പെഡ്ഡപ്പള്ളി (തെലങ്കാന):അച്ഛന്റെ സര്‍ക്കാര്‍ ജോലി ലഭിക്കാനായി അദ്ദേഹത്തെ കൊലപ്പെടുത്തി മകന്‍. അച്ഛന്‍ മരിച്ചത് ഹൃദയാഘാതം മൂലമാണെന്നാണ് ബന്ധുക്കളോട് പറഞ്ഞിരുന്നത്.
സര്‍ക്കാര്‍ സര്‍വീസില്‍ പമ്പ് ഓപ്പറേറ്ററായിരുന്ന അച്ഛനെ കൊലപ്പെടുത്തിയാല്‍ ആ ജോലി പോളിടെക്‌നിക് ഡിപ്ലോമയുള്ള മൂത്തമകന് ലഭിക്കുമെന്ന് കണ്ടാണ് അമ്മയും സഹോദരനും കൊലപാതകത്തിന് കൂട്ടുനിന്നത്. ഉറക്കത്തിനിടയില്‍ കഴുത്തില്‍ തോര്‍ത്ത് വരിഞ്ഞുമുറുക്കി ശ്വാസംമുട്ടിച്ചാണ് മകന്‍ അച്ഛന്റെ ജീവനെടുത്തത്.
തെലങ്കാനയിലെ പെഡ്ഡപ്പള്ളി ജില്ലയിലെ കൊതൂരിലാണ് സംഭവം. ഇന്നലെ ഞായറാഴ്ച(07-06-20)യാണ് അരും കൊല നടന്നത്. അമ്മയുടെയും ഇളയ സഹോദരന്റെയും സഹായത്തോടെയാണ് മകന്‍ 55 വയസുകാരനായ അച്ഛനെ കൊലപ്പെടുത്തിയത്. 25 വയസുകാരനായ പ്രതിയെയും സഹോദരനെയും പൊലീസ് പിടികൂടിയിട്ടുണ്ട്.
ഇവരുടെ അമ്മ ഒളിവിലാണ്. മരണത്തില്‍ സംശയം തോന്നിയ ബന്ധുക്കളില്‍ ചിലര്‍ മൃതദേഹം പോസ്റ്റുമോര്‍ട്ടം ചെയ്യുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് സംഭവത്തിലെ സത്യാവസ്ഥ പുറത്തുവരുന്നത്.

