കണ്ണൂർ: കണ്ണൂർ പോലീസ് ക്വാർട്ടേഴ്സിനു സമീപം കാടുപിടിച്ചു കിടന്ന വെളിമ്പറമ്പ് വൃത്തിയാക്കി നട്ടുവളർത്തിയ കഞ്ചാവ് കണ്ടെത്തി കേസെടുത്തു.
സംഭവത്തിന്റെ പേരിൽ ബംഗാളിൽ നിന്നുള്ള ഖുർഷിദ് ആലം ( 27 ) എന്നയാളെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. കൂടുതലാളുകൾ സംഭവത്തിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് അന്വേഷിച്ചു വരികയാണ്. കണ്ണൂർ സ്റ്റേഡിയത്തിനും പൊലീസ് ക്വാർട്ടേഴ്സിനും ഇടയിൽ അന്യസംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന ക്വാർട്ടേഴ്സിന്റെ പിൻ വശത്താണ് 90 ചുവട് കഞ്ചാവ് ചെടികൾ നട്ടു വളർത്തിട്ടുള്ളത്. നാലു മാസത്തിലേറെ പ്രായമുണ്ട്. ഏതാനും ആഴ്ചകൾ കൂടി കഴിഞ്ഞാൽ വെട്ടി ഉണക്കി ഉപയോഗിക്കുവാൻ കഴിയുന്നത്ര വളർച്ച ഉണ്ട്. ചെടികളെല്ലാം തന്നെ ഒരു മീറ്ററിലധികം ഉയരം വളർന്നുകഴിഞ്ഞു. പരിപാലിച്ചു വളർത്തിയ നിലയിലാണ് ചെടികൾ. ഒരാൾക്ക് തനിയെ ചെയ്യാവുന്ന കാര്യമല്ല ഇത്. കൂടുതൽ ആളുകൾ ഉൾപ്പെട്ടിട്ടുണ്ട് എന്നാണ് വിലയിരുത്തൽ. വെട്ടി എടുക്കാൻ പ്രായമായ കഞ്ചാവ് നഗര മധ്യത്തിൽ വളർത്തിയിരിക്കുന്നതായി രഹസ്യവിവരം കിട്ടിയതിനെ തുടർന്നായിരുന്നു എക്സൈസ് സംഘം സംഘം സ്ഥലത്തെത്തി പരിശോധന നടത്തിയത്.

