തൃശൂര്‍: ജില്ലയിലെ ആദിവാസി ഊരുകള്‍ ഓണ്‍ലൈന്‍ പഠനത്തിന് പൂര്‍ണ സജ്ജമായി. 43 അയല്‍പക്ക പഠനകേന്ദ്രങ്ങളാണ് ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ സ്മാര്‍ട്ടായത്. വൈദ്യുതിപോലുമെത്താത്ത ഉള്‍ക്കാട്ടിലെ വിദ്യാര്‍ത്ഥികള്‍ക്ക് ലോക്ക്ഡൗണ്‍ കാലത്ത് പഠന സൗകര്യമൊരുക്കുകയെന്നത് ക്ലേശകരമായിരുന്നെങ്കിലും പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞവും അധ്യാപകരും തദ്ദേശസ്ഥാപനങ്ങളും ജനപ്രതിനിധികളും കൈകോര്‍ത്തപ്പോള്‍ തടസ്സങ്ങളെല്ലാം നീങ്ങി. ടിവി, ലാപ്‌ടോപ്പ്, പ്രൊജക്ടര്‍ തുടങ്ങി ഡിജിറ്റല്‍ ക്ലാസ് മുറിയിലേക്ക് ആവശ്യമായവയൊക്കെ കയ്യിലേന്തി ഇവര്‍ക്കൊപ്പം സന്നദ്ധ സംഘടനകളും യുവജന പ്രസ്ഥാനങ്ങളും കാട് കയറി. മലയോര ആദിവാസി ഓണ്‍ലൈന്‍ ക്ലാസ്സുകളുടെ മോണിറ്ററിങ്ങും ആരംഭിച്ചുകഴിഞ്ഞു. വെറ്റിലപ്പാറ, വാഴച്ചാല്‍, പെരിങ്ങല്‍കുത്ത്, മലയ്ക്കപ്പാറ എന്നീ സ്‌കൂളുകളിലെ അധ്യാപകരും കൊടകര ബി ആര്‍ സി അംഗങ്ങളും കിലോ മീറ്ററുകളോളം നടന്ന് ഉള്‍ക്കാടുകളില്‍ എത്തിയാണ് ക്ലാസ്സുകളുടെ ചുമതല വഹിക്കുന്നത്.
ആദിവാസി ഊരുകളില്‍ 460 വിദ്യാര്‍ത്ഥികള്‍ക്ക് വീട്ടില്‍ തന്നെ പഠന സൗകര്യം ഒരുക്കി നല്‍കിയിട്ടുണ്ട്. 490 വിദ്യാര്‍ത്ഥികള്‍ക്കാണ് 43 പൊതു പഠന കേന്ദ്രങ്ങളിലായി ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിനുളള സൗകര്യമൊരുക്കിയത്. വെട്ടിക്കുഴി, അരൂര്‍മുഴി, വെറ്റിലപ്പാറ, പിള്ളപ്പാറ, പൊകലപ്പാറ, പുളിയിലപ്പാറ, വാച്ചു മരം, തവളക്കുഴി പാറ, ഷോളയാര്‍, അടിച്ചില്‍ തൊട്ടി, പെരുമ്പാറ, ചിക്ലായി, താമര വെള്ളച്ചാല്‍, പൂവന്‍ചിറ എന്നീ അങ്കണവാടികളും കണ്ണംകുഴി കമ്മ്യൂണിറ്റി ഹാള്‍, വാഴച്ചാല്‍ ഹോസ്റ്റല്‍, ജി എല്‍ പി എസ് പെരിങ്ങല്‍ക്കുത്ത്, ജിയുപിഎസ് മലക്കപ്പാറ (ടീ എസ്റ്റേറ്റ്), കോഫി എസ്റ്റേറ്റ് ഓഫീസ്, ഷോളയാര്‍ അപ്പര്‍ ഡിവിഷന്‍, ഷോളയാര്‍ ലോവര്‍ ഡിവിഷന്‍, മറ്റത്തൂര്‍ ശാസ്താംപൂവം സാംസ്‌കാരിക നിലയം, വരന്തരപ്പിള്ളി കല്ലിചിത്ര സാംസ്‌കാരിക നിലയം, വരന്തരപ്പിള്ളി ഏലിക്കോട് സാംസ്‌കാരിക നിലയം, വരന്തരപ്പിള്ളി എച്ചിപ്പാറ സാംസ്‌കാരിക നിലയം, വരന്തരപ്പിള്ളി ചക്കിപറമ്പ്, ബേപ്പൂര്‍ സാംസ്‌കാരിക നിലയം, മറ്റത്തൂര്‍ മണ്ണോടി സാംസ്‌കാരിക കേന്ദ്രം, മറ്റത്തൂര്‍ കാരിക്കടവ് വനശ്രീ ഓഡിറ്റോറിയം, മാണിയം കിണര്‍ കോളനി കമ്മ്യൂണിറ്റി ഹാള്‍, ചെന്നിപാറ തിരുഹൃദയം ആശ്രമം, പീച്ചി ട്രൈബല്‍ ഹോസ്റ്റല്‍, ഒളകര കോളനി, മരോട്ടിച്ചാല്‍ കിഴക്കേ കോളനി സാംസ്‌കാരികനിലയം, പടിഞ്ഞാറെ കോളനി സാംസ്‌കാരിക നിലയം, പഴവെല്ലം കോളനി, കാളിയറോഡ് ആദിവാസി കോളനി, പഴയന്നൂര്‍ മാട്ടിന്‍മുകള്‍ കോളനി എന്നിങ്ങനെ വിവിധ കോളനികളും സാംസ്‌കാരിക നിലയങ്ങളും ചേര്‍ന്നതാണ് പൊതു പഠന കേന്ദ്രങ്ങള്‍.
ഫസ്റ്റ് ബെല്‍ രണ്ടാം ഘട്ടത്തിന്റെ ഭാഗമായി മോണിറ്ററിംഗ് ക്ലാസുകള്‍ ആരംഭിക്കുന്നതിന് ചാലക്കുടി മേഖലയില്‍ അതിരപ്പിള്ളി പഞ്ചായത്ത് പ്രസിഡന്റ് തങ്കമ്മ വര്‍ഗ്ഗീസ്, പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം മിഷന്‍ കോഓര്‍ഡിനേറ്റര്‍ മുഹമ്മദ് സിദ്ദിഖ്, എ ഇ ഒ കെ വി പ്രദീപ്, ബി പി സി സി ജി മുരളീധരന്‍ എന്നിവരടങ്ങിയ സംഘം സന്ദര്‍ശനം നടത്തി.
ബന്ധപ്പെട്ട രേഖ: https://keralanews.gov.in/5302/online-classes.html