ചുരു( രാജസ്ഥാന്) മുസ്ലീങ്ങള്‍ക്ക് കോവിഡ് ചികിത്സ നിഷേധിക്കണമെന്നാവശ്യപ്പെട്ട് വാട്സാപ്പ് ഗ്രൂപ്പില്‍ ചാറ്റിംഗ് നടത്തിയ സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സന്ദേശത്തിന്റെ സ്ക്രീന്‍ ഷോട്ടുകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായതിന് പിന്നാലെയാണ് പൊലീസ് അന്വേഷണത്തിന് ഉത്തരവിട്ടത്.
ശ്രീചന്ദ് ഭാരതീയ രോഗ് നിധാന്‍ കേന്ദ്രയിലെ ജീവനക്കാരുടെ വാട്സാപ്പ് ഗ്രൂപ്പില്‍ നടന്ന ചാറ്റാണ് പുറത്തായത്. രാജസ്ഥാനിലെ ചുരു ജില്ലയിലെ സ്വകാര്യ ആശുപത്രിയാണിത്. കഴിഞ്ഞ ഞായറാഴ്ച(08-06-20) ജീവനക്കാരുടെ ചാറ്റ് ചോര്‍ന്നതോടെയാണ് നടപടി ആരംഭിച്ചത്.
നാളെ മുതല്‍ മുസ്ലീം രോഗികളെ ചികിത്സിക്കുന്നത് അവസാനിപ്പിക്കണമെന്നാണ് ഒരാള്‍ അയച്ച സന്ദേശം. ഇനി മുതല്‍ മുസ്ലീം രോഗികളുടെ എക്സറേ എടുക്കുന്നത് അവസാനിപ്പിക്കുമെന്ന് മറ്റൊരാളും ഗ്രൂപ്പില്‍ പറഞ്ഞു. കൊവിഡ് രോഗം സ്ഥിരീകരിക്കുന്നത് മുസ്ലീം രോഗികള്‍ക്കാണെങ്കില്‍ അവരെ ചികിത്സിക്കേണ്ടെന്നും, അവര്‍ മുസ്ലീം ഡോക്ടമാര്‍മാരെ പോയ് കണ്ട് ചികിത്സിക്കട്ടെ എന്നായിരുന്നു മറ്റൊരു സന്ദേശം.
സംഭവത്തില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തെന്നും ഷര്‍ദര്‍ശഹര്‍ സ്റ്റേഷനിലെ സബ് ഇന്‍സ്പെക്ടര്‍ രമേഷ് പറഞ്ഞു. ഒരു മതവിഭാഗത്തിനെതിരെ പ്രചരിപ്പിച്ച സന്ദേശത്തിന്റെ ആധികാരികതയും ആരാണ് ഇത് പ്രചരിപ്പിച്ചതെന്നും അന്വേഷിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം, സംഭവത്തില്‍ പൊലീസ് കേസെടുത്തതിന് പിന്നാലെ ആശുപത്രി ഉടമ മാപ്പ് പറഞ്ഞ് രംഗത്തെത്തി. ഇപ്പോള്‍ പ്രചരിക്കുന്ന സന്ദേശങ്ങള്‍ ഏപ്രില്‍ മാസത്തേതാണെന്നും ഒരു മതവിഭാഗത്തെ വേദനിപ്പിക്കാന്‍ ആശുപത്രി ജീവനക്കാര്‍ ശ്രമിച്ചിട്ടില്ലെന്നും ഡോ. സുനില്‍ ചൗധരി പറഞ്ഞു.

