കൊട്ടാരക്കര: ഉത്തരയുടെ കൊലപാതക കേസില്‍ സൂരജിന്റെ അമ്മയെയും സഹോദരിയെയും വീണ്ടും ചോദ്യം ചെയ്യാനൊരുങ്ങി അന്വേഷണസംഘം. പ്രതികള്‍ പരസ്പരവിരുദ്ധമായി മൊഴികള്‍ നല്‍കുന്നതിനാല്‍ പലതിനും വ്യക്തത വരാനുണ്ട്. പരസ്പരവിരുദ്ധമായി മൊഴിനല്‍കുന്നത് ബോധപൂര്‍വമാണോയെന്നും കണ്ടെത്തേണ്ടതുണ്ട്. പ്രതി സൂരജ്, പിതാവ് സുരേന്ദ്രപ്പണിക്കര്‍, മാതാവ് രേണുക, സഹോദരി സൂര്യ എന്നിവരെ ഒറ്റയ്ക്കും ഒന്നിച്ചിരുത്തിയും ചോദ്യംചെയ്താല്‍ മാത്രമേ വ്യക്തത ഉണ്ടാവുകയുള്ളൂ.
ഉത്തരയെ ആദ്യം അണലിയെക്കൊണ്ടു കടിപ്പിച്ച സംഭവത്തില്‍ മൊഴികളില്‍ പൊരുത്തക്കേടുകള്‍ കണ്ടെത്തിയിട്ടുണ്ട്. രണ്ടാംനിലയിലെ കിടപ്പുമുറിയില്‍വച്ചാണ് ഉത്തരയ്ക്ക് അണലിയുടെ കടിയേറ്റത്. ഇത് സൂരജ്തന്നെ അന്വേഷണോദ്യോഗസ്ഥരോട് സമ്മതിച്ചിട്ടുമുണ്ട്. എന്നാല്‍, മാതാവും സഹോദരിയും പറയുന്നത് മുറ്റത്തുവച്ചാണ് അണലി കടിച്ചതെന്നാണ്. തുടര്‍ച്ചയായ ചോദ്യം ചെയ്യലുകള്‍ക്കുശേഷവും പരസ്പരവിരുദ്ധമായ മൊഴികള്‍ നല്‍കുന്നത് കേസന്വേഷണം വൈകാനിടയാക്കുകയാണ്. ഇതിനിടെയാണ് അന്വേഷണസംഘം ശനിയാഴ്ച അടൂരിലെ വീട്ടിലെത്തി വീണ്ടും തെളിവെടുപ്പ് നടത്തിയത്. പാമ്പിനെ ഉപയോഗിച്ച് കൊലപാതകം നടത്തിയ രീതി സൂരജ് കുടുംബാംഗങ്ങള്‍ക്കു മുന്നില്‍ വിശദീകരിച്ചു. ശനിയാഴ്ച നടന്ന തെളിവെടുപ്പില്‍ സൂരജ് അണലിയെ സൂക്ഷിച്ചിരുന്ന ചാക്ക് കണ്ടെത്തിയിരുന്നു.
കൊലപാതക ഗൂഢാലോചനയില്‍ രേണുകയെയും സൂര്യയെയും ബന്ധിപ്പിക്കുന്ന തെളിവുകളും മൊഴികളും ലഭിക്കുന്നതുവരെ ഇരുവരെയും ചോദ്യംചെയ്യും. കൊലപാതകത്തിന് രേണുകയും സൂര്യയും സൂരജിന് സപ്പോര്‍ട്ട് ചെയ്തിരുന്നു എന്നുതന്നെയാണ് പൊലീസ് കരുതുന്നത്. നിലവില്‍ സൂരജും പിതാവ് സുരേന്ദ്രപ്പണിക്കരും പാമ്പിനെ നല്‍കിയ സുരേഷും മാത്രമാണ് പ്രതികള്‍.
