പത്തനാപുരം: കാട്ടാന ചരിഞ്ഞതിനെ തുടര്‍ന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ കര്‍ഷകരെ പീഡിപ്പിക്കുന്നുവെന്ന് പരാതികള്‍ ഉയരുന്നു. സംശയത്തിന്റെ അടിസ്ഥാനത്തില്‍ കസ്റ്റഡിയിലെടുക്കുന്ന നിരപരാധികളെ ഭീകരമായി മര്‍ദിക്കുന്നുവെന്ന പരാതിയും ഒപ്പം ഉയരുകയാണ്. ഇതിനിടെ ആരോപണവിധേയനായ യുവാവിന്റെ മാതാവ് മണ്ണെണ്ണയൊഴിച്ച് ആത്മഹത്യക്കു ശ്രമിച്ചു. പന്നിപ്പടക്കം കടിച്ച് കാട്ടാന ചരിഞ്ഞ കേസിലെ ആരോപണവിധേയന്‍ പാടം ഇരുട്ടുത്തറ സ്വദേശി ശരത്തിന്റെ മാതാവാണ് മണ്ണെണ്ണയൊഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്. വെള്ളിയാഴ്ച രാവിലെ 11ഓടെ പാടം ഇരുട്ടുതറ ജങ്ഷനിലായിരുന്നു സംഭവം. ആന ചരിഞ്ഞ സംഭവം ഉള്‍പ്പെടെയുള്ള കേസില്‍ വനംവകുപ്പ് അധികൃതര്‍ പിടികൂടിയ പ്രതികളെ കള്ളക്കേസില്‍പ്പെടുത്തിയെന്ന് ആരോപിച്ചായിരുന്നു ആത്മഹത്യാശ്രമം. ഇതോടെ പ്രദേശവാസികള്‍ പ്രതിഷേധവുമായി രംഗത്തെത്തി. ശരത്തിന്റെ വീട്ടില്‍നിന്ന് മൃഗവേട്ടയുമായി ബന്ധപ്പെട്ട ഒരു തെളിവും ലഭിച്ചിട്ടില്ലെന്ന് ബന്ധുക്കള്‍ പറയുന്നു. ജൂണ്‍ 10നാണ് ഇരുട്ടുതറ സ്വദേശികളായ മൂന്നുപേരെ വനംവകുപ്പ് പിടികൂടിയത്. കൂട്ടുപ്രതികളായ രണ്ടുപേര്‍ ഒളിവിലാണ്. സംഭവത്തില്‍ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് സിദ്ധനര്‍ സര്‍വീസ് സൊസൈറ്റി ഭാരവാഹികള്‍ മുഖ്യമന്ത്രിക്കും വനംമന്ത്രിക്കും നിവേദനം നല്‍കി. അടുത്തകാലത്തായി കര്‍ഷകരുടെ വിളകള്‍ വന്യമൃഗങ്ങള്‍ നശിപ്പിക്കുന്ന സംഭവങ്ങള്‍ ഏറിവരുന്നു. വനാതിര്‍ത്തികള്‍ കടന്ന് ആന, കാട്ടുപന്നി, കേഴ, കുരങ്ങ് തുടങ്ങിയ വന്യജീവികള്‍ കര്‍ഷകരുടെ കൃഷിസ്ഥലങ്ങളില്‍ രാത്രികാലങ്ങളലെത്തി വാഴ, മരച്ചീനി, തെങ്ങിന്‍തൈ, ഏലം അടക്കമുള്ള വിളകള്‍ തിന്നും ചവിട്ടിയൊടിച്ചും പറിച്ചുകളഞ്ഞും വിളയാട്ടം നടത്തുകയാണ്. ഇതിനെ കര്‍ഷകര്‍ രാത്രിമുഴുവന്‍ കൃഷിസ്ഥലത്ത് ഉറക്കമിളച്ചിരുന്നാണ് ചെറുക്കുന്നത്. ആഴികൂട്ടിയോ ആകാശത്തേക്ക് വെടിവച്ചോ ഭയപ്പെടുത്തി ഓടിക്കാന്‍പോലും ഇപ്പോള്‍ കഴിയാത്ത അവസ്ഥയാണ്. വന്യമൃഗങ്ങളെ ഭയപ്പെടുത്തി ഓടിക്കുന്നതുപോലും കുറ്റകരമായിക്കഴിഞ്ഞു. വനാതിര്‍ത്തികളില്‍ ആഴത്തില്‍ കിടങ്ങ് കുഴിച്ചോ വൈദ്യുതിവേലി നിര്‍മിച്ചോ പരിഹാരം കാണാമെന്നു വിചാരിച്ചാല്‍ അതിനും വനംവകുപ്പ് സമ്മതിക്കില്ല. വനത്തിന്റെയും കൃഷിഭൂമിയിടെയും അതിരുകള്‍തമ്മില്‍ വേര്‍തിരിച്ചറിയാന്‍ ജോയിന്റെ വെരിഫിക്കേഷന്‍ നടന്നിട്ടില്ലെന്നു പറഞ്ഞാണ് അതിര്‍ത്തി രേഖപ്പെടുത്താത്തത്. ഇതുമൂലം കാടും കൃഷിഭൂമിയും തമ്മില്‍ വേര്‍തിരിക്കുന്ന രേഖകള്‍ റവന്യൂ ഓഫീസുകളില്‍ ഉണ്ടാവില്ല. കൃഷിഭൂമിക്കു ചുറ്റും ശക്തമായ മുള്ളുവേലിയോ സ്റ്റീല്‍ വയര്‍ വേലിയോ സ്ഥാപിക്കാന്‍ ബാങ്കുകളില്‍നിന്ന് വായ്പയെടുക്കാന്‍ കഴിയും. എന്നാല്‍, കൃഷിസ്ഥലമാണെന്ന രേഖകള്‍ ഹാജരാക്കേണ്ടിവരും. അങ്ങനെ കൃഷിസ്ഥലമാണെന്നു തെളിയിക്കുന്ന രേഖകളുടെ അഭാവംകാരണം വേലിസ്ഥാപിക്കാന്‍ കര്‍ഷകര്‍ക്കു കഴിയാറില്ല. മണ്ണാര്‍ക്കാട്ട് കാട്ടാന പന്നിപ്പടക്കം കടിച്ച് വായതകര്‍ന്ന് തീറ്റയും വെള്ളവും എടുക്കാനാവാതെ ചരിഞ്ഞ സംഭവത്തെത്തുടര്‍ന്ന് വനാതിര്‍ത്തികളിലുള്ള കര്‍ഷകരെ മുഴുവന്‍ പന്നിപ്പടക്കം വയ്ക്കുന്നവരാണെന്ന മട്ടില്‍ വനംവകുപ്പ് അധികൃതര്‍ ചിത്രീകരിക്കുകയാണ്. സംശയംതോന്നുന്നവരെയെല്ലാം കൊണ്ടുപോയി തല്ലിച്ചതയ്ക്കുന്നു. നട്ടുപിടിപ്പിച്ച് ചോരനീരാക്കി വളര്‍ത്തിക്കൊണ്ടുവരുന്ന കാര്‍ഷികവിളകള്‍ വന്യജീവികള്‍ ഒറ്റരാത്രികൊണ്ട് നശിപ്പിക്കുന്നത് ചങ്കുതകര്‍ന്ന് കണ്ടുനില്‍ക്കാനല്ലാതെ കര്‍ഷകര്‍ക്ക് കഴിയുന്നില്ല. കടംവാങ്ങിയും സ്വര്‍ണം പണയപ്പെടുത്തിയും പണമുണ്ടാക്കി കൃഷിചെയ്തിട്ട് കണ്ണീരും കൈയുമായി ആത്മഹത്യ ചെയ്ത കര്‍ഷകര്‍വരെയുണ്ട്. അതോടെ അവരുടെ കുടുംബവും പട്ടിണിയാവുന്നു. ആനയോ കോഴയോ മറ്റ് വന്യമൃഗങ്ങളോ സ്വാഭാവിക കാരണങ്ങളാല്‍ ചത്തുപോയാലും വനാതിര്‍ത്തികളിലെ കര്‍ഷകര്‍ക്ക് കിടക്കപ്പൊറുതി ഉണ്ടാവില്ല. കര്‍ഷകരിലെ നോട്ടപ്പുള്ളികളില്‍ ആരേയെങ്കിലും പ്രതിയാക്കി പഴയ കേസ് ഏതെങ്കിലും ഉണ്ടെങ്കില്‍ അതുംകൂടി ഇയാളുടെമേല്‍ കെട്ടവച്ച് ജാമ്യംപോലും കിട്ടാത്ത അവസ്ഥയിലാക്കുന്നു. ചുരുക്കത്തില്‍ വനാതിര്‍ത്തികളിലെ കര്‍ഷകജീവിതം ദുരിതത്തിലായിരിക്കുന്നു. ഇതിനെതിരേ സര്‍ക്കാര്‍ തലത്തില്‍ ഉചിതമായ നയതീരുമാനം ഉണ്ടാവണമെന്നാണ് കര്‍ഷകര്‍ ആവശ്യപ്പെടുന്നത്.