കോട്ടയം: കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സ്ഥാനം രാജിവയ്ക്കാന്‍ മാണി വിഭാഗം സന്നദ്ധത പ്രകടിപ്പിച്ചു. പ്രഖ്യാപനം ഉടന്‍ ഉണ്ടാകും. നിലവില്‍ കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ ഉടന്‍ രാജിവയ്ക്കു മെന്നാണ് വിവരം. നേരത്തെ പ്രശ്‌നങ്ങള്‍ രമ്യമായി പരിഹരിക്കുമെന്ന് ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കിയിരുന്ന പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞിരുന്നു. കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവയ്ക്കുന്നതിന് എന്തെല്ലാം ഉപാധികളാണ് ജോസ് കെ മാണി യുഡിഎഫിന് മുന്നില്‍ പുതുതായി വച്ചിരിക്കുന്നതെന്ന് അറിവായിട്ടില്ല.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം വെള്ളിയാഴ്ച രാജിവച്ചില്ലെങ്കില്‍ അവിശ്വാസപ്രമേയം കൊണ്ടുവരുമെന്ന് പി ജെ ജോസഫ് നേരത്തെ മുന്നണി നേതൃത്വത്തെ അറിയിച്ചിരുന്നു. ജോസഫ് വിഭാഗത്തിലെ അജിത് മുതിരമലയ്ക്ക് സ്ഥാനം നല്‍കാനാണ് സാധ്യത. കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വിഷയത്തില്‍ കോണ്‍ഗ്രസിലെ പല നേതാക്കളും പി ജെ ജോസഫിന് അനുകൂലമായി നിലപാടെടുത്തിരുന്നു.
ഇടതുമുന്നണിയില്‍ അംഗമായിരുന്ന പി ജെ ജോസഫ് കേരളാ കോണ്‍ഗ്രസ് വിഭാഗം മാണി വിഭാഗത്തില്‍ ലയിച്ചപ്പോള്‍ രണ്ട് ഉറപ്പുകളായിരുന്നു ഉണ്ടായിരുന്നത്. സംയുക്ത കേരളാ കോണ്‍ഗ്രസിന്റെ ഇടുക്കി ജില്ലാ പ്രസിഡന്റ് സ്ഥാനവും കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനവും നല്‍കുമെന്നതായിരുന്നു ആ ഉറപ്പ്. അതില്‍ ഇടുക്കി ജില്ലാ പ്രസിഡന്റ് സ്ഥാനം നല്‍കിയിരുന്നു. എന്നാല്‍, കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തിന്റെ കാര്യത്തില്‍ മെല്ലെപ്പോക്ക് നയമാണ് മാണി വിഭാഗം പുലര്‍ത്തിവന്നത്.
യുഡിഎഫിന്റെ ഭാഗമായി തുടരുമ്പോഴും ഇരുവിഭാഗങ്ങളും ഭിന്നനിലപാടു കളാണ് പല സന്ദര്‍ഭത്തിലും എടുത്തത്. കെ എം മാണിയുടെ മരണശേഷം പാലായില്‍ മല്‍സരിച്ച മാണി വിഭാഗം സ്ഥാനാര്‍ഥിക്ക് പാര്‍ട്ടിചിഹ്നം പോലും ജോസഫ് നല്‍കിയില്ല. വാക്കുപാലിക്കാന്‍ തയ്യാറില്ലെങ്കില്‍ മുന്നണിവിടുന്ന കാര്യംപോലും ആലോചിക്കുമെന്ന് അടുത്തകാലത്ത് ജോസഫ് പറഞ്ഞിരുന്നു. യുഡിഎഫില്‍നിന്ന് ചില കക്ഷികള്‍ തങ്ങളോടൊപ്പം വരുമെന്ന് തൊട്ടുപിന്നാലെ സിപിഎം സംസ്ഥാന സെക്രട്ടറി പ്രതികരിച്ചതോടെ കോണ്‍ഗ്രസ് നേതൃത്വം അപകടം മണത്തു.
സംയുക്ത കേരളാ കോണ്‍ഗ്രസ് ഒപ്പമില്ലെങ്കില്‍ വരുന്ന തദ്ദേശ സ്വയംഭരണ- നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ മധ്യതിരുവിതാംകൂറില്‍ കാലിടറുമെന്ന മുന്നണിയില്‍ പൊതുവികാരത്തിന്റെ അടിസ്ഥാനത്തില്‍ ഉമ്മന്‍ചാണ്ടിയും പി കെ കുഞ്ഞാലിക്കുട്ടിയും ജോസഫുമായി പലവട്ടം ചര്‍ച്ച നടത്തിയിട്ടും മാണി വിഭാഗം വഴങ്ങിയില്ല. വെള്ളിയാഴ്ചയ്ക്കകം രാജിവച്ചില്ലെങ്കില്‍ അവിശ്വാസപ്രമേയം കൊണ്ടുവരുമെന്ന സുഗ്രീവാജ്ഞയ്ക്കു മുന്നിലാണ് മാണി വിഭാഗം അടിയറവ് പറഞ്ഞത്.

