വിവാദമായ അതിരപ്പിള്ളി ജലവൈദ്യുത പദ്ധതിക്ക് എൻഒസി നൽകിക്കൊണ്ട് അപേക്ഷ പുതുക്കി നിലനിർത്തിയ നടപടിക്കെതിരെ ഇടതുമുന്നണിയിലും പുറത്തും പ്രതിഷേധം ശക്തം

തിരുവനന്തപുരം : ഇടതുമുന്നണിയിൽ അഭിപ്രായസമന്വയം ഉണ്ടാക്കാൻ കഴിയാതെ പോയ അതിരപ്പിള്ളി ജലവൈദ്യുത പദ്ധതിക്ക് സംസ്ഥാന സർക്കാർ എൻ ഓ സി നൽകിയതിന്റെ പേരിൽ പ്രതിഷേധം പുകയുന്നു. മുന്നണിയിലെ രണ്ടാം കക്ഷിയായ സിപിഐയുടെ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ തീരുമാനത്തിനെതിരെ രംഗത്തു വന്നു. ജനങ്ങളുടെ എതിർപ്പ് നിലനിൽക്കുന്ന കാലത്തോളം പദ്ധതിയുമായി മുന്നോട്ടുപോകാൻ എൽഡിഎഫ് തയ്യാറാവുകയില്ല എന്ന് അദ്ദേഹം വ്യക്തമാക്കി കഴിഞ്ഞു. ആരും അറിയാതെ തലയിൽ മുണ്ടിട്ടു കടന്നു വരേണ്ടതല്ല സംസ്ഥാനത്തിന്റെ വികസനം എന്നാണ് സിപിഐയുടെ മറ്റൊരു നേതാവ് ബിനോയ് വിശ്വം പ്രതികരിച്ചിരിക്കുന്നത്. കോൺഗ്രസിൻറെ നേതാക്കളിൽ നിന്നും പദ്ധതിക്കെതിരായ അഭിപ്രായം പുറത്തുവന്നു തുടങ്ങി. കോൺഗ്രസിൻറെ തൃശ്ശൂർ ജില്ലാ നേതാക്കളിൽ ചിലർ പദ്ധതിക്കെതിരെ സമരം തന്നെ പ്രഖ്യാപിച്ചു കഴിഞ്ഞു.

ഏപ്രിൽ 18 നാണ് പദ്ധതിക്ക് എൻ ഓ സി നൽകിക്കൊണ്ടുള്ള സംസ്ഥാന സർക്കാർ തീരുമാനം കേന്ദ്ര ഗവൺമെന്റിനെ ഔദ്യോഗികമായി അറിയിച്ചത്. മന്ത്രിസഭ ചർച്ച ചെയ്യാതെയാണ് ഇത്രയും പ്രാധാന്യമുള്ള ഒരു ഫയലിൽ മുഖ്യമന്ത്രി ഒപ്പുവച്ചത്. വൈദ്യുത മന്ത്രി എംഎം മണിയാണ് ഇതുസംബന്ധിച്ച ഫയൽ തീരുമാനത്തിനായി മുഖ്യമന്ത്രിക്ക് സമർപ്പിച്ചത്. കേന്ദ്ര സർക്കാരിൻറെ അംഗീകാരം പദ്ധതിക്ക് നഷ്ടമാകുന്നത് തടയുവാൻ വേണ്ടി എൻ ഓ സി സംബന്ധിച്ച കാര്യത്തിൽ അനുകൂലമായി തീരുമാനമെടുക്കാൻ അഭ്യർഥിച്ചുകൊണ്ടുള്ള കുറിപ്പാണ് എംഎം മണി ഫയലിൽ എഴുതിയിട്ടുള്ളത്. അതിൻപ്രകാരം പദ്ധതിക്ക് എൻഒസി നൽകികൊണ്ട് സർക്കാരിനുവേണ്ടി മുഖ്യമന്ത്രി ഒപ്പുവച്ചു.

എൻ ഓ സി പുതുക്കി നൽകിയില്ലായെങ്കിൽ കേന്ദ്രസർക്കാർ ഈ പദ്ധതി ഉപേക്ഷിക്കും. എന്നേയ്ക്കുമായി പദ്ധതി ഇല്ലാതായി പോകുന്നത് തടയുന്നതിനാണ് എൻ ഓ സി പുതുക്കി നൽകിയത് എന്നാണ് വൈദ്യുതമന്ത്രി വിശദീകരിച്ചിരിക്കുന്നത്. വീണ്ടും എൻ ഓ സി നൽകിയിരിക്കുന്നു എന്നതിനർത്ഥം ഉടനെ പദ്ധതി നടപ്പാക്കുന്നു എന്നല്ല. പദ്ധതി സംബന്ധിച്ച് എതിർപ്പുകൾ അവസാനിക്കുന്ന സ്ഥിതി ഉണ്ടെങ്കിൽ അന്ന് അത് നടപ്പാക്കുന്നതിനുള്ള അവസരം നഷ്ടപ്പെടാതിരിക്കാനാണ് ഇപ്പോൾ അങ്ങനെ ചെയ്യുന്നത് എന്നാണ് എംഎം മണിയുടെ വിശദീകരണം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →