള്‍, ലോക്കര്‍ കീകള്‍ എന്നിവയുള്‍പ്പെടെയുള്ള ചില നിര്‍ണായക രേഖകള്‍ സി.ബി.ഐയ്ക്ക് ലഭിച്ചിട്ടുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →