തൃശൂര്‍: ഭര്‍തൃഗൃഹത്തില്‍ നവവധു മരണമടഞ്ഞത് കൊലപാതകമാണെന്ന് പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ ആരോപിച്ചു. മകള്‍ ശ്രുതി ബാത്ത്‌റൂമില്‍ കുഴഞ്ഞുവീണു മരിച്ചെന്നാണ് തങ്ങളോട് ഭര്‍തൃവീട്ടുകാര്‍ അറിയിച്ചതെന്ന് പിതാവ് മുല്ലശ്ശേരി പറന്തപന്തളി നരിയംപുള്ള സുബ്രഹ്മണ്യന്‍ പറഞ്ഞു. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ കഴുത്തിനുചുറ്റുമുള്ള നിര്‍ബന്ധിതബലം മൂലമാണ് മരിച്ചതെന്നു വ്യക്തമാക്കിയിട്ടുണ്ട്.
2019 ഡിസംബര്‍ 22നാണ് പെരിങ്ങോട്ടുകര കുരുവേലി അരുണുമായുള്ള ശ്രുതിയുടെ വിവാഹം നടന്നത്. ജനുവരി ആറിന് രാത്രി 9.30നു ബാത്ത് റൂമില്‍ ശ്രുതി മരിച്ചു എന്നറിയിച്ചു. മരണത്തില്‍ അസ്വാഭാവികതയുണ്ടെന്നു തോന്നിയതിനാല്‍ ജനുവരി 27ന് അന്തിക്കാട് പോലീസില്‍ പരാതിനല്‍കി. ഭര്‍തൃവീട്ടുകാരെ വിളിച്ച് ഒന്ന് ചോദ്യം ചെയ്തതല്ലാതെ പൊലീസ് മേല്‍നടപടിയൊന്നുമെടുത്തില്ല.
തുടര്‍ന്ന് റൂറല്‍ എസ്പിക്കും ഇരിങ്ങാലക്കുട ഡിവൈഎസ്പിക്കും മുഖ്യമന്ത്രിക്കും ഡിജിപിക്കുമൊക്കെ പരാതി നല്‍കിയെങ്കിലും യാതൊരു നടപടിയും ഉണ്ടായില്ല. പോലീസിന്റെ അന്വേഷണത്തില്‍ അനാസ്ഥ തോന്നിയതിനാല്‍ ജില്ലാ കലക്ടര്‍ക്കു പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ അന്വേഷണം ക്രൈംബ്രാഞ്ചിനു കൈമാറിയെന്നാണ് അറിയിച്ചത്. വാര്‍ത്താസമ്മേളനത്തില്‍ സുബ്രഹ്മണ്യ നോടൊപ്പം ശ്രുതിയുടെ മാതാവ് ശ്രീദേവി, സഹോദരന്‍ ശ്രീരാഗ്, യുവചേതന മുല്ലശ്ശേരി ക്ലബ് പ്രതിനിധികളായ കെ പി ആലി, സി ജെ പ്രവീണ്‍ പങ്കെടുത്തു.