കൊല്ലം: പാമ്പിനെ ജീവനോടെ പിടികൂടി കൈവശംവച്ചതിനും പിന്നീട് കൊന്നതിനും കേസെടുത്ത ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ സൂരജിനേയും സുരേഷിനെയും അറസ്റ്റ് ചെയ്തു. അഞ്ചല്‍ ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ ബി ആര്‍ ജയന്‍ കൊട്ടാരക്കര സബ് ജയിലിലെത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. കേസ് അന്വേഷണത്തിന്റെ ഭാഗമായി ഏഴുദിവസത്തേക്ക് പ്രതികളെ കസ്റ്റഡിയില്‍ ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. കൊവിഡ് ടെസ്റ്റ് നടത്തിയശേഷം രണ്ടുദിവസത്തിനകം പ്രതികളെ വനപാലകര്‍ക്ക് കൈമാറും. പ്രതികള്‍ക്കെതിരേ 1972ലെ വന്യജീവി സംരക്ഷണ നിയമം 9, 39 വകുപ്പുകളാണു ചുമത്തിയിരിക്കുന്നത്. അനധികൃതമായി പാമ്പിനെ പിടിക്കല്‍, കൈവശംവയ്ക്കല്‍, വില്‍പന എന്നീ കുറ്റങ്ങളാണ് ഇവര്‍ക്കെതിരേ ചുമത്തിയിരിക്കുന്നത്. ഏഴുവര്‍ഷംവരെ തടവ് ലഭിക്കാവുന്ന കുറ്റങ്ങളാണിത്.
നേരത്തെ അഞ്ചല്‍ റേഞ്ച് ഓഫീസറുടെ നേതൃത്വത്തില്‍ സുരേഷിന്റെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ അനധികൃതമായി സൂക്ഷിച്ചിരുന്ന മൂര്‍ഖനെ കണ്ടെത്തിയിരുന്നു. ഇതിനും ഇതേ വകുപ്പുകള്‍തന്നെ ചുമത്തി സുരേഷിനെതിരേ മറ്റൊരു കേസുകൂടി രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പ്രതികളെ കസ്റ്റഡിയില്‍വാങ്ങി വിശദമായ തെളിവെടുപ്പ് നടത്തും.
ഉത്രയുടെ ശരീരത്തില്‍ കണ്ട പാമ്പുകടിയുടെ അടയാളങ്ങള്‍ നടന്നുപോകുന്ന ഒരാളെ സ്വാഭാവികമായി പാമ്പുകടിക്കുമ്പോഴുണ്ടാവുന്ന വിധത്തിലല്ലെന്നു കണ്ടെത്തിയിട്ടുണ്ട്. മുറിവുകളുടെ ആകൃതി, ആഴം എന്നിവ ഡോക്ടര്‍മാരുടെയും പാമ്പ് പിടിത്തത്തില്‍ വിദഗ്ധരുടെയും സഹായത്തോടെ ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ വിശകലനം ചെയ്യും. കൊലപ്പെടുത്താനായി പാമ്പിനെ ഉപയോഗിച്ച വിധവും പാമ്പുകടിയേറ്റ് ഉത്തരയുടെ ശരീരത്തുണ്ടായ മുറിവുകളുമെല്ലാം ഡോക്ടര്‍മാരുടെ മൊഴികളുടെയും നല്‍കിയ ചികിത്സകളുടെയും അടിസ്ഥാനത്തില്‍ അന്വേഷണ സംഘം വിലയിരുത്തും.
ഉത്തര വധക്കേസില്‍ തൊണ്ടിസാധനങ്ങളായി പൊലീസ് പിടിച്ചെടുത്ത ഇലക്ട്രോണിക് ഉപകരണങ്ങളുടെ ഫോറന്‍സിക് പരിശോധനകള്‍ ഉടന്‍ തുടങ്ങും. സൂരജ്, സുരേഷ്, സുരേന്ദ്ര പണിക്കര്‍ സൂര്യ, രേണുക എന്നിവരെ കൂടാതെ ഇവരുടെ അടുത്ത ബന്ധുക്കളുടെ ഫോണുകളും ലാപ്‌ടോപ്പുകളും പരിശോധിക്കും. ഇവര്‍ അയച്ചിട്ടുള്ള മെസേജുകള്‍, ഫോണ്‍വിളികള്‍ എന്നിവയെല്ലാം വിശദമായി വിലയിരുത്തും. ഇതിന്റെകൂടി അടിസ്ഥാനത്തിലായിരിക്കും കുറ്റപത്രം തയ്യാറാക്കി സമര്‍പ്പിക്കുക.