മൂവാറ്റുപുഴ: മൂവാറ്റുപുഴയിലെ ദുരഭിമാന കൊലപാതകശ്രമത്തിലെ പ്രതികള്‍ പിടിയില്‍. മൈനര്‍ ആയ ആണ്‍കുട്ടിയടക്കം രണ്ടുപേരാണ് പിടിയിലായത്. കറുകടം ഞാഞ്ഞൂല്‍മല കോളനിവാസി ബേസിലിനെ(20) തിങ്കളാഴ്ച വൈകീട്ട് 5.30ന് മൂവാറ്റുപുഴ ചാലിക്കടവ് പാലത്തിനടുത്തെ ആളൊഴിഞ്ഞ കെട്ടിടത്തില്‍ നിന്ന് പൊലീസ് കസ്റ്റഡിയില്‍ എടുത്തു. പണ്ടരിമല തടിലക്കുടിപ്പാറയില്‍ അഖിലിനെ(19) വടിവാളിന് വെട്ടിയശേഷം രക്ഷപ്പെട്ട പ്രതിയാണ് ബേസില്‍. സഹോദരിയെ പ്രണയിച്ചു എന്നതാണ് ആക്രമണത്തിനു പ്രേരിപ്പിച്ചതെന്ന് ബേസില്‍ പൊലീസിനോട് സമ്മതിച്ചു.
നേരത്തെ പലവട്ടം അഖിലിനെ ബേസില്‍ താക്കീത് ചെയ്തിരുന്നു. ഒരുതവണ മര്‍ദിക്കുകയും ചെയ്തു. ഇതിനുശേഷവും കൂട്ടാക്കാതെ വന്നതിനാലാണ് വെട്ടിയതെന്ന് ബേസില്‍ പൊലീസിന്റെ ചോദ്യം ചെയ്യലില്‍ സമ്മതിച്ചു. ആക്രമണത്തിനുശേഷം നേരെ പോയത് വീടിനടുത്തെ മരച്ചീനി തോട്ടത്തി ലേക്കാണെന്നും രാത്രി അവിടെ കഴിച്ചുകൂട്ടിയെന്നും പുലര്‍ച്ചെ കോതമംഗലത്തെ ബന്ധുവീട്ടിലെത്തിയെന്നും ഇവിടെനിന്നാണ് മൂവാറ്റുപുഴയ്ക്ക് പോയതെന്നും ഇയാള്‍ പറഞ്ഞു. ബേസിലിനെ ബൈക്കില്‍ സംഭവസ്ഥലത്തെത്തിച്ച 17കാരനെയും പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.
Read more… സഹോദരിയെ പ്രണയിച്ചതിന് സഹോദരന്‍ റോഡില്‍വച്ച് യുവാവിന്റെ കൈപ്പത്തി വെട്ടിമാറ്റി
അഖിലിന്റെ ഇടത് കൈപ്പത്തിക്കു മുകളിലാണ് വെട്ടേറ്റത്. ഒപ്പമുണ്ടായിരുന്ന അഖിലിന്റെ അമ്മാവന്റെ മകന്‍ അരുണിനും പരിക്കേറ്റിരുന്നു. സമീപത്തെ കടയില്‍ മാസ്‌ക് വാങ്ങാനെത്തിയതായിരുന്നു അരുണും അഖിലും. ഈ സമയത്ത് 17കാരനൊപ്പം ബൈക്കിലെത്തിയ ബേസില്‍ അഖിലിനെ വിളിച്ചിറക്കിക്കൊണ്ടു പോയി വടിവാളിന് വെട്ടുകയായിരുന്നു.
അഖില്‍ എറണാകുളത്ത് ഓട്ടോമൊബൈല്‍ എന്‍ജിനീയറിങ് വിദ്യാര്‍ഥിയാണ്. A-അഖിലും സഹോദരിയും തമ്മിലുള്ള പ്രണയത്തെക്കുറിച്ച് വീട്ടില്‍ സംസാരിച്ച് വഴക്കുണ്ടായിരുന്നു. തുടര്‍ന്നാണ് വടിവാളുമായി ബേസില്‍ സുഹൃത്തിന്റെ ബൈക്കില്‍ അഖിലിനെ ആക്രമിക്കാന്‍ പുറപ്പെട്ടത്. ആക്രമിക്കാനെത്തുമെന്ന് ബേസിലിന്റെ സഹോദരി അറിയിച്ചിരുന്നെങ്കിലും പട്ടണത്തില്‍വച്ച് തന്നെ ആക്രമിക്കുമെന്നു കരുതിയിരുന്നില്ലെന്ന് അഖില്‍ പറഞ്ഞു. തെളിവെടുപ്പ് പൂര്‍ത്തിയാക്കി ബേസിലിനെ ചൊവ്വാഴ്ച കോടതിയില്‍ ഹാജരാക്കുമെന്ന് ഡിവൈഎസ്പി മുഹമ്മദ് റിയാസ് അറിയിച്ചു.