ന്യൂഡല്‍ഹി: കൊറോണ വ്യാപനത്തിന്റെ ഏറ്റവും കൂടിയ അവസ്ഥ ഇന്ത്യയില്‍ വരാനിരിക്കുന്നതേയുള്ളൂവെന്ന് മെഡിക്കല്‍ കൗണ്‍സില്‍ വ്യക്തമാക്കി. സമൂഹവ്യാപനമെന്ന് പറയുന്നതിനുപകരം രോഗവ്യാപനം എത്രത്തോളമെന്നു മനസിലാക്കുകയാണ് ആദ്യം വേണ്ടതെന്നും ഐസിഎംആറിലെ വിദഗ്ധ ഡോ. നിവേദിത ഗുപ്ത പറഞ്ഞു. കൊവിഡ് വ്യാപനം തടയാനുള്ള ഇന്ത്യയുടെ ഇടപെടലുകള്‍ ഫലപ്രദമാണ്. മരണനിരക്ക് കുറയ്ക്കുന്നതിലും ഏറെ നേട്ടമുണ്ടാക്കി. മരണങ്ങളെല്ലാം കൊവിഡ് മൂലമല്ല. ഇന്ത്യയിലെ കൊവിഡ് മരണത്തില്‍ 73 ശതമാനത്തിനും മറ്റ് ഗുരുതര രോഗങ്ങള്‍കൂടി ഉണ്ടായിരുന്നു.
രാജ്യത്ത് 681 ലബോറട്ടറികളില്‍ കൊവിഡ് പരിശോധനാ സൗകര്യമുണ്ട്. ഇതില്‍ 205 എണ്ണം സ്വകാര്യമേഖലയിലാണ്. ദിവസവും 1.2 ലക്ഷം കൊവിഡ് പരിശോധനകള്‍ നടത്തുന്നു. കൊവിഡ് വ്യാപനത്തിന്റെ തോത് വിലയിരുത്താന്‍ എല്ലാ സംസ്ഥാനങ്ങള്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയ ജോ. സെക്രട്ടറി അഗര്‍വാള്‍ പറഞ്ഞു. സംസ്ഥാനങ്ങള്‍ക്ക് താത്കാലിക കൊവിഡ് സെന്ററുകള്‍ സ്ഥാപിക്കാം. രാജ്യത്തെ രോഗമുക്തി 48.07 ശതമാനമാണ്. ഇതുവരെ 95,527 പേര്‍ക്ക് രോഗം ഭേദമായി. മരണം 2.82 ശതമാനമാണ്.