അഫ്ഗാനിലേക്ക് ആളുകളെ കടത്തുന്നത് പാക് തീവ്രവാദികള്‍, ഇന്ത്യയുടെ വാദം തള്ളി പാകിസ്ഥാന്‍

ന്യൂഡല്‍ഹി: പാകിസ്ഥാന്‍ ആസ്ഥാനമായുള്ള ഗ്രൂപ്പുകള്‍ ആയിരക്കണക്കിന് തീവ്രവാദികളെ അഫ്ഗാനിസ്ഥാനിലേക്ക് അയക്കുന്നതിനെക്കുറിച്ച് യുഎന്‍ അടുത്തിടെ പുറത്തുവിട്ട റിപ്പോര്‍ട്ട് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ പരസ്യമായി സമ്മതിച്ചുവെന്ന ഇന്ത്യയുടെ വാദം തള്ളി പാകിസ്ഥാന്‍.

പാക് വിദേശ കാര്യാലയമാണ് വാദം തള്ളി രംഗത്തെത്തിയത്.യുഎന്‍ രക്ഷാസമിതിയുടെ റിപ്പോര്‍ട്ട് വളച്ചൊടിക്കാനും തെറ്റായി ചിത്രീകരിക്കാനും ശ്രമിക്കുന്നത് ഇന്ത്യയാണെന്നാണ് ഇന്ന്(08-06-20) തിങ്കളാഴ്ച പുറത്തിറക്കിയ വാര്‍ത്താ കുറിപ്പിലുള്ളത്.

ഏകദേശം 6,500 ത്തോളം പാകിസ്ഥാന്‍ പൗരന്മാര്‍ അഫ്ഗാനിസ്ഥാനില്‍ പ്രവര്‍ത്തിക്കുന്ന വിദേശ തീവ്രവാദി സംഘത്തില്‍ ഉള്‍പ്പെടുന്നു. പാകിസ്ഥാന്‍ ആസ്ഥാനമായുള്ള തീവ്രവാദ ഗ്രൂപ്പുകളായ ജയ്ഷ് ഇ മുഹമ്മദ്, ലഷ്‌കര്‍ ഇ ത്വഇബ എന്നിവരാണ് അഫ്ഗാനിലേക്ക് ആളുകളെ കടത്തുന്നതെന്നുമാണ് റിപ്പോര്‍ട്ടിലുണ്ടായിരുന്നത്.

അതേസമയം, പാകിസ്ഥാന്‍ തീവ്രവാദത്തിന്റെ കേന്ദ്രമാണെന്ന യാഥാര്‍ഥ്യം അന്താരാഷ്ട്ര സമൂഹത്തിന് നന്നായി അറിയാമെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് അനുരാഗ് ശ്രീവാസ്തവ പറഞ്ഞു.

പാക് വിരുദ്ധ പ്രചാരണം പ്രോത്സാഹിപ്പിക്കാന്‍ സമൂഹം തയ്യാറാവില്ലെന്ന് ഉറപ്പുണ്ടെന്ന് പാകിസ്ഥാന്‍ പറഞ്ഞു. അഫ്ഗാനിസ്ഥാനില്‍ നടന്നുകൊണ്ടിരിക്കുന്ന സമാധാന പ്രവര്‍ത്തനങ്ങളെ പ്രോത്സാഹിപ്പിക്കുക എന്ന നിലയില്‍ പാകിസ്ഥാന്റെ പങ്ക് ബന്ധപ്പെട്ട അന്താരാഷ്ട്ര പങ്കാളികള്‍ അംഗീകരിച്ചിട്ടുണ്ടെന്നും വിദേശകാര്യാലയം അറിയിച്ചു.

Share
അഭിപ്രായം എഴുതാം