ചെങ്ങന്നൂര്‍: ക്വാറന്റീനുശേഷം രോഗമില്ലെന്നു പറഞ്ഞ് വീട്ടിലേക്കയച്ചു, ചെങ്ങന്നൂരില്‍ യുവാവിന് രോഗബാധ സ്ഥിരീകരിച്ചു. ഇതോടെ മുഴുവന്‍ വീട്ടുകാരും പ്രതിസന്ധിയിലായി. ആലപ്പുഴ ജില്ലയില്‍ ചെങ്ങന്നൂര്‍ നഗരസഭ സ്വദേശിയായ 26കാരനാണ് 16 ദിവസം ക്വാറന്റീനില്‍ കഴിഞ്ഞ് വീട്ടിലെത്തിയതിന്റെ പിറ്റേന്ന് കൊവിഡ് സ്ഥിരീകരിച്ചത്. ഇതേത്തുടര്‍ന്ന് ഇദ്ദേഹത്തിന്റെ അമ്മയും അച്ഛനും അമ്മൂമ്മയും സഹോദരനും വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയാന്‍ ആരോഗ്യവകുപ്പ് ആവശ്യപ്പെട്ടു. ദുബയില്‍ സ്വകാര്യ കമ്പനിയില്‍ ജോലിചെയ്തിരുന്ന യുവാവ് ഒരു ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാന്‍ മാര്‍ച്ച് ഒമ്പതിനാണ് മുംബൈയില്‍ എത്തിയത്. ലോക്ഡൗണിനെ തുടര്‍ന്ന് ബന്ധുവീട്ടിലായിരുന്നു താമസം.
മെയ് 23ന് ബസില്‍ നാട്ടിലെത്തി. തുടര്‍ന്ന് നഗരസഭാ കൊവിഡ് കെയര്‍ സെന്ററില്‍ നിരീക്ഷണത്തിലായിരുന്നു. ശനിയാഴ്ച പരിശോധനയ്ക്കായി സ്രവം എടുത്തിരുന്നു. കൊവിഡ് പോസിറ്റീവ് ആണെങ്കില്‍ 48 മണിക്കൂറിനുള്ളില്‍ അറിയിക്കുമെന്നും അല്ലെങ്കില്‍ വീട്ടിലേക്കു മടങ്ങാമെന്നും ആരോഗ്യവകുപ്പ് ജീവനക്കാര്‍ ഇദ്ദേഹത്തോട് പറഞ്ഞിരുന്നു. ഇതുപ്രകാരം തിങ്കള്‍ വരെ ക്വാറന്റീനില്‍ കഴിഞ്ഞു. തിങ്കള്‍ വൈകുന്നേരം അധികൃതര്‍ വീട്ടിലേക്ക് മടങ്ങാന്‍ അനുവാദം നല്‍കി. സ്വന്തം കാറിലാണ് മടങ്ങിയതും. ചൊവ്വാഴ്ച ഉച്ചയോടെ ആരോഗ്യവകുപ്പ് അധികൃതര്‍ വിളിച്ച് കൊവിഡ് സ്ഥിരീകരിച്ചതായി അറിയിച്ചു. പിന്നാലെ ആംബുലന്‍സ് എത്തി വണ്ടാനം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. എന്നാല്‍, രണ്ട് ദിവസമായിട്ടും റിസള്‍ട്ട് വരാത്തതിനെ തുടര്‍ന്നാണ് യുവാവിനെ കൊവിഡ് നെഗറ്റീവ് കണക്കാക്കി വീട്ടിലേക്ക് അയച്ചതെന്ന് ചെങ്ങന്നൂര്‍ ജില്ലാ ആശുപത്രി സൂപ്രണ്ട് പറഞ്ഞു.

