ഉത്തരയുടെ സ്വര്‍ണം ഉപയോഗിച്ചു വാങ്ങിയ സ്വത്തുക്കള്‍ കണ്ടുകെട്ടാതിരിക്കാന്‍ സൂരജിന്റെ പിതാവ് കവിയറ്റ് ഫയല്‍ ചെയ്തിരുന്നു. സ്വത്തിനായി നടത്തിയ അരുംകൊലയില്‍ എല്ലാവര്‍ക്കും മനസ്സറിവെന്ന് സൂചന

തിരുവനന്തപുരം: ഉത്തരയുടെ സ്വര്‍ണം ഉപയോഗിച്ചു വാങ്ങിയ സ്വത്തുക്കള്‍ കണ്ടുകെട്ടാതിരിക്കാന്‍ സൂരജിന്റെ പിതാവ് കവിയറ്റ് ഫയല്‍ ചെയ്തിരുന്നു. സ്വത്തിനായി നടത്തിയതാണ് അരുംകൊലയെന്നും കുടുംബത്തിലെ മറ്റ് എല്ലാവര്‍ക്കും ഇക്കാര്യത്തില്‍ മനസ്സറിവെന്നും സൂചന. സൂരജിന്റെ അറസ്റ്റിന് മുമ്പുതന്നെ സുരേന്ദ്രപ്പണിക്കര്‍ തന്റെ പേരിലുള്ള വസ്തുവകകള്‍ തന്റെകൂടി അനുമതിയില്ലാതെ അറ്റാച്ച് ചെയ്യാന്‍ പാടില്ലെന്നു കാണിച്ച് കവിയറ്റ് നല്‍കിയിരുന്നു.

ഉത്തരയുടെ സ്വര്‍ണംവിറ്റും പണയംവച്ചും തന്റെ പേരില്‍ വാങ്ങിയ വസ്തുവകകള്‍ പൊലീസ് കണ്ടുകെട്ടുമോയെന്ന ഭയത്തില്‍നിന്നാണ് ഇത്തരമൊരു നീക്കം. ഇതിന്റെ നിയമവശങ്ങളെ സംബന്ധിച്ച് കുടുംബാംഗങ്ങള്‍ ഏറെ ഗൃഹപാഠം ചെയ്തശേഷമാണ് സര്‍പ്പദംശനം നടത്തിയിട്ടുള്ളതെന്നു സംശയിക്കുന്നത് ഇതുകൊണ്ടാണ്. സൂരജ് കേസില്‍ ശിക്ഷിക്കപ്പെട്ടാലും സ്വത്തുക്കള്‍ നിയമപരമായി ഉത്തരയുടെ വീട്ടുകാര്‍ക്ക് ലഭിക്കരുതെന്ന വക്രബുദ്ധി ഇതിനു പിന്നിലുണ്ടെന്ന് സാരം.

പാമ്പുകളുമായുള്ള മകന്റെ ചങ്ങാത്തത്തെക്കുറിച്ച് തനിക്ക് അറിയാമായിരുന്നുവെന്ന് സൂരജിന്റെ അച്ഛന്‍ സുരേന്ദ്രപ്പണിക്കര്‍ ക്രൈംബ്രാഞ്ചിന് മൊഴി നല്‍കി. പാമ്പുപിടിത്തക്കാരുമായി സൂരജിന് സൗഹൃദമുണ്ടായിരുന്നതായും പാമ്പുകളെപ്പറ്റി കൂടുതല്‍ കാര്യങ്ങള്‍ പഠിക്കാനും അറിയാനും അവയുമായി അടുത്തിടപഴകാനും ശ്രമിച്ചിരുന്നതായും ഇയാള്‍ മൊഴി നല്‍കിയിട്ടുണ്ട്. ഉത്തരയുടെ വീട്ടില്‍നിന്ന് തനിക്ക് വാഹനം വാങ്ങാനും മറ്റാവശ്യങ്ങള്‍ക്കും സാമ്പത്തികമായി വന്‍തോതില്‍ സഹായം ലഭിച്ചിരുന്നുവെന്നും സുരേന്ദ്രപ്പണിക്കര്‍ പറഞ്ഞു. സൂരജിന്റെ മാതാവ് രേണുകയേയും സഹോദരി സൂര്യയേയും ചോദ്യംചെയ്യുന്നതോടെ ചിത്രം കുടുതല്‍ വ്യക്തമാവുമെന്നാണ് അന്വേഷണസംഘം കരുതുന്നത്.

Share
അഭിപ്രായം എഴുതാം