ഗൂഢാലോചന, കൊലപാതകം, തെളിവുനശിപ്പിക്കല്‍, വന്യജീവകളെ ദുരുപയോഗം ചെയ്യല്‍ തുടങ്ങിയവയിലാണ് അന്വേഷണം. മൊഴികളിലെ വൈരുധ്യം പരിഹരിക്കാതെവന്നാല്‍ സൂരജിന്റെ കുടുംബാംഗങ്ങളെ വീണ്ടും ചോദ്യം ചെയ്യും. പതിനേഴര മണിക്കൂര്‍ സൂരജിന്റെ അമ്മയെയും സഹോദരിയെയും ചോദ്യംചെയ്തിരുന്നു. അമ്മ രേണുക, സഹോദരി സൂര്യ എന്നിവരുടെ പങ്ക് വെളിപ്പെടുന്നതോടെ കേസില്‍ ഇവര്‍ കൂട്ടുപ്രതികളാകാനുള്ള സാധ്യതയാണുള്ളത്.
ഫെബ്രുവരി 29ന് സൂരജിന്റെ വീടിനുള്ളിലെ കോണിപ്പടിയില്‍ കണ്ടത് അണലി തന്നെയെന്ന് സൂരജ് സമ്മതിച്ചിരുന്നു. ചേരയാണെന്നായിരുന്നു സൂരജ് ആദ്യം പറഞ്ഞിരുന്നത്. കൂടുതല്‍ ചോദ്യംചെയ്തപ്പോഴാണ് അണലിയായിരുന്നുവെന്ന് സമ്മതിച്ചത്. കോണിപ്പടിയില്‍ അണലിയെ തുറന്നുവിട്ടിട്ട് രണ്ടാമത്തെ നിലയില്‍നിന്ന് ഫോണ്‍ എടുത്തുകൊണ്ടുവരാന്‍ സൂരജ് ഉത്തരയെ പറഞ്ഞയക്കുകയായിരുന്നു. കോണിപ്പടിയില്‍ കിടന്ന പാമ്പിനെകണ്ട് ഉത്തര ഭയന്നുനിലവിളിച്ചു. ഉടന്‍ സൂരജ് എത്തി ചേരയാണെന്നു പറഞ്ഞ് ഉത്തരയെ ആശ്വസിപ്പിക്കുകയും അതിനെയെടുത്ത് ചാക്കിലാക്കി വിറകുപുരയില്‍ കൊണ്ടുപോയി ഒളിപ്പിക്കുകയും ചെയ്തു.
ഈ പാമ്പിനെ തന്നെയാണ് മാര്‍ച്ച് രണ്ടിന് ഉത്തരയുടെ ദേഹത്തേക്ക് കുടഞ്ഞിട്ട് കടിപ്പിച്ചത്. പായസത്തില്‍ ഉറക്കഗുളിക പൊടിച്ചുചേര്‍ത്തിരുന്നതിനാല്‍ ഉറക്കത്തിലായിരുന്ന ഉത്തര അറിയില്ലെന്നാണ് സൂരജ് കരുതിയിരുന്നത്. വേദനകൊണ്ട് ഉച്ചത്തില്‍ നിലവിളച്ചുകൊണ്ട് എണീറ്റ ഉത്തരയെ വീട്ടികാരുടെ സഹായത്തോടെ ആശുപത്രിയിലാക്കുകയായിരുന്നു. പാമ്പിനെ സൂരജ്തന്നെ ചാക്കിലാക്കി വീടിന് തെക്കുവശത്തുള്ള പറമ്പിലേക്ക് വലിച്ചെറിഞ്ഞെന്നാണ് തെളിവെടുപ്പു സമയത്ത് സൂരജ് പറഞ്ഞത്. ചാക്കിനകത്തുവച്ച് പാമ്പിനെ ഞെക്കി വേദനിപ്പിച്ചശേഷമാണ് ഉത്തരയുടെ ദേഹത്തേക്ക് കുടഞ്ഞിട്ടതെന്നും സൂരജ് സമ്മതിച്ചിരുന്നു. അണലികടിച്ചിട്ട് മരണം നടക്കാഞ്ഞതിനാലാണ് ഉഗ്രവിഷമുള്ള മൂര്‍ഖനെത്തന്നെ പിന്നീട് വാങ്ങിയത്.
ഉത്തരയെ കൊലപ്പെടുത്താനുള്ള മൂര്‍ഖനെ സൂരജ് വീട്ടില്‍ക്കൊണ്ടുവന്നത് ഉത്തരയുടെ കുടുംബം വാങ്ങിനല്‍കിയ ബൊലേനോ കാറിലായിരുന്നു. ഈ കാര്‍ നേരത്തെ തന്നെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. വിവാഹസമയത്ത് ഉത്തരയുടെ വീട്ടുകാര്‍ നല്‍കിയ കാറാണിത്. വിവാഹനിശ്ചയം കഴിഞ്ഞയുടന്‍ ഓള്‍ട്ടോ കാര്‍ വാങ്ങിനല്‍കാമെന്ന് ഉത്തരയുടെ മാതാപിതാക്കള്‍ വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍, ബൊലേനോതന്നെ വേണമെന്ന് സൂരജ് നിര്ബന്ധിച്ചു. അങ്ങനെയാണ് ബൊലേനോ വാങ്ങിനല്‍കിയത്. മെയ് ആറിന് രാത്രിയില്‍ ഈ ബൊലേനോയിലാണ് മൂര്‍ഖനെ പ്ലാസ്റ്റിക് ജാറിലാക്കി സൂരജ് ഉത്തരയുടെ വീട്ടില്‍ കൊണ്ടുവന്നത്. ഏഴാംതീയതി രാവിലെ ഇതേ കാറില്‍തന്നെയാണ് ഉത്തരയെ ആശുപത്രിയില്‍ കൊണ്ടുപോയതും.
Read more… ഉത്തര വധകേസില്‍ സൂരജിന്റെ അച്ഛനെ അറസ്റ്റു ചെയ്തു. അമ്മ രേണുകയും സഹോദരി സൂര്യയും കസ്റ്റഡിയില്‍
വിവാഹസമയത്ത് 98 പവന്‍ സ്വര്‍ണം അണിയിച്ചാണ് ഉത്തരയുടെ വിവാഹം നടത്തിയത്. കുട്ടിയുടെ ചരടുകെട്ട് സമയത്ത് 12 പവന്‍ സ്വര്‍ണംകൂടി നല്‍കിയിരുന്നു. ഇതില്‍ 11 പവന്‍ മാത്രമാണ് ഉത്തര പതിവായി ദേഹത്ത് അണിഞ്ഞിരുന്നതെന്ന് വീട്ടുകാര്‍ പറയുന്നു. ബാക്കി സ്വര്‍ണം ബാങ്കിലെ ലോക്കറില്‍ സൂക്ഷിക്കുകയായിരുന്നു. ഉത്തരയുടെ മരണശേഷം സൂരജ് ഇതിന്റെ സിംഹഭാഗവും എടുത്തതായി കണ്ടെത്തി. മരണത്തില്‍ ഉത്തരയുടെ വീട്ടുകാര്‍ സംശയം പ്രകടിപ്പിക്കുകയും കേസാവുകയും ചെയ്തതോടെ അറസ്റ്റ് ഉണ്ടാവുമെന്ന് ഭയന്ന് കൈവശമുണ്ടായിരുന്ന സ്വര്‍ണം പിതാവ് സുരേന്ദ്രപ്പണിക്കരെ സൂരജ് ഏല്‍പ്പിച്ചിരുന്നു. ഈ സ്വര്‍ണം പുരയിടത്തില്‍ കുഴിച്ചിട്ടനിലയില്‍ പിന്നീട് കണ്ടെത്തുകയായിരുന്നു. സ്വത്തിനുവേണ്ടി ഭര്‍തൃവീട്ടുകാര്‍ നടത്തിയ അരുംകൊലയാണിതെന്ന് ബോധ്യമായതോടെ കേസിന്റെ തുടരന്വേഷണവും അനന്തര നടപടികളും കാത്തിരിക്കുകയാണ് ഏവരും.