കോഴിക്കോട് ബസ് ഡ്രൈവറുടെ ആത്മഹത്യ സ്വകാര്യ ബസ് സര്‍വീസ് രംഗം നേരിടുന്ന രൂക്ഷമായ പ്രതിസന്ധിയുടെ നേര്‍ചിത്രം

കോഴിക്കോട്: കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് കക്കോടിയില്‍ സ്വകാര്യ ബസ് ഡ്രൈവര്‍ ആത്മഹത്യ ചെയ്തു. ചോയിബസാര്‍ സ്വദേശി കീഴൂര്‍ സന്തോഷാണ് മരിച്ചത്. ലോക്ഡൗണ്‍ നിയന്ത്രണങ്ങളുടെ ഭാഗമായി സംസ്ഥാനത്ത് കഴിഞ്ഞ രണ്ടുമാസത്തിലധികമായി ബസ് ഓടാത്തതിനാല്‍ സന്തോഷ് മാനസിക വിഷമത്തിലായിരുന്നു. കോട്ടുപാടത്തുനിന്ന് മാനാഞ്ചിറയിലേക്ക് സര്‍വീസ് നടത്തുന്ന സ്വകാര്യ ബസിലെ ഡ്രൈവറായിരുന്ന സന്തോഷിനെ ബസ് നിര്‍ത്തിയിടുന്ന ഷെഡിനടുത്താണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ നീക്കിയെങ്കിലും സന്തോഷ് ജോലിചെയ്യുന്ന ബസ് നിരത്തിലിറക്കിയിരുന്നില്ല. ലക്ഷങ്ങളുടെ കടബാധ്യതയും സന്തോഷിനുണ്ടായിരുന്നു.

കോഴിക്കോട് ബസ് ഡ്രൈവര്‍ സന്തോഷിന്റെ ആത്മഹത്യ സ്വകാര്യ ബസ് സര്‍വീസ് രംഗം നേരിടുന്ന രൂക്ഷമായ പ്രതിസന്ധിയുടെ നേര്‍ചിത്രമായി വിലയിരുത്തപ്പെടുന്നു. 30,000 സ്വകാര്യ ബസുകള്‍ കേരളത്തില്‍ തലങ്ങും വിലങ്ങും സര്‍വീസ് നടത്തിയിരുന്ന അവസ്ഥ മാറി. ഇപ്പോള്‍ 13,000 ബസ്സുകള്‍ മാത്രമാണുള്ളത്. ഇതില്‍തന്നെ എല്ലാ ബസ്സുകളും നിത്യവും സര്‍വീസ് നടത്താറില്ല. അല്ലറചില്ലറ പണികള്‍ വരുമ്പോള്‍ പലതും വര്‍ക്‌ഷോപ്പിലായിരിക്കും. പണ്ടേ ദുര്‍ബല ഇപ്പോള്‍ ഗര്‍ഭിണി എന്നുപറഞ്ഞതുപോലെയാണ് സ്വകാര്യ ബസ്സുകളുടെ കാര്യം. ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ പിന്‍വലിച്ചെങ്കിലും പല ബസുകളും സര്‍വീസ് നടത്തുന്നില്ല. അതിലെ ജീവനക്കാര്‍ കൊടും പട്ടിണിയിലായി.

ബസുകള്‍ പലതും കട്ടപ്പുറത്തായിരുന്നു. പെയിന്റ് പൊളിഞ്ഞിളകിയതും ബാറ്ററി കേടായവയും എന്‍ജിന്‍ തകരാര്‍ വന്നവവരെ ഇക്കൂട്ടത്തില്‍ ഉണ്ടായിരുന്നു. വലിയ തുകകൊടുത്ത് പണികഴിഞ്ഞ് പുറത്തിറക്കി സര്‍വീസ് നടത്തിയവ മിക്കതും നഷ്ടത്തിലാണ് ഓടിയത്. സാമൂഹിക അകലം കര്‍ശനമായി പാലിച്ച് ഒരു ബസില്‍ 25 യാത്രികരെ മാത്രം കയറ്റി സര്‍വീസ് നടത്തിയാല്‍ നഷ്ടംവരുമെന്ന് അറിയിച്ചപ്പോഴാണ് സര്‍ക്കാര്‍ ബസ്ചാര്‍ജ് തല്‍കാലത്തേക്ക് വര്‍ധിപ്പിച്ചത്. നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകളില്‍ വരുത്തിയപ്പോള്‍ വര്‍ധിപ്പിച്ച യാത്രക്കൂലി കുറയ്ക്കുകയും ചെയ്തു. കൊറോണയെ ഭയന്ന് ആളുകള്‍ അത്യാവശ്യ കാര്യങ്ങള്‍ക്കു മാത്രമേ വീട്ടില്‍നിന്ന് ഇപ്പോള്‍ പുറത്തിറങ്ങുന്നുള്ളൂ. ഇതുമൂലം ബസ്സുകളില്‍ പഴയ തിരക്കില്ല. ഡീസല്‍, സ്‌പെയര്‍ പാര്‍ട്ട്‌സ് എല്ലാം കഴിഞ്ഞുവരുമ്പോള്‍ ജീവനക്കാര്‍ക്കും ബസ് ഉടമയ്ക്കും കണ്ണീരും കഞ്ഞിയും മാത്രം ബാക്കി. ഇതിനാല്‍ സര്‍വീസ് ആരംഭിച്ചവതന്നെ തിരികെ ഷെഡില്‍ കയറ്റിയ സ്ഥിതിയുമുണ്ട്.

ലോക്ഡൗണ്‍ പ്രഖ്യാപിച്ചപ്പോള്‍ വിവിധ തൊഴിലാളി ക്ഷേമനിധിയില്‍ അംഗമായവര്‍ക്ക് മാത്രമാണ് സംസ്ഥാന സര്‍ക്കാര്‍ സഹായധനം നല്‍കിയത്. മറ്റ് ഏത് തൊഴില്‍മേഖലയുംപോലെ സ്വകാര്യ ബസ് തൊഴിലാളികളിലും ഒട്ടേറെ പേര്‍ക്ക് ക്ഷേമനിധിയുടെ ആനുകൂല്യം ലഭിച്ചില്ല. സ്‌കൂളുകളും സര്‍ക്കാര്‍ ഓഫീസുകളും റഗുലറായി പ്രവര്‍ത്തനം ആരംഭിക്കുമ്പോള്‍ രംഗം മെച്ചപ്പെടുമെന്ന് കരുതിയിരുന്നപ്പോളാണ് പഠനം ഓണ്‍ലൈനില്‍ ആയത്. വീട്ടില്‍ പഠിക്കുന്ന കുട്ടികളുണ്ടെങ്കില്‍ അവര്‍ക്ക് ടിവി, കേബിള്‍ വരിസംഖ്യ, മൊബൈല്‍ ആണെങ്കില്‍ 4ജി കണക്ഷന്‍ എല്ലാ ഭാരവും തോളിലായി. വരുമാനം ഇല്ലാതായതോടെ ജീവിതം പ്രതിസന്ധിയിലായവര്‍ വേറെയും ഈ രംഗത്തുണ്ട്. മറ്റൊരു പണിയും ചെയ്ത് വശമില്ലാത്തവരാണ് ഇവരിലേറെയും. ഈ പോക്കുപോയാല്‍ സ്വകാര്യ ബസ് സര്‍വീസ് രംഗം ഇനി എത്രനാള്‍?

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →